
സുല്‍ത്താന്‍ബത്തേരി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നാലിടത്തും ബിജെപി (BJP) വിജയിച്ചത് ജനങ്ങളുടെ വിജയമാണെന്ന് സുരേഷ് ഗോപി എംപി (Suresh Gopi). സാധാരണക്കാരുടെ അടുത്ത് എത്തിയാണ് ബിജെപി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിജയം ഉറപ്പിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് സംസാരിക്കുകയായിരുന്നു ബിജെപി രാജ്യസഭ എംപി കൂടിയായ സുരേഷ് ഗോപി.
യുപിയില്‍ നിന്നും ഭയന്നോടി വയനാട്ടില്‍ അഭയം തേടിയ രാഹുല്‍ ഗാന്ധി എന്ത് പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നതെന്ന് ജനം തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് വിജയം അദ്ദേഹം ജില്ലയിലെ ബി.ജെ.പി. പ്രവർത്തകർക്കൊപ്പം മധുരം പങ്കുവെച്ചാണ് ആഘോഷിച്ചത്.
ബത്തേരിയിൽ നടന്ന ആഹ്ലാദപ്രകടനത്തിനും എം.പി. നേതൃത്വം നൽകി. ബി.ജെ.പി. സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, ജില്ലാപ്രസിഡന്റ് കെ.പി. മധു തുടങ്ങി സംസ്ഥാന, ജില്ല നേതാക്കള്‍ പങ്കെടുത്തു.
4 സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തേരോട്ടം; പഞ്ചാബ് തൂത്തുവാരി ആപ്പ്, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ (Five State Assembly Elections) ബിജെപിയുടെ (BJP) തേരോട്ടം. യുപിയിലും ഉത്തരാഖണ്ഡിലും ചരിത്രം കുറിച്ച് ഭരണത്തുടർച്ചയാണ് ബിജെപി നേടിയിരിക്കുന്നത്. ഗോവയിലും മണിപ്പൂരിലും ബിജെപി ഭരണമുറപ്പിച്ചു. തെരഞ്ഞെടുപ്പില്‍ ആംആദ്മി പാർട്ടി പഞ്ചാബ് തൂത്തുവാരി. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർന്നടിഞ്ഞു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തേരോട്ടം ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി ബിജെപിയെ മാറ്റുകയാണ്. യുപിയിലെ വിജയം ബിജെപിയുടെ രാഷ്ട്രീയ ഡിഎന്‍എയെ തന്നെ മാറ്റിയെഴുതി. കാര്‍ഷിക നിയമങ്ങളടക്കം പിന്മാറിയ വിഷയങ്ങളില്‍ കൂടുതല്‍ പരിഷ്ക്കാരവുമായി രംഗത്തെത്തിയേക്കാനുള്ള ഊര്‍ജ്ജം ഇതോടെ ബിജെപിക്ക് കിട്ടുകയാണ്.
