സോണിയാ ഗാന്ധി തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

Published : May 09, 2016, 01:12 PM ISTUpdated : Oct 05, 2018, 03:39 AM IST
സോണിയാ ഗാന്ധി തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

Synopsis

ഈ നഗരത്തോട് പ്രത്യേക താല്‍പര്യവും ഇവിടെ വരുവാന്‍ അതിയായ സന്തോഷവമുണ്ട്. ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ നിങ്ങളുടെ വോട്ട് രേഖപ്പെടുത്താന്‍ പോകുകയാണ്. പല പാര്‍ട്ടികള്‍ വ്യത്യസ്തങ്ങളായ വാദപ്രതിവാദങ്ങളും അഭിപ്രായങ്ങളുമായി നിങ്ങളുടെ മുന്നില്‍ വോട്ടുതേടി എത്തും. ചിലര്‍ വര്‍ഗീയ ചിന്തകളുമായി നിങ്ങളെ സമീപിക്കും. ഞങ്ങള്‍ നിങ്ങളോടു സൗഹാര്‍ദ്ദപരമായി ആണു വരുന്നത്. കോണ്‍ഗ്രസും കോണ്‍ഗ്രസ്സിന്റെ സഖ്യവും എല്ലാ സംസ്ഥാനങ്ങളെയും എല്ലാ ഭാഷകളെയും എല്ലാ സംസ്കാരങ്ങളെയും എല്ലാ മതങ്ങളെയും എല്ലാ വിശ്വാസങ്ങളെയും എല്ലാ പ്രദേശങ്ങളെയും ഒരുപോലെ കാണുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി മതേതരത്വം എന്നു പറയുമ്പോള്‍ ഞങ്ങള്‍ വിവക്ഷിക്കുന്നത് ഇതാണ്. രാജ്യത്തെ മുഴുവന്‍ ജനതയെയും ജാതി മത വര്‍ഗീയ വിഭാഗിയ ചിന്തകള്‍ക്ക് അതീതമായി ഒറ്റയ്‍ക്ക് കാണാനുള്ള കഴിവാണ് അതാണ് കോണ്‍ഗ്രസ്സിന്റെ വിശ്വാസ സംഹിത. ബിജെപിയും പാര്‍ട്ടിയും ഞങ്ങള്‍ വിഭാവനം ചെയ്യുന്ന തത്വശാസ്‍ത്രം പ്രതിനിധീകരിക്കുന്നില്ല.

പ്രധാനമന്ത്രി ഇവിടെ വന്ന് നിങ്ങളോടോരുത്തരോടും ചോദിക്കുകയുണ്ടായി. കഴിഞ്ഞ കാലത്ത് ഇവിടെ എന്തു വികസനമാണ് നടന്നിട്ടുള്ളത് എന്ന്. അദ്ദേഹത്തെ ഈയവസരത്തില്‍, ഇവിടെവച്ച് ഞാന്‍ വെല്ലുവിളിക്കുകയാണ്.  അദ്ദേഹത്തിന് കാണിച്ചുതരാന്‍ പറ്റുമോ?, ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനം കേരളത്തേക്കാളും ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും സാക്ഷരതയിലും മുന്നിട്ടുനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നിട്ട് രണ്ടു വര്‍ഷമായി. എന്നാല്‍ വികസനത്തെ കുറിച്ചുള്ള കൃത്യമായ, പ്രകടമായ ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിനു ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ? ഈ നാട്ടിലെ ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും വിലപേശിക്കൊണ്ടാണ് അദ്ദേഹം അധികാരത്തില്‍ വന്നത്. എന്നാല്‍ അധികാരത്തില്‍ വന്നശേഷം ഈ നാട്ടിലെ ജനങ്ങളുടെ പ്രതീക്ഷയെ വഞ്ചിക്കുകയാണ് അദ്ദേഹം ചെയ്‍തത്. ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ അദ്ദേഹം വാഗ്ദാനം ചെയ്‍തു. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍‌ ധാരാളം പണമെത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്‍തു. അതുപോലെ തന്നെ അവശ്യ വസ്തുക്കളുടെ വില കുറയ്‍ക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ഞാന്‍ നിങ്ങളോടു ചോദിക്കുകയാണ്, അതില്‍ ഏതെങ്കിലും നടന്നിട്ടുണ്ടോ?. ഇതില്‍ ഒരു വാഗ്ദാനം പോലും സഫലീകരിക്കപ്പെട്ടിട്ടില്ല.

