ജയിക്കാമായിരുന്ന സീറ്റിൽ പാര്‍ട്ടി തോൽപ്പിച്ചു; സിപിഎമ്മിനെതിരെ തുറന്നടിച്ച് സിന്ധു ജോയ്

By Web TeamFirst Published Feb 9, 2019, 6:44 PM IST
Highlights

സിപിഎമ്മിലെ കടുത്ത വിഭാഗീതയും,സിപിഎം പ്രവര്‍ത്തകരിൽ നിന്നു തന്നെ ഉണ്ടായ അപകീർത്തി പ്രചാരണവും കൊണ്ടാണ് 2009 ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് തോറ്റത്. ഒരു തിരിച്ച് വരവ് ഭാവിയിൽ സംഭവിക്കുക തന്നെ ചെയ്യുമെന്ന് സിന്ധു ജോയ് 

കൊച്ചി: രണ്ട് പതിറ്റാണ്ടോളം ഇടതുപക്ഷ യുവജനപ്രസ്ഥാനത്തിന്‍റെ പെൺശബ്ദമായിരുന്നു സിന്ധു ജോയി. സ്വാശ്രയ സമരം തുടങ്ങി എസ്എഫ്ഐയുടെ നൂറുക്കണക്കിന് സമരങ്ങളുടെ മുഖമായിരുന്ന സിന്ധു ജോയ് 2006 ലാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ചാവേറാക്കി സിപിഎം മത്സരത്തിനിറക്കി.

2009 ൽ കോൺഗ്രസിലെ പ്രബലനായ കെ വി തോമസിനെതിരെ എറണാകുളത്ത് മത്സരിക്കാൻ പാർട്ടി നിയോഗിച്ചപ്പോഴും അമിത പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെന്ന് സിന്ധു ജോയി പറയുന്നു. പക്ഷേ ആദ്യഘട്ടം പിന്നിട്ടപ്പോഴേക്കും കനത്ത മത്സരമുണ്ടാക്കാൻ  സിന്ധുവിന് കഴിഞ്ഞു. പക്ഷേ തന്നെ തോൽപിക്കാൻ തന്ത്രങ്ങൾ മെനയുന്ന പാര്‍ട്ടിക്കാരായിരുന്നു അന്ന് തനിക്ക് ചുറ്റും ഉണ്ടായിരുന്നതെന്ന്  സിന്ധു തുറന്നടിക്കുന്നു. 

 സിപിഎമ്മിലെ കടുത്ത വിഭാഗീതയും,സിപിഎം പ്രവര്‍ത്തകരിൽ നിന്നു തന്നെ ഉണ്ടായ അപകീർത്തി പ്രചാരണവും കൊണ്ടാണ് 2009 ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് നിന്ന് പതിനായിരത്തോളം വോട്ടിന് താൻ തോറ്റെതെന്ന് ഡോ.സിന്ധു ജോയ് പറയുന്നു.  2009 ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് സിപിഎമ്മുമായുള്ള അകൽച്ച തുടങ്ങിയത് എന്ന് പറയാനും സിന്ധുജോയിക്ക് മടിയില്ല. 

ഈ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് പാർട്ടി ഫോറത്തിൽ തന്നെ പരാതി നൽകാമായിരുന്നുവെന്ന് പിന്നീട് തോന്നി. കോൺഗ്രസിലെത്തിയെങ്കിലും അവിടെയും അധികനാൾ പ്രവർത്തിക്കാനാകുന്ന സാഹചര്യമുണ്ടായില്ല. എന്നാൽ ഒരു തിരിച്ച് വരവ് ഭാവിയിൽ സംഭവിക്കുക തന്നെ ചെയ്യുമെന്നാണ് യുകെയിലെ പ്രവാസജീവിതത്തിൽ നിന്ന് കൊച്ചിയിലെത്തിയ  സിന്ധു ജോയിയും ഭർത്താവ് ശാന്തിമോൻ ജേക്കബും പറയുന്നത് 

ഈ മാസം അവസാനം തന്നെ യുകെയിലേക്ക് മടങ്ങണം. പക്ഷേ എത്ര തിരക്കുണ്ടായാലും തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലെത്തി വോട്ടവകാശം വിനിയോഗിക്കും. അങ്ങനെ അവസാനിപ്പിക്കാനല്ല പോരാട്ടം തുടങ്ങിയതെന്ന് സിന്ധു ജോയ് പറഞ്ഞ് വയ്ക്കുന്നുണ്ട്.

click me!