കര്‍ഷക സമരത്തില്‍ കടപുഴകുമെന്ന് കരുതിയിടത്ത് ആധികാരവും സമഗ്രവുമായ വിജയമാണ് ബിജെപി നേടിയിരിക്കുന്നത്. പഞ്ചാബിലൊഴികെ നാലിടത്തും ഭരണം പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. യുപിയില്‍ ഇത്തവണ കാലിടറിയിരുന്നെങ്കില്‍ പാര്‍ട്ടിയുടെ ഭാവി സാധ്യത പോലും ചോദ്യം ചെയ്യപ്പെടുമായിരുന്നു. 2024 ലെ വിജയം ഉറപ്പിക്കുന്നതില്‍ ഈ വിജയം ബിജെപിക്ക് നിര്‍ണ്ണായകമാകും. നരേന്ദ്രമോദി തന്നെ ഇപ്പോഴും ജനപ്രിയ നേതാവെന്ന് തെളിയിക്കുന്നതാണ് വിജയമെന്നാണ് ബിജെപിയുടെ അവകാശവാദം. ഏതൊരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെയും കടത്തിവെട്ടും വിധം കേന്ദ്ര നേതൃത്വമൊരുക്കുന്ന തന്ത്രങ്ങളും പ്രവര്‍ത്തന ശൈലിയുമാണ് വിജയത്തിനാധാരം. യഥാര്‍ത്ഥ പ്രത്യയശാസ്ത്രം പുറത്തെടുക്കാന്‍ ഈ വിജയം ബിജെപിക്ക് ധാരാളമാണ്.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ക്കും മൂര്‍ച്ച കൂട്ടാനാകും. കാര്‍ഷിക നിയമങ്ങളുടെ തിരിച്ചടി ഭയന്ന് പിന്മാറേണ്ടി വന്നെങ്കിലും നിയമ പരിഷ്ക്കാര നടപടികളിലടക്കം തിരിയാന്‍ ഈ വിജയം പ്രേരിപ്പിച്ചേക്കാം. കാര്‍ഷിക മേഖലകളില്‍ ഈ തെരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റം തന്നെ അതിന് ഇന്ധനമാകും. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കേ ആ അജണ്ടകളിലേക്ക് തിരിയാനും ഈ തേരോട്ടം ബിജെപിക്ക് ഊര്‍ജ്ജമാകും.
യുപിയില്‍ തുടര്‍ഭരണം 37 വര്‍ഷത്തിന് ശേഷം,മോദിയുടെ പിൻഗാമിയാകുമോ യോഗി?
സംഘപരിവാർ രാഷ്ട്രീയത്തിൽ പുതുചലനം ഉണ്ടാക്കുന്നതാണ് യോഗി ആദിത്യനാഥിന്‍റെ വിജയം. യോഗിയെ മുന്നിൽ നിർത്തിയുള്ള വിജയം മോദിയുടെ പിൻഗാമിയെ നിർണ്ണയിക്കുന്നതിലും പ്രധാനമാകും. ഹിന്ദുത്വ രാഷ്ടീയം ദേശീയ തലത്തിൽ ശക്തമാക്കാനുള്ള നീക്കത്തിനുള്ള അംഗീകാരമായി കൂടി യോഗി നയം മാറുകയാണ്. 37 വർഷത്തിന് ശേഷമാണ് ഉത്തർപ്രദേശിൽ ഒരു തുടർഭരണം ഉണ്ടാകുന്നത്. 1985ൽ കോൺഗ്രസാണ് അവസാനമായി ഉത്തർപ്രദേശിൽ തുടർഭരണം നേടിയത്. അന്ന് വീർ ബഹദുർ സിങിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ് അധികാരത്തുടർച്ച നേടിയത്.
അപ്രതീക്ഷിതമായാണ് ഉത്തർപ്രദേശ് രാഷ്ടീയത്തിലേക്ക് യോഗി ആദിത്യനാഥ് കടന്നുവന്നത്. 2017ൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ നയിച്ചത് കേശവ് പ്രസാദ് മൗര്യയായിരുന്നെങ്കിലും ഉത്തർപ്രദേശിനെ നയിക്കാൻ നിയോഗം യോഗിക്കായിരുന്നു. ശേഷം ഹിന്ദുത്വ രാഷ്ട്രീയത്തിൽ യോഗി നയങ്ങൾക്ക് മേൽക്കൈ കിട്ടുന്നതാണ് കണ്ടത്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ യോഗി പ്രചാരകനാകുന്നതും കണ്ടു. ഉത്തർപ്രദേശിൽ ഇക്കുറി മോദി ആദ്യം പിന്നിൽ നിന്നു. വികസനം തുടക്കത്തിൽ ചർച്ചയാക്കിയ യോഗി പിന്നീട് ധ്രുവീകരണത്തിൻ്റെ ആയുധങ്ങൾ ഒന്നൊന്നായി പുറത്തെടുത്തു. തീവ്രവാദിയായി പോലും അഖിലേഷ് യാദവിനെ മുദ്ര കുത്തി. ബംഗാളും, കേരളവും പോലെ ആകാതിരിക്കണമെങ്കിൽ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞ് ധ്രുവീകരണ ശ്രമം ആളി കത്തിച്ചു.