രണ്ടു വര്‍ഷം മുന്പ് തുമരവര്‍ഗ്ഗങ്ങളുടെ വില ഏകദേശം 70 രൂപയായിരുന്നു. എന്നാല്‍ ഇന്ന് വില 150യായിരിക്കുന്നു. ഇന്ന് മോദി സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് പാവപ്പെട്ടവരുടെ നികുതി ഇനത്തില്‍ നിന്നാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില വളരെയധികം കുറഞ്ഞിരിക്കുന്നു. എങ്കിലും എക്സൈസ് ഡൂട്ടിയില്‍ കുറവു വരുത്തുവാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല.  മോദി സര്‍ക്കാര്‍ ചെയ്യുന്നത് എന്താണ്? പ്രൊവിഡന്റ് ഫണ്ട് നിയമങ്ങള്‍ മാറ്റിമറിച്ചുകൊണ്ട് മധ്യവര്‍ഗ്ഗത്തില്‍പെട്ടവരുടെ സന്പാദ്യം സര്‍ക്കാര്‍ എടുത്തുമാറ്റുകയാണ്.   ഈ പ്രധാനമന്ത്രി ഭരണത്തില്‍ ഇരിക്കുന്പോള്‍ രാജ്യത്ത് സാധാരണക്കാരില്‍ നിന്ന് നികുതി ഈടാക്കുന്നതും മധ്യവര്‍ഗത്തിന്റെ സന്പാദ്യം എടുത്തുമാറ്റുന്നതും ഒക്കെയാണ്. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വത്തുക്കളുള്ള വലിയ വലിയ ബിസിനസ്സുകാര്‍ ബാങ്കുകളെ മുഴുവന്‍ കബളിപ്പിച്ച് പണവും തട്ടിയെടുത്ത് ഈ രാജ്യത്ത് നിന്ന് രക്ഷപ്പെടുന്നതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരേയൊരു ലക്ഷ്യമെന്നത് അദ്ദേഹത്തിന്റെ രാഷ്‍ട്രീയ എതിരാളികളെ സ്വഭാവഹത്യ നടത്തുകയും അവരെക്കുറിച്ച് നുണപ്രചരണങ്ങള്‍ നടത്തുകയും മാത്രമാണ്. ഇതിനെ കുറിച്ച് എന്റെ പ്രസംഗത്തിന്റെ അവസാനഭാഗത്ത് ഞാന്‍ പറയാം. എന്തുകൊണ്ടാണ് മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ഇത്തരം നുണപ്രചാരണങ്ങള്‍ക്ക് തയ്യാറാകുന്നത്. അദ്ദേഹത്തിനും അവര്‍ക്കും നമ്മളെ ഭയമാണ്. കാരണം ഞങ്ങള്‍ നിലനില്‍ക്കുന്നത് ഈ രാജ്യത്തെ സ്‍ത്രീകള്‍ക്കും ദുര്‍ബലര്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും  വേണ്ടിയാണ്. അതുകൊണ്ടാണ് നുണപ്രചാരണത്തിലൂടെ ഭീഷണിപ്പെടുത്താന്‍‌ അവര്‍ ശ്രമിക്കുന്നത്. ഥാര്‍ഥത്തില്‍ മോദി സര്‍ക്കാരിന് നമ്മളെ പേടിയാണ്. കാരണം അവരുടെ വര്‍ഗീയ അജണ്ട, വിഭാഗീയ ചേരിതിരിവുകള്‍ ഞങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. ഞാന്‍ ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ ഒരിക്കലും അവരുടെ നുണപ്രചാരണങ്ങളെ ഭയപ്പെടുന്നില്ല. അവരുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍‌ ഒരിക്കലും ഞങ്ങള്‍ തലകുനിക്കുകയില്ല. ഈ നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി, സാധാരണക്കാര്‍ക്കു വേണ്ടിയുള്ള പോരാട്ടം ഞങ്ങള്‍ അനസ്യൂതം തുടരുക തന്നെ ചെയ്യും.

