
1965ലാണ് ഇവിടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് സിപിഎമ്മിലെ പ്രമുഖ നേതാവ് ടി കെ രാമകൃഷ്ണനാണ് വിജയിച്ചത്. കോണ്‍ഗ്രസ്സിലെ പോളിനെ 2371 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ടി കെ രാമകൃഷ്‌ണന്‍ മണ്ഡലത്തിലെ ആദ്യ എം എല്‍ എ ആയത്. ഇടതുജനാധിപത്യമുന്നണി സര്‍ക്കാരുകളില്‍ ഭവന, മത്സ്യബന്ധന, സഹകരണ, സാംസ്‌കാരിക വകുപ്പുകള്‍ കൈകാര്യം ചെയ്ത അദ്ദേഹം തൃപ്പൂണിത്തുറയില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും, 1977ല്‍ പ്രതിപക്ഷനേതാവായും 80 കാലഘട്ടത്തില്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയുമായി സേവനം അനുഷ്ഠിച്ചിരുന്നു. 1970 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പോള്‍ പി മാണി 360 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ടി കെ രാമകൃഷ്ണനെ പരാജയപ്പെടുത്തി. പോള്‍ പി മാണി 1970-77 കാലയളവിലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായി ചുമതല വഹിച്ചു.
82ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ വീണ്ടും ചരിത്രം തിരുത്തി. ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ ജി ആര്‍ കര്‍ത്തയെയാണ് മണ്ഡലം പിന്തുണച്ചത്. സിപിഎം സ്ഥാനാര്‍ത്ഥി ടികെ രാമകൃഷ്ണനെ 761 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 1982-87ലെ കരുണാകരന്‍ മന്ത്രിസഭയില്‍ 82-83 കാലയളവില്‍ കെജിആര്‍ കര്‍ത്ത ആരോഗ്യ വകുപ്പ് മന്ത്രിയായി. പിന്നീട് 1987ല്‍ സിപിഎം സ്ഥാനാര്‍ത്ഥി വി വിശ്വനാഥ മേനോന്‍ മണ്ഡലം തിരിച്ചുപിടിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി എസ് എന്‍ നായരാണ് അന്ന് പരാജയപ്പെട്ടത്. 1987-91 ലെ എട്ടാം നിയമസഭയില്‍ നായനാര്‍ മന്ത്രിസഭയിലെ ധനകാര്യ മന്ത്രി വിശ്വനാഥ മേനോനായിരുന്നു.
1991ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ബാബു സിപിഎമ്മിലെ എംഎം ലോറന്‍സിനെ പരാജയപ്പെടുത്തി. പിന്നീട് 2011 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി അഞ്ചുതവണ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ ബാബു 2011-2016ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്തിരുന്നു.
തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയെല്ലാം മന്ത്രിപദത്തിലെത്തിച്ച തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു തന്നെയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്, തുറവൂര്‍ വിശ്വംഭരന്‍ ആണ് എന്‍ഡിഎ ബിജെപി സ്ഥാനാര്‍ത്ഥി.