രണ്ടാം കൊവിഡ് തരംഗത്തിൽ ഏറെ പഴി കേട്ടെങ്കിലും അക്രമരഹിത ഭരണം, സൗജന്യ റേഷൻ, കർശന പോലീസ് നടപടികൾ തുടങ്ങിയ മേന്മകൾ അവകാശപ്പെട്ട് പഴി ദോഷങ്ങളുടെ കറകളയാൻ യോഗിക്കായി. മോദിക്ക് ശേഷം ആരെന്ന ചർച്ച ദേശീയ രാഷ്ടീയത്തിൽ തുടങ്ങി വയ്ക്കാൻ കഴിഞ്ഞതും ആ മെയ് വഴക്കത്തിൻ്റെ ഫലമാണ്. അമിത് ഷായാണ് നേതൃനിരയിൽ രണ്ടാമതെങ്കിലും ഈ പ്രഭാവം നിലനിൽക്കുന്നത് യോഗിക്ക് ഗുണം ചെയ്യും. പാർട്ടിയുമായി കലഹിച്ച ചരിത്രമുണ്ടെങ്കിലും ആ കലഹങ്ങളിലേക്ക് വീണ്ടും മടങ്ങാതിരിക്കാൻ ഈ വിജയം യോഗിയെ പ്രേരിപ്പിക്കും.
ഗോവയിൽ തുടർച്ചയായ മൂന്നാം തവണയും ബിജെപി അധികാരത്തിലേക്ക്
ഗോവയിൽ (Goa) തുടർച്ചയായ മൂന്നാം തവണയും ബിജെപി (BJP) അധികാരത്തിലേക്ക്. കേവലഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രം കുറവുള്ള ബിജെപിക്ക് പിന്തുണയുമായി സ്വതന്ത്രരും എംജിപിയും രംഗത്തെത്തി. എന്നാൽ മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ തർക്കം തുടരുന്നതിനാൽ ഇന്ന് സർക്കാരുണ്ടാക്കാൻ ഗവർണറെ കണ്ട് അവകാശവാദമുന്നയിക്കില്ല.
കൂറ് മാറാതിരിക്കാൻ സത്യം ചെയ്യിച്ചും റിസോർട്ടിൽ പാർപ്പിച്ചും എംഎൽഎമാരെ സംരക്ഷിച്ച കോൺഗ്രസിന് ഇനിയൊന്നും ബാക്കിയില്ല. ഇഞ്ചോടിഞ്ച് പോരാട്ടമെല്ലാം പ്രവചനങ്ങളിൽ മാത്രം ഒതുങ്ങി. കോൺഗ്രസിന്‍റെ പതിനൊന്നും സഖ്യത്തിലുള്ള ജിഎഫ്പിയുടെ ഒരു സീറ്റും ചേർത്താൽ 12 പേർ. മറുവശത്ത് ബിജെപി ഒറ്റയ്ക്ക് 20. ഫലമെല്ലാം വന്ന് തീരും മുൻപ് തന്നെ മൂന്ന് സ്വതന്ത്രർ പിന്തുണ അറിയിച്ചതോടെ 21 എന്ന മാന്ത്രിക സംഖ്യയും മറികടന്നു. പിന്തുണച്ച സ്വതന്ത്രരിൽ ഒരാൾ മൂന്ന് മാസം മുൻപ് വരെ സംസ്ഥാനത്തെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റായിരുന്നു.
