ബിഎസ്പി രാജസ്ഥാനിലെ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുമോ? കോൺഗ്രസ് ക്യാമ്പിൽ ആശങ്ക

By Shibu KumarFirst Published Nov 29, 2018, 7:59 PM IST
Highlights

രാജസ്ഥാനിൽ 200 സീറ്റിലും ബിഎസ്പി ഒറ്റയ്ക്ക് മല്‍സരിക്കുന്ന ബിഎസ്പി കോൺഗ്രസിന് വെല്ലുവിളിയാകുമോ? ബിജെപി വിരുദ്ധ ദളിത് വോട്ടുകൾ ബിഎസ്പി ഭിന്നിപ്പിച്ചേക്കും. അഞ്ച് ശതമാനം വോട്ടെങ്കിലും ബിഎസ്പി നേടിയാൽ അത് നിർണ്ണായകമാകാൻ ഉള്ള സാധ്യത തള്ളിക്കളയാനാകില്ല.

ജയ്പൂർ: രാജസ്ഥാനിലെ ദളിത് വോട്ടുകള്‍ പരന്പരാഗതമായി കോണ്‍ഗ്രസിനെയാണ് തുണയ്ക്കുന്നത്. ആ ചരിത്രമുള്ള സംസ്ഥാനത്ത് ഇത്തവണ 200 സീറ്റിലും ബിഎസ്പി ഒറ്റയ്ക്കാണ് മല്‍സരിക്കുന്നത്.  ബിഎസ്പി വെല്ലുവിളിയാകില്ലെന്ന് കോൺഗ്രസ് ആവർത്തിക്കുമ്പോഴും ഒറ്റയ്ക്കുള്ള മല്‍സരം രാജസ്ഥാനിലെ ബിജെപി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിച്ചേക്കും.

ബിഎസ്പിയുടെ കൊടി രാജസ്ഥാനിൽ ഏറ്റവും ഉയരത്തിൽ പാറിയത് 2008 ലാണ്. 7.6 ശതമാനം വോട്ട് നേടിയ ബിഎസ്പി ആറ് എംഎല്‍എമാരെ വിജയിപ്പിച്ചു. പക്ഷേ ആ വിജയാഹ്ളാദത്തിന് അല്‍പായുസായിരുന്നു. ഏറെ താമസിക്കാതെ ആ ആറ് എംഎല്‍എമാരും കോണ്‍ഗ്രസിൽ ചേക്കേറി. എന്നാൽ 2013ൽ ഹിന്ദുത്വ വികാരം രാജസ്ഥാനിൽ അലടയിച്ചപ്പോള്‍ അതിൽ ദളിതരും അണി ചേര്‍ന്നു. ബി.എസ്.പിയുടെ വോട്ടു വിഹിതം 3.37 ശതമാനമായി കുറഞ്ഞു. നേടിയത് മൂന്ന് സീറ്റ് മാത്രം.

"

2013 ൽ ഒഴികെ  18 ശതമാനത്തോളം വരുന്ന പട്ടിക ജാതിക്കാരിൽ ബഹുഭൂരിപക്ഷവും  കോണ്‍ഗ്രസിനൊപ്പം നിന്ന ചരിത്രമാണ് രാജസ്ഥാനിലേത്. ബിജെപി വിരുദ്ധ വോട്ടുകളുടെ സമാഹരണമെന്ന ലക്ഷ്യത്തിന് ബിഎസ്പിയെ ഒപ്പം ചേര്‍ക്കാൻ തുടക്കത്തിലേ പാര്‍ട്ടി സംസ്ഥാന ഘടകം താല്‍പര്യം കാട്ടിയില്ല. രാജസ്ഥാന്‍റെ കിഴക്കൻ,വടക്കൻ പ്രദേശങ്ങളാണ് ബിഎസ്പിയുടെ ശക്തി കേന്ദ്രങ്ങൾ. മായാവതി മാന്യമായ സീറ്റ് വിഹിതം ചോദിച്ചു, എന്നാൽ കോണ്‍ഗ്രസ് അത് അംഗീകരിച്ചില്ലെന്ന്  ബിഎസ്പി സംസ്ഥാന പ്രസിഡന്‍റ് സീതാറാം മേഘ്‍വാള്‍ പറയുന്നു. ഇതിന്‍റെ തിരിച്ചടി കോണ്‍ഗ്രസിനുണ്ടാവുമെന്നും ബിഎസ്പി നേതൃത്വം കണക്ക് കൂട്ടുന്നുണ്ട്. ദളിതര്‍ക്കെതിരായ അതിക്രമം ബിജെപിക്കെതിരെ കോൺഗ്രസ് ആയുധമാക്കുന്പോഴും ബിജെപിയുടെ ദളിത് അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നുകൂടി ബിഎസ്പി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഓര്‍മിപ്പിക്കുന്നു.

എന്നാൽ കോൺഗ്രസ് ഇത് തള്ളിക്കളയുകയാണ്. ബിഎസ്പി എല്ലായ്പ്പോഴും മല്‍സരിക്കാറുണ്ടെന്നും അത് കാര്യമാക്കുന്നില്ലെന്നും പറഞ്ഞ് നിസ്സാരവൽക്കരിക്കുകയാണ് പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റ് പറയുന്നു. ഏതായാലും  ഇക്കുറി രാജസ്ഥാനിൽ ഹിന്ദുത്വവികാരം നിർണ്ണായക സ്വാധീനമല്ല. അഞ്ച് മുതൽ ഏഴ് വരെ ശതമാനം വോട്ട് ബിഎസ്പി നേടുകയും കോൺഗ്രസും ബിജെപിയും ഒരുപക്ഷേ സീറ്റ് നിലയിലും തുല്യശക്തികളായി വരുകയും ചെയ്താൽ ബിഎസ്പി നിർണ്ണായക ശക്തിയായി മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

click me!