ഇന്നസെന്‍റ് ഇനിയും ചാലക്കുടിയെ ചുവപ്പിക്കുമോ? ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം

By Web TeamFirst Published Apr 14, 2019, 9:06 PM IST
Highlights

38 ശതമാനം വോട്ട് വിഹിതം നേടി ഇന്നസെന്‍റ് ജയിച്ചുകയറുമ്പോൾ 36 ശതമാനം വോട്ട് നേടി ബെന്നി ബെഹനാൻ രണ്ടാമതെത്തുമെന്നാണ് പ്രവചനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കണക്കിലെടുക്കുമ്പോൾ യുഡിഎഫിനാണ് മുൻതൂക്കമെങ്കിലും ശക്തമായ മത്സരത്തിൽ ഇന്നസെന്‍റ്  ഇനിയും ചാലക്കുടിയെ ചുവപ്പിക്കുമെന്നാണ് സർവേ ഫലം.

തിരുവനന്തപുരം: 2008ൽ ചാലക്കുടി മണ്ഡലം രൂപീകരിച്ചതിന് ശേഷം നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. 2009ൽ കെ പി ധനപാലൻ വിജയിച്ചെങ്കിലും 2014ൽ വെള്ളിത്തിരയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് അവതരിച്ച താരം ഇന്നസെന്‍റ് മണ്ഡലം തിരിച്ചുപിടിച്ചു. ഇന്നസെന്‍റിന് എതിരായ നിഷേധ വോട്ടുകൾ പരമാവധി സമാഹരിക്കാൻ നാടിളക്കിയുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തിയത്. യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ ശാരീരികമായ അസ്വസ്ഥതകൾ കാരണം കുറച്ചുദിവസം പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും യുഡിഎഫ് എംൽഎമാർ കൂട്ടായി യുഡിഎഫിനുവേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങിയിരുന്നു. എങ്കിലും ചാലക്കുടിയിലെ അട്ടിമറി വിജയം ഇന്നസെന്‍റ് ആവർത്തിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് AZ റിസർച്ച് പാർട്ണേഴ്സ് സർവേ ഫലം.

40.55 ശതമാനം വോട്ട് നേടിയാണ് ഇന്നസെന്‍റ് ചാലക്കുടിയിൽ നിന്ന് പാർലമെന്‍റിൽ എത്തിയതെങ്കിൽ ഇത്തവണത്തെ വിജയം അത്രയും തിളക്കുമുള്ളതാകില്ലെന്ന് സർവേ ഫലം പ്രവചിക്കുന്നു. 38 ശതമാനം വോട്ട് വിഹിതം നേടി ഇന്നസെന്‍റ് ജയിച്ചുകയറുമ്പോൾ 36 ശതമാനം വോട്ട് നേടി യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ രണ്ടാമതെത്തുമെന്നാണ് പ്രവചനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കണക്കിലെടുക്കുമ്പോൾ യുഡിഎഫിനാണ് മുൻതൂക്കമെങ്കിലും ശക്തമായ മത്സരത്തിൽ ഇന്നസെന്‍റ്  ഇനിയും ചാലക്കുടിയെ ചുവപ്പിക്കും എന്ന സർവേ ഫലത്തിൽ നിന്ന് ത്രികോണമത്സരത്തിലെ അടിയൊഴുക്കുകൾ നിർണ്ണായകമായേക്കും എന്നുവേണം അനുമാനിക്കാൻ. എൻഡിഎ സ്ഥാനാർത്ഥിയായ ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ 19 ശതമാനം വോട്ട് വിഹിതം നേടി മൂന്നാമതെത്തുമെന്നും  ഏഷ്യാനെറ്റ് ന്യൂസ് AZ റിസർച്ച് പാർട്ണേഴ്സ് സർവേ ഫലം പ്രവചിക്കുന്നു.

click me!