മോദി സര്‍ക്കാരിന്റെ മറ്റൊരു പ്രധാനപ്പെട്ട 'ഭരണനേട്ടം' ജനാധിപത്യത്തിന്റെ വേരുകളെ ദുര്‍ബലപ്പെടുത്തുകയാണ്. അരുണാചലിലും ഉത്തരാഖണ്ഡിലുമൊക്കെ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ സര്‍ക്കാരുകളെ ഭരണഘടനപരമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ, സംശായ്സപദമായ മാര്‍ഗ്ഗങ്ങളിലൂടെ തകിടംമറിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്‍തിട്ടുള്ളത്. ഭരണഘടനാപരമായ തത്വങ്ങളില്‍ മോദിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സര്‍ക്കാരും ഒരിക്കലും വിശ്വസിക്കുന്നില്ല. സാധാരണ ജനങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ട് സ്വഛഭാരതിനു സാധാരണക്കാരില്‍ സെസ് ഏര്‍പ്പെടുത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ കേരളത്തില്‍‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പ്രദേശങ്ങള്‍ വൃത്തിയാക്കുന്നതിനു വേണ്ടി കൂടുതല്‍ ഫണ്ട് ആവശ്യപ്പെടുന്പോള്‍ സെസ് പങ്കുവയ്‍ക്കാന്‍ തയ്യാറാകുന്നില്ല. കേരളത്തിലെ കര്‍ഷകര്‍ കൂടുതല്‍ സബ്സിഡി ആവശ്യപ്പെടുന്പോള്‍ മോദി സര്‍ക്കാരിന് യാതൊരുവിധ സഹായവും ചെയ്യാന്‍ സാധിക്കുന്നില്ല. മോദി സര്‍ക്കാരിന് അവരുടെ പബ്ലിസിറ്റിക്കുവേണ്ടി കോടിക്കണക്കിനു രൂപ ചെലവഴിക്കാന്‍ സാധിക്കും. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കുവേണ്ടി കൂടുതല്‍ വിഹിതം ആവശ്യപ്പെടുന്പോള്‍ തരാന്‍ അവരുടെ കയ്യില്‍ പണമില്ല.

ഗള്‍ഫ് രാജ്യങ്ങളില്‍ വളരെ മോശകരമായ സാഹചര്യങ്ങളില്‍ ജോലിചെയ്യുന്ന നമ്മുടെ സഹോദരീ സഹോദരന്‍മാരുണ്ട്. അവര്‍ക്കു വേണ്ടി മാത്രമായി യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വകുപ്പ് ഇന്ന് മോദി സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ് ചെയ്‍തിരിക്കുകയാണ്.  കേരളത്തിലെ മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് ഒരുപാട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കേരളത്ത വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ല. ഇതല്ല ഭാരതത്തിലെ പ്രധാനമന്ത്രിയില്‍ നിന്ന്  പ്രതീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും യുഡിഎഫ് സര്‍ക്കാരിനെയും ഞാന്‍ അഭിനന്ദിക്കുകയാണ്. കേന്ദ്രത്തിന്റെ സഹകരണം ഇല്ലാതിരുന്നിട്ടുകൊണ്ടി കേരളത്തെ വികസനത്തിന്റെ പാതയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനെ അഭിനന്ദിക്കുന്നു.

