കോണ്‍ഗ്രസിന് തിരിച്ചടി; അഖിലേഷ് യാദവും മായാവതിയും ഉറച്ച തീരുമാനത്തില്‍

By Web TeamFirst Published Dec 19, 2018, 5:59 PM IST
Highlights

യുപി പിടിക്കുന്നവര്‍ ഇന്ത്യ ഭരിക്കുമെന്ന പൊതുധാരണ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ട്. അതിനാല്‍  യുപിയില്‍ പ്രബല പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിക്കുമ്പോള്‍ അവരും ബിജെപിയും തമ്മിലാണ് മത്സരം കടുക്കുക

ലക്നൗ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ വിജയിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വമ്പന്‍ തിരിച്ചുവരവ് നടത്തിയ കോണ്‍ഗ്രസിന് യുപിയില്‍ നിന്ന് തിരിച്ചടി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് വിശാല സഖ്യം രൂപീകരിച്ച് ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കാന്‍ തന്ത്രങ്ങള്‍ കോണ്‍ഗ്രസ് മെനയുമ്പോള്‍ യുപിയിലെ പ്രബല പാര്‍ട്ടികളായ എസ്പിയും ബിഎസ്പിയും മാറി ചിന്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഖിലേഷ് യാദവിന്‍റെ സമാജ്‍വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയും സഖ്യമായി ഉപതെരഞ്ഞെടുപ്പുകളെ നേരിട്ടപ്പോള്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കാനായത്. ഇതോടെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഈ സഖ്യം തുടരാനുള്ള തീരുമാനമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ ആ സഖ്യത്തില്‍ കോണ്‍ഗ്രസിന് സ്ഥാനമില്ലായിരിക്കുമെന്നും സൂചനയുണ്ട്. യുപി പിടിക്കുന്നവര്‍ ഇന്ത്യ ഭരിക്കുമെന്ന പൊതുധാരണ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ട്. അതിനാല്‍  യുപിയിലെ പ്രബല പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിക്കുമ്പോള്‍ അവരും ബിജെപിയും തമ്മിലാണ് മത്സരം കടുക്കുക.

ഇതോടെ അവിടെ കോണ്‍ഗ്രസിന് ബിജെപിയെയും എസ്പി-ബിഎസ്പി സഖ്യത്തെയും മെരുക്കാനുള്ള തന്ത്രങ്ങള്‍ മെനയേണ്ടി വരും. ആകെയുള്ള സീറ്റുകള്‍ പകുതിയായി വിഭജിച്ച് എസ്പി ബിഎസ്പിയും സഖ്യമായി മത്സരിക്കാമെന്ന ധാരണയാണ് ഇപ്പോള്‍ രണ്ട് പാര്‍ട്ടികളും തമ്മിലുണ്ടായിരിക്കുന്നത്. രാഷ്ട്രീയ ലോക് ദളും ഈ സഖ്യത്തിനൊപ്പം ചേരുമെന്നാണ് വിവരം.

മായാവതിയുടെ പിറന്നാള്‍ ദിനമായ 2019ല്‍ സഖ്യപ്രഖ്യാപനം നടക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ അഖിലേഷ് യാദവും മായാവതിയും വിട്ടു നിന്നിരുന്നു.

ഇതിന് ശേഷമാണ് സഖ്യം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ച ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍റെ വാക്കുകളെ നേരത്തെ അഖിലേഷ് യാദവ് തള്ളിയിരുന്നു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിന് മുമ്പ് വിശാല സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇവരില്‍ ആര്‍ക്കെങ്കില്‍ പ്രധാനമന്ത്രിയെ സംബന്ധിച്ച് അഭിപ്രായമുണ്ടെങ്കില്‍ അത് അവരുടെ മാത്രമാണെന്നാണ് അഖിലേഷ് പറഞ്ഞത്. 

click me!