
ഗ്വാളിയര്‍: എ ബി വാജ്പേയിയുടെ സ്മരണ ഉണർത്തിയുള്ള പ്രചരണം ബിജെപി നടത്തുമ്പോഴും ഗ്വാളിയറിൽ വാജ്പേയിയുടെ കുടുംബ വീട്ടിൽ അതിന്‍റെ ആരവങ്ങളില്ല. വാജ്പേയി ജനിച്ച വീട്ടിൽ ഇന്ന് ജ്യേഷ്ഠൻറെ മകളും കുടുംബവുമാണ് താമസം.
ഗ്വാളിയറിലെ ഷിൻഡെ കി ചാവ്നി. ഇടുങ്ങിയ ഗലികളിലൂടെ മുന്നോട്ടു നീങ്ങിയാൽ ഒരു രണ്ടു നില വീടിനു മുന്നിലെത്തും. പഴകിയ ഒരു വീട്. മുന്നിൽ ഒരു വായനശാലയുണ്ട്. ഞങ്ങൾ എത്തിയപ്പോൾ വായനശാല അടച്ചിട്ടിരിക്കുകയായിരുന്നു. മുകളിലെത്തിയപ്പോൾ വീട്ടിലെ താമസക്കാർ പുറത്തേക്കു വന്നു. കാന്തി മിശ്രയും ഒപി മിശ്രയും. എബി വാജ്പേയിയുടെ ജ്യേഷ്ഠൻറെ മകളാണ് കാന്തി മിശ്ര. കാന്തിയുടെ ഭർത്താവ് ഒപി മിശ്രയും സർക്കാർ സർവ്വീസിലായിരുന്നു.ഒരു ക്രിസ്മസ് രാത്രിയിൽ അടുത്തുള്ള പള്ളിയിൽ മണിമുഴങ്ങുമ്പോഴായിരുന്നു വാജ്പേയിയുടെ ജനനം. വീട്ടിൽ പിന്നീട് മാറ്റങ്ങൾ വന്നു. വായനശാല തുടങ്ങാനും വാജ്പേയി തന്നെയാണ് നിർദ്ദേശിച്ചത്. പ്രധാനമന്ത്രിയായപ്പോഴും വാജ്പേയി ഗ്വാളിയറിൽ എത്തുമായിരുന്നു. മേളകൾ കാണുമായിരുന്നു
വീട്ടിലെ ഈ ചെറിയ മുറിയിലാണ് വാജ്പേയി ഒരു കാലത്ത് യോഗങ്ങൾ നടത്തിയിരുന്നത്. ഇപ്പോഴത്തെ പല മുതിർന്ന നേതാക്കളും അന്ന് വാജ്പേയിയെ കാണാൻ ഇവിടെ എത്തുന്നത് കാന്തി മിശ്ര ഓർക്കുന്നു. കുടുംബത്തിലെ വിവാഹങ്ങൾക്കും പ്രധാനമന്ത്രിയായിരുന്നപ്പോഴും വാജ്പേയി എത്തി
വാജ്പേയിയുടെ സഹോദരീപുത്രൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. മറ്റൊരു അന്തരവൾ കരുണാ മിശ്ര ചത്തീസ്ഗഡിൽ കോൺഗ്രസിൽ ചേർന്ന് മത്സരിച്ചു. എന്നാൽ ആരെയും വാജ്പേയി വഴിവിട്ട് സഹായിച്ചില്ല എന്നാണ് കുടുംബാംഗങ്ങളുടെ വിശദീകരണം.