കേരളത്തിന്റെ ഭാവിക്കുള്ള ഭീഷണി, സഹോദരി സഹോദരന്‍മാരെ, മോദി സര്‍ക്കാരില്‍ നിന്നും ബിജെപിയില്‍ നിന്നും മാത്രമല്ല. അത് എല്‍ഡിഎഫില്‍ നിന്നുംകൂടിയാണ്. എല്‍ഡിഎഫ് വിശ്വസിക്കുന്നത് അക്രമത്തിലാണ്. കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുന്നതിലാണ്. യുഡിഎഫിന്റെ മുന്നേറ്റത്തെ എല്ലാവിധത്തിലും തടസ്സപ്പെടുത്താന്‍ എല്‍ഡിഎഫ് കിണഞ്ഞുപരിശ്രമിച്ചിട്ടുണ്ട്. പക്ഷേ ഞാന്‍ പറയുന്നു, ഈ പരിശ്രമങ്ങളില്‍ എല്ലാം അവര്‍ പരാജയപ്പെട്ടിട്ടേ ഉള്ളൂ. അഞ്ചു വര്‍ഷം മുന്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം അവസാനിച്ചപ്പോള്‍ കേരളം വളരെ പരിതാപകരമായ ഒരവസ്ഥയിലായിരുന്നു.  അവരുടെ ഭരണത്തിന്റെ അനന്തരഫലങ്ങള്‍ നാം വളരെയധികം അനുഭവിച്ചു. അക്രമത്തിന്റെയും ക്രൂരതയുടെയും പശ്ചാത്തലത്തില്‍ മുന്നോട്ടുപോകുന്ന ആ സാഹചര്യത്തില്‍ ജനങ്ങള്‍ക്കു കേരളത്തെ കുറിച്ചുള്ള പ്രതീക്ഷ നഷ്‍ടപ്പെട്ടു.


എന്നാല്‍ ഇന്ന് അവര്‍ കാണുന്നത് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരാണ്.  ഞങ്ങള്‍ ഈ നാട്ടിലെ വികസനത്തെ കുറിച്ച് സംസാരിക്കുന്പോള്‍ അത് നടപ്പിലാക്കാന്‍ ഞങ്ങള്‍ പ്രതിഞ്ജാബദ്ധരാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ആത്മാര്‍ഥതയുള്ളവരാണ്. ഞങ്ങള്‍ വിനയാന്വിതരാണ്. ഇത്തരം പ്രവര്‍ത്തനങ്ങളുമായാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. നമ്മള്‍ ധാരാളം വികസനപ്രവര്‍ത്തനങ്ങളില്‍ മുന്പോട്ടു പോയിട്ടുണ്ട്. ധാരാളം നേട്ടങ്ങള്‍ നമുക്ക് സ്വന്തമായിട്ടുണ്ട്. പക്ഷേ ഇനിയും നമുക്ക് നേടാന്‍ ധാരാളം കാര്യങ്ങളുണ്ട്. ധാരാളം പുരോഗമനപ്രവര്‍ത്തനങ്ങള്‍ ഇനിയും ചെയ്യാനുണ്ട്. അതിനുവേണ്ടിയാണ് ഞങ്ങള്‍ നിങ്ങളുടെ മുന്പില്‍ വീണ്ടും വോട്ട് അഭ്യര്‍ഥിക്കുന്നത്. നിങ്ങളുടെ ഓരോ വോട്ടും കേരളത്തിന്റെ വികസനത്തുടര്‍ച്ചയ്‍ക്കും സമൃദ്ധിക്കും വേണ്ടിയുള്ള വോട്ടായിരിക്കണം.  ആ വോട്ടാണ് ഞങ്ങള്‍ നിങ്ങളോട് ഇന്ന് ചോദിക്കുന്നത്. അതുകൊണ്ട് ഞാന്‍ തീവ്രമായ ആഗ്രഹത്തോടു കൂടി നിങ്ങളോട് ഓരോരുത്തരോടും ആവശ്യപ്പെടുകയാണ് മെയ് 16നു നിങ്ങള്‍ യുഡിഎഫ് സര്‍ക്കാരിനു വേണ്ടി വോട്ട് ചെയ്യുക. അത് കേരളത്തിനു വേണ്ടിയുളള വോട്ടാണ്. കേരളത്തിലെ ജനങ്ങളുടെ വിജയത്തിനു വേണ്ടിയുള്ള ഒരു വോട്ടായിരിക്കും അത്.

