ചന്ദ്രബാബു നായിഡു ഇന്ത്യൻ പ്രധാനമന്ത്രിയാകുമോ? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോൾ ഫലം

By Web TeamFirst Published Feb 8, 2019, 11:15 PM IST
Highlights

'ചന്ദ്രബാബു നായിഡു പ്രധാനമന്ത്രിയാകുമോ?' എന്ന ചോദ്യം ഉന്നയിച്ച ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫേസ്ബുക്ക് പോളിൽ 2500 പേരാണ് വോട്ട് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ 'കോന്‍ ബനേഗാ പിഎം' പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ചന്ദ്രബാബു നായിഡുവിന്‍റെ സാധ്യതകൾ പ്രേക്ഷകരുടെ മുമ്പാകെ ചർച്ചക്ക് വച്ചു. ഫേസ്ബുക്ക് പോളിൽ ഇന്ന് ഞങ്ങള്‍ ചോദിച്ചത് ഈ ചോദ്യമാണ്. സമവായ സർക്കാരിൽ സമ്മതനാകുമോ ചന്ദ്രബാബു നായിഡു? ചന്ദ്രബാബു നായിഡു  പ്രധാനമന്ത്രി ആകുമോ?

തെക്കിന്‍റെ താരമാകുമോ ചന്ദ്രബാബു നായിഡു? 

ഉത്തർപ്രദേശുകാരാണ് ഇന്ത്യ ഭരിക്കേണ്ടത് എന്ന ധാരണ രാജ്യം പലതവണ തിരുത്തിയിട്ടുണ്ട്. അപ്രാപ്യമെന്ന് കരുതിയിരുന്ന പ്രധാനമന്ത്രി പദം തെക്കെ ഇന്ത്യക്കാർക്ക് കരഗതമായത് രണ്ടുതവണയാണ്. രണ്ടും അപ്രതീക്ഷിതമായി. 1991ൽ പി വി നരസിംഹറാവു. 1996ൽ എച്ച് ഡി ദേവഗൗഡ. രാജീവ വധം സൃഷ്ടിച്ച നേതൃശൂന്യതയിൽ നിന്ന് അവിചാരിതമായെത്തിയതാണ് റാവുവെങ്കിൽ, തൃശങ്കുസഭയിലെ ആക്സിഡന്‍റൽ പ്രൈംമിനിസ്റ്ററായിരുന്നു ഗൗഡ. ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ അഭിപ്രായ സർവേകൾ പ്രവചിക്കുന്ന 2019ൽ തെക്കുനിന്നാവുമോ താരോദയം. കിംഗ് മേക്കർ റോളിലുള്ള ചന്ദ്രബാബു നായിഡു കിംഗാവുമോ?

ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോൾ ഫലം

'ചന്ദ്രബാബു നായിഡു പ്രധാനമന്ത്രിയാകുമോ?' എന്ന ചോദ്യം ഉന്നയിച്ച ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫേസ്ബുക്ക് പോളിൽ 2500 പേരാണ് വോട്ട് ചെയ്തത്. 94 ശതമാനം മലയാളികളും ചന്ദ്രബാബു നായിഡു ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാവില്ല എന്ന മറുപടിയാണ് നല്‍കിയത്. അഭിപ്രായം രേഖപ്പെടുത്തിയവരിൽ വെറും 4 ശതമാനം പേര്‍ മാത്രമാണ് ചന്ദ്രബാബു നായിഡു പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞത്.  

സാധ്യതകളുടെ രാഷ്ട്രീയ കളരിയിലെ മർമ്മം അറിയുന്ന തന്ത്രജ്ഞൻ

രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ല. എൻഡിഎ വിട്ട ചന്ദ്രബാബു നായിഡു ഇപ്പോൾ രാഹുൽ ഗാന്ധിക്കൊപ്പമാണ്.  മൂന്നരപ്പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ വൈരമാണ് ടിഡിപി അപ്രതീക്ഷിതമായി അവസാനിപ്പിച്ചത്. ടിഡിപിയുടെ ജനനം തന്നെ കോൺഗ്രസ് വിരുദ്ധ വികാരത്തിൽ നിന്നാണ്. തെലുഗു ആത്മാഭിമാനത്തിന് മുറിവേൽപ്പിച്ച കോൺഗ്രസിനെ തുരത്താൻ രൂപീകരിച്ച പാർട്ടി കോൺഗ്രസിനോട് കൈകോർക്കുമ്പോൾ രാഷ്ട്രീയം സാധ്യതയുടെ കലയാണെന്ന് ആർക്കും സമ്മതിക്കേണ്ടിവരും. ബിജെപി വിരുദ്ധ സഖ്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് നായിഡു ഇപ്പോൾ. 2019ലെ സങ്കീർണമായ രാഷ്രീയ സമവാക്യങ്ങളിൽ വീണ്ടും കിംഗ് മേക്കറായി അവതരിക്കുമോ ചന്ദ്രബാബു നായിഡു?

click me!