അതേസമയം, ഗോവയിൽ പരീക്ഷണത്തിനിറങ്ങിയ മമത സംപൂജ്യയായി മടങ്ങി. ഒപ്പമുണ്ടായിരുന്ന എംജിപി ബിജെപിക്കൊപ്പം പോയി. ആംആദ്മി അക്കൗണ്ട് തുറന്നു. കഴിഞ്ഞ തവണത്തെ വോട്ട് വിഹിതത്തിൽ മാറ്റമൊന്നും ഇല്ലെങ്കിലും രണ്ട് സീറ്റ് അവർക്കും കിട്ടി. പനാജിയിൽ മനോഹർ പരീക്കറിന്‍റെ മകൻ ഉത്പലും മാണ്ഡ്രം മണ്ഡലത്തിൽ വിമതനായിറങ്ങിയ മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറും ബിജെപി സ്ഥാനാർഥികളോട് തോറ്റു. വാൽപോയ് മണ്ഡലത്തിൽ നിന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയും പോരിമിൽ നിന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ദിവ്യയും ജയിച്ചതോടെ വടക്കൻ ഗോവയിൽ ബിജെപി കോട്ടയുടെ കരുത്ത് കൂട്ടി.
പ്രതിപക്ഷത്തെ പാർട്ടികളെല്ലാം ചേർന്ന് വോട്ട് വിഭജിച്ച് കളഞ്ഞെന്നാണ് കോൺഗ്രസ് നേതാവ് പി. ചിദംബരം തോൽവിക്ക് കാരണം നിരത്തിയത്. അധികാരം കിട്ടുമെന്നായെങ്കിലും ബിജെപിയിൽ തർക്കങ്ങൾ തുടങ്ങിയിട്ടേയുള്ളൂ. പ്രമോദ് സാവന്ദോ വിശ്വജിത്ത് റാണെയോ ആരാവും മുഖ്യമന്ത്രിയെന്നതാണ് തർക്കം.കത്തോലിക്കക്കാരനായ നിലേഷ് ഖബ്രാലിനെ പരിഗണിക്കാമെന്ന് ഒരു വിഭാഗം. തീരുമാനം കേന്ദ്രത്തിന് വിട്ടതോടെ ഇന്ന് തന്നെ ഗവർണറെ കണ്ട് അധികാരത്തിന് അവകാശവാദമുന്നയിക്കാനുള്ള നീക്കം ഉപേക്ഷിച്ചു.
മണിപ്പൂരിൽ ഭരണത്തുടർച്ച; ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി
ഇംഫാല്‍: പ്രവചനങ്ങൾ ശരിവച്ച് മണിപ്പൂരിൽ (Manipur) ഭരണത്തുടർച്ചയുറപ്പിച്ച് ബിജെപി (BJP). തുടർച്ചയായി രണ്ടാം തവണയും മണിപ്പൂരിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കും. മുപ്പത്തിയൊന്ന് സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഒൻപത് സീറ്റുകൾ നേടി എൻപിപി വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. മണിപ്പൂരിൽ ഉറച്ച വേരുകളുണ്ടായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
കഴിഞ്ഞ തവണത്തേത് പോലെ എൻപിപിയുടെയോ, എൻപിഎഫിന്‍റെയോ പിന്തുണ ഇത്തവണ ബിജെപിക്ക് വേണ്ടി വരില്ല. വികസനം പറഞ്ഞ് വോട്ടു പിടിച്ച ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനായി. മുഖ്യമന്ത്രി ബിരേൺ സിംഗ്,വിദ്യാഭ്യാസ മന്ത്രി രാധേശ്യാം തുടങ്ങിയ ബിജെപിയുടെ താര സ്ഥാനാർത്ഥികള്‍ അധികവും വിജയിച്ചു. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ഫലം വന്ന ശേഷം ബിരേൺ സിംഗ് പ്രതികരിച്ചു.
