70 സീറ്റില്‍ കോണ്‍ഗ്രസ് - ബിജെപി ധാരണയുണ്ടെന്നു കോടിയേരി

By Asianet NewsFirst Published May 7, 2016, 7:19 AM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്ത് 70 നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിക്കു കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള ഉത്തരവാദിത്വം ഉമ്മന്‍ ചാണ്ടി ഏറ്റെുടത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ മുഖ്യ എതിരാളി ബിജെപിയാണെന്നു പറ‍ഞ്ഞതിനു പിന്നില്‍ കോര്‍പ്പറേറ്റ് താത്പര്യവും ഗൂഢാലോചനയുമാണെന്നു കോടിയേരി ആരോപിച്ചു. യുഡിഎഫും ബിജെപിയും തമ്മിലുള്ള സഖ്യത്തിന് ഇടനിലക്കാരനായി നില്‍ക്കുന്നതു വെള്ളാപ്പള്ളി നടേശനാണ്. അതുകൊണ്ടാണ് കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്നു കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പറഞ്ഞത്. വെള്ളാപ്പള്ളിയെ അണിയറ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാന്‍ നിയോഗിച്ചത് ഉമ്മന്‍ ചാണ്ടിയാണ്.

ഇതുവരെ കേരളത്തിലുള്ള തെരഞ്ഞെടുപ്പ് ചിത്രത്തിനു മാറ്റമുണ്ടാക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയും ആര്‍എസ്എസും തമ്മിലാണു ബന്ധം. ആന്റണിയും സുധീരനേയും ഉമ്മന്‍ ചാണ്ടി ഇരുട്ടില്‍ നിര്‍ത്തുകയാണ്. ഉമ്മന്‍ ചാണ്ടി ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച ചെയ്തു ധാരണയുണ്ടാക്കി. മത്സര രംഗം യുഡിഎഫും ബിജെപിയും തമ്മിലാണെന്നു സ്ഥാപിച്ചെടുത്താല്‍ ഇടതു മുന്നണിക്കു കിട്ടേണ്ട കുറച്ചു വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാക്കാനും അതുവഴി ബിജെപിയെ കേരളത്തിലെ രണ്ടാം ശക്തിയാക്കി മാറ്റി യുഡിഎഫിന് അധികാരത്തില്‍ തുടരാനും സാധിക്കുമെന്ന തന്ത്രമാണ്.

കുറച്ചു സീറ്റില്‍ ബിജെപിയെ ജയിപ്പിക്കാനുള്ള ധാരണ ഉമ്മന്‍ ചാണ്ടി ഉണ്ടാക്കിയിട്ടുണ്ട്. ഈ അവിശുദ്ധ കൂട്ടുകെട്ടിന് അംഗീകാരം കൊടുക്കാനാണ് ഉമ്മന്‍ ചാണ്ടി പരസ്യ പ്രസ്താവന നടത്തുന്നത്. മതനിരപേക്ഷ ചിന്താഗതിയുള്ള കോണ്‍ഗ്രസുകാരും യുഡിഎഫുകാരും ഇതു തള്ളിക്കളയും - കോടിയേരി

ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനോട് ലീഗ് യോജിക്കുന്നുണ്ടോയെന്നു വ്യക്തമാക്കണം. ഇന്നുവരെ യുഡിഎഫ് സ്വീകരിക്കാത്ത സമീപനത്തിലേക്ക് ഉമ്മന്‍ ചാണ്ടി ചെന്നത്തിയത് വന്‍ പരാജയമുണ്ടാകുമെന്ന ഭീതിയാണ്. 

ഇടതു മുന്നണി 106 സീറ്റില്‍ വിജയിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിക്കു കിട്ടിയിട്ടുണ്ട്. ഇതിനുശേഷമാണ് അദ്ദേഹം തകിടംമറിഞ്ഞത്. മത്സര രംഗത്തിനു മറ്റൊരു മുഖമുണ്ടാക്കി ബിജെപിയുമായി ധാരണയുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയതും ഇതിനുശേഷമാണ്. അരുവിക്കരയില്‍ ഇങ്ങനൊരു ശ്രമം നടത്തി പരാജയപ്പെട്ടതാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. 

click me!