2019 ലോക് സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് ശ്രീജിത്ത് പന്തളം; കുറിപ്പിന് പിന്നിലെ വാസ്തവം ഇതാണ്

By Web TeamFirst Published Jan 26, 2019, 4:39 PM IST
Highlights

കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന ഒരു സംസ്ഥാനത്ത് ആര്‍എസ്എസുകാരന് ഈ അവസ്ഥ തന്നെയാണ് വരികയെന്നും ശ്രീജിത്ത് പന്തളം. വ്യാപകമാവുന്ന ട്രോളുകളേക്കുറിച്ചും പരിഹാസത്തേക്കുറിച്ചും പ്രതികരിക്കാനില്ലെന്നും ശ്രീജിത്ത് പന്തളം  

പന്തളം: സ്റ്റുഡിയോയിലെ തിരക്കുകള്‍ മൂലം 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് തന്റെ പേരില്‍ പ്രചരിക്കുന്ന കുറിപ്പ് വ്യാജമെന്ന് ശ്രീജിത്ത് പന്തളം. ചില സുഹൃത്തുക്കള്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏപ്രിൽ മെയ് മാസങ്ങളിൽ എന്റെ സ്റ്റുഡിയോയിൽ ഒത്തിരിപ്പേർ വിവാഹങ്ങൾക്ക് നേരത്തെ ബുക്ക് ചെയ്തവരുണ്ട്. അതിന്റെ തിരക്കിലായതിനാല്‍ മല്‍സരിക്കാനില്ല.നിര്‍ബന്ധമാണെങ്കില്‍ 2024 ൽ നടക്കുന്ന അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നായിരുന്നു ശ്രീജിത്ത് പന്തളത്തിന്റെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് കുറിപ്പ്.

എന്നാല്‍ ഈ ഫേസ്ബുക്ക് കുറിപ്പ് തന്റേതല്ലെന്നും തന്റെ പേരില്‍ മറ്റാരോ തുടങ്ങിയ അക്കൗണ്ടാണ് ഇതെന്നും ശ്രീജിത്ത് പറയുന്നു. തന്റെ പേരിലുള്ള വ്യാജ പ്രൊഫൈലുകളെക്കുറിച്ച് നേരത്തെ തന്നെ പൊലീസില്‍ പരാതിപ്പെട്ടിട്ടുള്ളതാണെന്നും ശ്രീജിത്ത് പന്തളം വ്യക്തമാക്കി. തന്റെ പേരിലുള്ള അക്കൊണ്ടുകള്‍ക്ക് റീച്ച് കൂടുതല്‍ ലഭിക്കുന്നതിനാല്‍ വ്യാജ സന്ദേശം പരത്താന്‍ പലരും തന്റെ പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ശ്രീജിത്ത് പന്തളം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട്  പ്രതികരിച്ചു. 

വ്യാജ അക്കൗണ്ടുകളേക്കുറിച്ച് സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയില്‍ ഇതുവരെയും നടപടിയൊന്നും ആയിട്ടില്ല. ഒരിക്കല്‍ പോലും വിവരങ്ങള്‍ തിരക്കി പൊലീസുകാര്‍ വിളിച്ചിട്ടില്ലെന്നും ശ്രീജിത്ത് പന്തളം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന ഒരു സംസ്ഥാനത്ത് ആര്‍എസ്എസുകാരന് ഈ അവസ്ഥ തന്നെയാണ് വരികയെന്നും ശ്രീജിത്ത് പന്തളം പറഞ്ഞു. വ്യാപകമാവുന്ന ട്രോളുകളേക്കുറിച്ചും പരിഹാസത്തേക്കുറിച്ചും പ്രതികരിക്കാനില്ലെന്നും ശ്രീജിത്ത് പന്തളം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കി. 

click me!