മത്സരിച്ച ഇരുപത് മണ്ഡലങ്ങളിൽ ഒന്‍പത് സീറ്റ് നേടിയ നാഷണൽ പീപ്പിൾസ് പാർട്ടി ഇതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കരുത്തുറ്റ കക്ഷിയായി മാറി. പതിനഞ്ച് വർഷം തുടർച്ചയായ മണിപ്പൂർ ഭരിച്ച കോൺഗ്രസിന് ഇത്തവണ രണ്ടക്കത്തിൽ പോലും എത്താൻ കഴിഞ്ഞില്ല. പരാജയപ്പെട്ടവരിൽ മണിപ്പൂർ പിസിസി പ്രസിഡന്‍റ് എൻ. ലോകൻ സിംഗുമുണ്ട്. നാഗ ഗോത്ര മേഖലകളിൽ മാത്രം മത്സരിച്ച എൻപിഎഫിന് കോൺഗ്രസിനേക്കാൾ സീറ്റ് നേടാനായി. ഇതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് തന്നെ കോൺഗ്രസ് പാടെ തുടച്ചു.
ആപ്പിന്‍റെ തേരോട്ടം;പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, അകാലിദളും അപ്രസക്തമായി
ചണ്ഡീഗഡ്: പഞ്ചാബിൽ (Punjab) ആം ആദ്മി പാർട്ടിയുടെ (AAP Party) കന്നി ജയം ആധികാരികം. എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചാണ് എ എ പി അധികാരത്തിൽ എത്തുന്നത്. സംസ്ഥാനത്തെ സമസ്ത മേഖലകളിലും ആപ്പിൻ്റെ മുന്നേറ്റമാണ് കണ്ടത്. മൂന്ന് മേഖലകളിലും എ എ പി ഭൂരിപക്ഷ സീറ്റുകളും നേടി. ആപ്പിൻ്റെ തേരോട്ടത്തിൽ കോൺഗ്രസ് തകർന്ന് അടിഞ്ഞു. ശിരോമണി അകാലിദളും അപ്രസക്തമായി. മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു. കോൺഗ്രസിൻ്റെയും ശിരോമണി അകാലിദളിൻ്റെയും പ്രമുഖ നേതാക്കളും അമരീന്ദ്ര സിങും പരാജയപ്പെട്ടു.
കോൺഗ്രസിൻ്റെയും ശിരോമണി അകാലിദളിൻ്റെയും പരമ്പരാഗത വോട്ടുകളിലും ആം ആദ്മി പാര്‍ട്ടി വിള്ളൽ വീഴ്ത്തി. എല്ലാ പാർട്ടികളിലെയും വലിയ നേതാക്കളെയും എ എ പി സ്ഥാനാർത്ഥികൾ തറപറ്റിച്ചു. മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ഛന്നിയെ ചാംകൂർ സാഹിബിലും ബദൗറിലും വീഴ്ത്തിയത് എ എ പി സ്ഥാനാർത്ഥികളാണ്. താര പോരാട്ടം നടന്ന അമൃത്സർ ഈസ്റ്റിൽ നവജ്യോത്സിങ്ങ് സിനെയും ബിക്രം മജീതിയയെയും തോൽപിച്ചത് സമൂഹിക പ്രവർത്തക ജീവൻ ജ്യോത് കൗറാണ്. ശിരോമണി അകാലിദൾ നേതാക്കളായ പ്രകാശ് സിങ്ങ് ബാദലും സുഖ്ബീർ സിങ് ബാദലിനും അടപതറിയത് എ എ പി യുടെ സാധാരണക്കാരായ സ്ഥാനാർത്ഥികളോടാണ്. കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം മത്സരിച്ച ക്യാപ്റ്റൻ സിങ്ങിനും സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
ദളിത് വോട്ടുകൾ ലക്ഷ്യമിട്ട് ഛന്നിയെ മുൻനിർത്തി നടത്തിയ പരീക്ഷണവും കോൺഗ്രസിനെ തുണച്ചില്ല. പാർട്ടിയിലെ ഉൾപ്പോരും വടംവലിയും പ്രചാരണത്തിലെ ഏകോപനവും വീഴ്ച്ചകളായപ്പോൾ പഞ്ചാബിലെ ജനങ്ങൾ വികസനത്തിന് വോട്ട് ചോദിച്ച ആം ആദ്മി പാർട്ടിക്ക് വോട്ട് കുത്തി. ശിരോമണി അകാലിദളിന് സ്വന്തം ശക്തികേന്ദ്രങ്ങൾ കൂടിയാണ് ഈ തെരഞ്ഞെടുപ്പിൽ നഷ്ടമായത്. പ്രമുഖ നേതാക്കളുടെ തോൽവി അകാലിദളിൽ ഭിന്നസ്വരം ഉയരാൻ കാരണമാകും. മാത്സാ മേഖലയിലെ തോൽവി അകാലിദളിൻ്റെ രാഷ്ട്രീയ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. മത സമുദായിക ഘടകങ്ങൾക്കപ്പുറം പഞ്ചാബ് വോട്ട് നൽകി എന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധയേമാക്കുന്നത്.
