ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ UDF ആധിപത്യമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-AZ റിസർച്ച് പാർട്ണേഴ്സ് സ‍ർവേ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 14, Apr 2019, 10:59 PM IST
Asianet News, AZ research partners predicts UDF domination in loksabha election results in Kerala
Highlights

വടക്കന്‍ കേരളത്തിലെ എട്ട് സീറ്റുകളില്‍  കാസര്‍കോടും പാലക്കാടും ഒഴികെയുള്ള ആറ് സീറ്റും യുഡിഎഫ് നേടുമെന്നാണ് പ്രവചനം. മധ്യകേരളത്തില്‍ ഇടതുമുന്നണി മേധാവിത്വം നിലനിര്‍ത്തും. തെക്കന്‍ കേരളത്തില്‍ മേൽക്കൈ യുഡിഎഫിന് തന്നെ. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫിനൊപ്പമെന്ന് ഏഷ്യാനെറ്റ് ന്യൂസ് AZ റിസർച്ച് പാർട്ണേഴ്സ് രണ്ടാം ഘട്ട സർവേ ഫലം. 14 സീറ്റുകൾ വരെ യുഡിഎഫ് നേടിയേക്കുമെന്ന് സർവേ പ്രവചിക്കുമ്പോൾ എൽഡിഎഫിന് ആറ് സീറ്റ് വരെ കിട്ടിയേക്കാമെന്ന് സർവേ പ്രവചിക്കുന്നു. എൻഡിഎക്ക് മൂന്ന് സീറ്റ് വരെ കിട്ടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ത്രികോണപോരാട്ടം ശക്തമായ തിരുവനന്തപുരത്ത് ബിജെപിയുടെ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് AZ റിസർച്ച് പാർട്ണേഴ്സ് സർവേയുടെ പ്രവചനം. രണ്ടാംഘട്ട സർവേയിൽ എല്‍ഡിഎഫും എന്‍ഡിഎയും വോട്ടുവിഹിതം മെച്ചപ്പെടുത്തുന്നുണ്ട്.

സ‍ർവേ ഫലങ്ങൾ ചുരുക്കത്തിൽ ചുവടെ

വടക്കന്‍ കേരളത്തിലെ എട്ട് സീറ്റുകളില്‍  കാസര്‍കോടും പാലക്കാടും ഒഴികെയുള്ള ആറ് സീറ്റും യുഡിഎഫ് നേടുമെന്നാണ് പ്രവചനം. 

കാസർകോട്

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കാസര്‍കോട്ട് എൽഡിഎഫിന്‍റെ കെ. പി സതീഷ് ചന്ദ്രന് നേരിയ മുന്‍തൂക്കമുണ്ട്. സതീഷ് ചന്ദ്രൻ 34 ശതമാനത്തിന്‍റെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ 33 ശതമാനത്തിന്‍റെയും പിന്തുണ നേടുമ്പോള്‍ എന്‍ഡിഎയുടെ രവീശ തന്ത്രിക്കൊപ്പമുള്ളത് 17 ശതമാനം പേരാണ്. 

കണ്ണൂർ

ഫോട്ടോ ഷിനിഷിലേക്ക് നീങ്ങുന്ന കണ്ണൂരില്‍ സിപിഎമ്മിന്‍റെ സിറ്റിംഗ് എംപി പി കെ ശ്രീമതിയെ യുഡിഎഫിന്‍റെ കെ സുധാകരന്‍ വീഴ്ത്തുമെന്നാണ് അഭിപ്രായ സർവേ പ്രവചിക്കുന്നത്. കെ സുധാകരന് 39ഉം ശ്രീമതിക്ക് 38ഉം ശതമാനവും പിന്തുണയുണ്ടെന്നാണ് സർവേ ഫലം. 

