ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് രജനീകാന്ത്

By Web TeamFirst Published Feb 17, 2019, 11:21 AM IST
Highlights

സൂപ്പർസ്റ്റാർ രജനീകാന്തിന്‍റെ പാർട്ടി പ്രഖ്യാപനം നീളുമെന്നുറപ്പായി. ഇത്തവണ മത്സരിക്കാനില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി.

ചെന്നൈ: ഇത്തവണ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സൂപ്പർസ്റ്റാർ രജനീകാന്ത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രഖ്യാപിച്ച് മത്സരരംഗത്തുണ്ടാകുമെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചാണ് മത്സരിക്കാനില്ലെന്ന് രജനീകാന്ത് വ്യക്തമാക്കിയത്. ഇതോടെ, രജനീകാന്തിന്‍റെ പാർട്ടി പ്രഖ്യാപനം വൈകുമെന്നുറപ്പായി. 

ഒരു പാർട്ടിയെയും പിന്തുണക്കാനില്ലെന്നും രജനീകാന്ത് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ പ്രധാന ജനകീയ വിഷയങ്ങളിലാണ് താനിപ്പോൾ ശ്രദ്ധയൂന്നുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രജനി മക്കൾ മൻട്രം പ്രവർത്തിക്കുന്നത്. അതിനാൽ ഇത്തവണ മത്സരിക്കാനില്ലെന്നും രജനീകാന്ത് വ്യക്തമാക്കി. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രജനീകാന്ത് മത്സരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

''ഇത്തവണ ഞാൻ മത്സരിക്കാനില്ല, ഒരു പാർട്ടിയും പ്രചാരണത്തിനായി എന്‍റെ ചിത്രമോ, എന്‍റെ സംഘടനയുടെ ലോഗോയോ ഉപയോഗിക്കാൻ പാടില്ല'' രജനീകാന്ത് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. 

എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥിരതയുള്ള സർക്കാരിനായി വോട്ട് ചെയ്യണമെന്നും രജനി ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. 

ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് കമൽഹാസൻ വ്യക്തമാക്കുമ്പോഴാണ് രജനീകാന്ത് മത്സരിക്കാനില്ലെന്ന് നിലപാടെടുക്കുന്നത്. മക്കൾ നീതി മയ്യം എന്ന പാർട്ടി രൂപീകരിച്ച് അതിന്‍റെ പ്രചാരണപ്രവർത്തനങ്ങളിലാണ് കമൽഹാസനിപ്പോൾ. താൻ മത്സരിക്കുമോ എന്നത് പാർട്ടി അംഗങ്ങൾ തീരുമാനിക്കുമെന്നാണ് കമൽഹാസൻ പറഞ്ഞത്.

2017 ഡിസംബർ 31-നാണ് രാഷ്ട്രീയരംഗത്തേക്കിറങ്ങുകയാണെന്ന് രജനീകാന്ത് പ്രഖ്യാപിച്ചത്. ചെന്നൈയിൽ നടന്ന ആരാധകസംഗമത്തിലായിരുന്നു രജനീകാന്തിന്‍റെ പ്രഖ്യാപനം. 

ഇപ്പോൾ രജനി മക്കൾ മൻട്രം എന്ന സന്നദ്ധസംഘടന രൂപീകരിച്ച് പ്രവർത്തിക്കുകയാണ് രജനീകാന്ത്. തമിഴ് രാഷ്ട്രീയത്തിന്‍റെ സമുന്നതനേതാക്കളായിരുന്ന തമിഴ്‍നാട് മുൻ മുഖ്യമന്ത്രി ജയലളിതയും ഡിഎംകെ അധ്യക്ഷൻ കരുണാനിധിയും അന്തരിച്ച ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുന്നതോടെ രജനീകാന്ത് അടുത്ത കാലത്തൊന്നും പാർട്ടി പ്രഖ്യാപിക്കില്ലെന്നും ഉറപ്പായി.

രജനീകാന്തിന്‍റെ വാർത്താക്കുറിപ്പ് ചുവടെ:

click me!