ഉത്തരാഖണ്ഡില്‍ തുടര്‍ഭരണം നേടി ബിജെപി
ചരിത്രത്തില്‍ ആദ്യമായി ഉത്തരാഖണ്ഡില്‍ തുടര്‍ഭരണം നേടി ബിജെപി. 48 സീറ്റിന്‍റെ വ്യക്തമായ മുന്‍തൂക്കവുമായി ബിജെപി ഭരണം ഉറപ്പിച്ചു. സംസ്ഥാനത്ത് വന്‍ മുന്നേറ്റം നേടിയപ്പോഴും മുഖ്യമന്ത്രി പുഷ്പര്‍ സിങ് ധാമി പരാജയപ്പെട്ടു. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹരീഷ് റാവത്ത് അടക്കം പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ വലിയ ഭൂരിപക്ഷത്തില്‍ തോറ്റു. ഉത്തരാഖണ്ഡ് രൂപീകരണ ശേഷം ഇതുവരെയും ഒരു പാര്‍ട്ടിയും ഭരണത്തുടര്‍ച്ച നേടിയിരുന്നില്ല. ആ ചരിത്രം ബിജെപി ഇന്ന് തിരുത്തി. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന എക്സിറ്റ് പോള്‍ സര്‍വ്വേകള്‍ വെറുതെയായി. ബിജെപി നേടിയത് വന്‍ മുന്നേറ്റമാണ്.
കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രങ്ങള്‍ പോലും ഇളകി. ഉറച്ച മണ്ഡലമായ ലാല്‍ക്വാന്‍ ആദ്യമായി കോണ്‍ഗ്രസിനെ കൈവിട്ടു. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരിഷ് റാവത്ത് 14000 ത്തിലധികം വോട്ടുകള്‍ക്ക് ബിജെപിയോട് പരാജയപ്പെട്ടു. ഭരണവിരുദ്ധ വികാരവും വികസനവും ഛാര്‍ദാം ബില്ലും വിഷയമാക്കിയ പ്രചാരണം കോണ്‍ഗ്രസിനെ തുണച്ചില്ല. രജപുത്ര ബ്രാഹ്മണ താക്കൂര്‍ വിഭാഗം ഒരേപോലെ ബിജെപിയെ പിന്തുണച്ചു. കോണ്‍ഗ്രസ് വോട്ടുബാങ്കായിരുന്ന ദളിത് പിന്നാക്ക സിക്ക് വോട്ടുകള്‍ ഭിന്നിച്ചു. അക്കൗണ്ട് തുറക്കാനായില്ലെങ്കിലും ആആംഅദ്മി നേടിയ പിന്തുണ കോണ്‍ഗ്രസിന്‍റെ വോട്ടുചോര്‍ച്ചയ്ക്ക് ആക്കം കൂട്ടി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ നേതാക്കള്‍ തുടങ്ങിയ സംഘടനാ പോര് കോണ്‍ഗ്രസിനെ രൂക്ഷമായി ബാധിച്ചു.