Latest Videos

രാമഭക്തനായ ഹനുമാന്‍ ​ഗോത്രവർ​​ഗ്ഗക്കാരന്‍ ; ദളിത്, ആദിവാസികളുടെ വോട്ട് ലക്ഷ്യം വെച്ച് യോഗി ആദിത്യനാഥ്

By Web TeamFirst Published Nov 28, 2018, 4:45 PM IST
Highlights

രാമ ഭക്തര്‍ എല്ലാവരും കാവി പാർട്ടിക്ക് വോട്ട് ചെയ്യുന്നു, പക്ഷേ രാമഭക്തര്‍ എന്ന് നടിച്ച് അവര്‍ രാവണനെയാണ് ആരാധിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് നല്‍കണമെന്ന് മുമ്പ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പറഞ്ഞിരുന്നു. 

ജയ്പൂര്‍: ദളിതരുടെ വോട്ട് ലക്ഷം വെച്ചുകൊണ്ട് പുതിയ തെരഞ്ഞെടുപ്പ് തന്ത്രവുമായി ബിജെപി രം​ഗത്ത്. രാമഭക്തനായ ഹനുമാന്‍ ദളിത്, ആദിവാസിയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ജയ്പൂര്‍ മാല്‍പുര മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹനുമാന്‍ ദളിത് ഗോത്രത്തില്‍പ്പെട്ട ആളാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഗോത്രത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ ആള്‍വാറിന് നിങ്ങള്‍ വോട്ട് നല്‍കണമെന്നും യോഗി പറഞ്ഞു. ഹനുമാന്‍ ഒരു വനവാസിയായിരുന്നു. ഇന്ത്യയിലെ എല്ലാ സമുദായങ്ങളെയും ഒന്നിപ്പിക്കാന്‍ രാമന്റെ വരദാനവും അനുഗ്രഹവും കിട്ടിയ ആളാണ് ഹനുമാനെന്നും യോഗി കൂട്ടിച്ചേർത്തു.

രാമഭക്തര്‍ എല്ലാവരും കാവി പാർട്ടിക്ക് വോട്ട് ചെയ്യുന്നു, പക്ഷേ രാമഭക്തര്‍ എന്ന് നടിച്ച് അവര്‍ രാവണനെയാണ് ആരാധിക്കുന്നത്. അതുകൊണ്ട് കോണ്‍ഗ്രസിന് വോട്ട് നല്‍കണമെന്ന് മുമ്പ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യോഗി രംഗത്തെത്തിയത്. 

ഹനുമാന്‍ ദളിതനായിരുന്നുവെന്ന് യോ​ഗി ആദ്യമായിട്ടല്ല അവകാശപ്പെടുന്നത്. ഛത്തീസ്ഗഡിലെ പ്രചരണ പരിപാടിക്കിടയിലും അദ്ദേഹം ദളിതരുടെ വോട്ട് ലക്ഷ്യം വെച്ച് ഹനുമാൻ ദളിതാനാണെന്ന് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാമന്റെ പേര് ആവർത്തിക്കുന്നതിലൂടെ രാമക്ഷേത്ര നിർമ്മാണത്തിന് കൂടുതൽ പ്രചാരം നേടി കൊടുക്കുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.

click me!