ഈ പ്രസംഗം അവസാനിക്കുന്നതിനു മുന്പ് തികച്ചും വ്യക്തിപരമായ ചില കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയാനുണ്ട്. അത് രാഷ്‍ട്രീയമായ കാര്യങ്ങളല്ല. കേരള സന്ദര്‍ശന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറിച്ചും എന്നെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങള്‍ക്കുള്ള വ്യക്തമായ മറുപടിയായിട്ടാണ്, തീര്‍ത്തും വ്യക്തിപരമായ ഈ കാര്യങ്ങള്‍ നിങ്ങളോടു പങ്കുവയ്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. ശരിയാണ് ഞാന്‍ ഇറ്റലിയിലാണ് ജനിച്ചത്. 1968ല്‍ ഇന്ത്യയുടെ മരുമകളായി, ഇന്ദിരാജിയുടെ മരുമകളായി ഞാന്‍ ഇന്ത്യയിലെത്തി. എന്റെ ജീവിതത്തിന്റെ 48 വര്‍ഷങ്ങള്‍ ഞാന്‍ ഇന്ത്യയിലാണ് ചെലവഴിച്ചത്.ഇതാണ് എന്റെ വീട്. ഇതാണ് എന്റെ രാജ്യം. 48 വര്‍ഷത്തെ എന്റെ ഇവിടത്തെ ജീവിതത്തിന് ഇടയില്‍ ആര്‍എസ്എസും ബിജെപിയും എന്റെ ജനനത്തിന്റെ പേരില്‍ ഞാന്‍ ജനിച്ച സ്ഥലത്തിന്റെ പേരില്‍ എന്നെ വേട്ടയാടുകയാണ്. ഞാന്‍ ജനിച്ചത് ആത്മാഭിമാനമുള്ള, സത്യസന്ധരായ മാതാപിതാക്കള്‍ക്ക് ആണ്. അവരുടെ മകളായി ജനിച്ചതില്‍ എനിക്ക് ഒരിക്കലും ലജ്ജയില്ല. മറിച്ച് അഭിമാനമേയുള്ളൂ. ശരിയാണ് എനിക്ക് ഇറ്റലിയില്‍ ബന്ധുക്കളുണ്ട്. എനിക്ക് 93 വയസ്സുള്ള ഒരമ്മയുണ്ട്. രണ്ടു സഹോദരിമാരുണ്ട്, ഇറ്റലിയില്‍. ഇത് ശരിയാണ്, വാസ്‍തവമാണ്. പക്ഷേ എന്റെ രാജ്യമായ ഇന്ത്യയിലാണ് ഞാന്‍ ഏറ്റവും സ്നേഹിച്ചവരുടെ രക്തം ഇഴചേര്‍ന്നിരിക്കുന്നത് . ഈ മണ്ണിലാണ് ഞാന്‍ എന്റെ അവസാനശ്വാസം ശ്വസിക്കേണ്ടത്. ഈ മണ്ണിലാണ് എന്റെ ചിതാഭസ്‍മം എന്റെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മവുമായി അലിഞ്ഞുചേരേണ്ടത്. ഇതാണ് എന്റെ രാജ്യം. ഇതാണ് എന്റെ വീട്. ഏതു രീതിയില്‍ വേണമെങ്കിലും പ്രധാനമന്ത്രിക്ക് എന്നെ ചോദ്യം ചെയ്യാം. എന്റെ ആര്‍ജ്ജവത്തെ,  സ്വഭാവത്തെ, സത്യസന്ധതയെ ചോദ്യം ചെയ്യാം. പക്ഷേ അദ്ദേഹത്തിന് ഒരിക്കലും ഇന്ത്യയോടുള്ള എന്റെ പ്രതിബന്ധതയെ ചോദ്യം ചെയ്യാന്‍‌ അദ്ദേഹത്തിനു സാധിക്കുകയില്ല. എന്റെ ഈ വികാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനസ്സിലാക്കാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയില്ല. പക്ഷേ എനിക്കുറപ്പുണ്ട്, നിങ്ങള്‍ക്ക് അത് കഴിയുമെന്ന്.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!