വർഗീയത പറഞ്ഞ് വോട്ടുപിടുത്തം: ബിജെപി സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

By Web TeamFirst Published Mar 23, 2021, 11:43 AM IST
Highlights

ഹിന്ദു പെൺകുട്ടികളെ സിറിയയിലേക്ക് കടത്തുന്നുവെന്നും  തീവ്രവാദികളുടെ എണ്ണം വർധിപ്പിക്കാൻ 60 പേരുടെയൊക്കെ ഭാര്യയാക്കുന്നുവെന്നും ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി ആരോപിച്ചിരുന്നു. 

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.  ഹിന്ദു പെൺകുട്ടികളെ സിറിയയിലേക്ക് കടത്തുന്നുവെന്നും  തീവ്രവാദികളുടെ എണ്ണം വർധിപ്പിക്കാൻ 60 പേരുടെയൊക്കെ ഭാര്യയാക്കുന്നുവെന്നും ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി ആരോപിച്ചിരുന്നു. ആലപ്പുഴയിലെ ഒരു കയര്‍  ഫാക്ടറിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയപ്പോഴാണ് സന്ദീപ് വര്‍ഗീയ പ്രചരണം നടത്തിയത്.  

ഹിന്ദു പെണ്‍കുട്ടികളെ വലയിലാക്കുന്നത് തടയാന്‍ ഇടത് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, എന്നിട്ട് മതേതരത്വം പറയുകയാണെന്നും ആലോചിച്ച് വോട്ട് ചെയ്യണമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു.  എസ്ഡിപിഐയുടെ ജില്ലാ  പ്രസിഡന്റും അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥിയുമായ എംഎം താഹിറാണ് ബിജെപി സ്ഥാനര്‍ഥി സന്ദീപ് വാചസ്പതിക്കെതിരെ പരാതി നല്‍കിയത്.   

മതസ്പര്‍ദ വളര്‍ത്തുന്ന പ്രചാരണം നടത്തിയ സന്ദീപ് വാചസ്പതിയെ അയോഗ്യനാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയില്‍ പറയുന്നത്. ജില്ലാ പോലീസിനും  പരാതി നല്‍കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തി സന്ദീപ് വാചസ്പതിക്കെതിരെ കേസെടുക്കണമെന്ന് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.  

click me!