വടകര

കേരളം ഉറ്റുനോക്കുന്ന വടകരയിലെ പോരാട്ടത്തിൽ വിജയിയാവുക കെ മുരളീധരൻ ആകുമെന്ന് സർവേ പ്രവചിക്കുന്നു. സിപിഎമ്മിലെ കരുത്തന്‍ പി ജയരാജനെതിരെ 7 ശതമാനത്തിന്‍റെ വ്യക്തമായ മേൽക്കൈയാണ് മുരളീധരന് പ്രവചിക്കപ്പെടുന്നത് 

വയനാട്

വയനാട് സുരക്ഷിതമണ്ഡലം തന്നെയെന്ന് ഉറപ്പിക്കുകയാണ് രാഹുല്‍ ഗാന്ധി.  കോൺഗ്രസ് അധ്യക്ഷന് 45 ശതമാനത്തിന്‍റെ പിന്തുണ ലഭിക്കുമെന്ന് സർവേ കണ്ടെത്തുന്നു.

കോഴിക്കോട്
 
കോഴിക്കോട് എം കെ രാഘവന് മൂന്നാമൂഴം പ്രവചിക്കുകയാണ് സര്‍വേ. രാഘവന്‍ 44 ശതമാനവും സിപിഎമ്മിന്‍റെ എ പ്രദീപ് കുമാര്‍ 36 ശതമാനവും 
വോട്ട് നേടുമെന്നാണ് പ്രവചനം. 

മലപ്പുറം

മുസ്ലീം ലീഗ് കോട്ടകളില്‍ ഇക്കുറിയും ഇളക്കമുണ്ടാകില്ല. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയെ കാത്തിരിക്കുന്നത് ഇടതുപക്ഷത്തിന്‍റെ 29 ശതമാനത്തിന് എതിരെ 52 ശതമാനത്തിന്‍റെ മൃഗീയഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി നേടുമെന്നാണ് പ്രവചനം.

പൊന്നാനി

പൊന്നാനിയിൽ ഇ ടി മുഹമ്മദ് ബഷീറിനും മികച്ച മാര്‍ജിനിൽ വിജയിക്കാനാകുമെന്നാണ് സർവേ കണ്ടെത്തുന്നത്. ഇടതുപക്ഷത്തിന്‍റെ 36ശതമാനത്തിന് എതിരെ 46 ശതമാനം വോട്ടർമാരുടെ പിന്തുണയാണ് ഇ ടി മുഹമ്മദ് ബഷീറിന് സർവേ പ്രവചിക്കുന്നത്.

പാലക്കാട്

വടക്കന്‍ കേരളത്തിൽ ശ്രദ്ധേയമായ ത്രികോണപോരാട്ടം നടക്കുന്ന പാലക്കാട്ട് സിപിഎമ്മിന്‍റെ എം ബി രാജേഷിന് മൂന്നാമൂഴം പ്രവചിക്കുകയാണ് സര്‍വേ. രാജേഷ് 37 ശതമാനവും യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ 35 ശതമാനവും ബിജെപിയുടെ സി കൃഷ്ണകുമാര്‍ 28 ശതമാനവും വോട്ട് വിഹിതം നേടുമെന്നാണ് കണ്ടെത്തൽ.
 
മധ്യകേരളത്തില്‍ ഇടതുമുന്നണി മേധാവിത്വം നിലനിര്‍ത്തും. മധ്യകേരളത്തിലെ അഞ്ച് സീറ്റുകളില്‍ മൂന്നിലും എൽഡിഎഫിനാണ് മേൽക്കൈ.

ആലത്തൂർ
 
ഇടതുകോട്ടയായ ആലത്തൂര്‍ കടുത്ത പോരാട്ടത്തിനിടയിലും പി കെ ബിജുവിനെ കൈവിടില്ലെന്ന് സ‍ർവേ കണ്ടെത്തുന്നു. ബിജുവിന് 41 ശതമാനവും യുഡിഎഫിന്‍റെ  പുതുമുഖ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് 39ഉം ശതമാനവും വോട്ട് വിഹിതമാണ് സർവേ പ്രവചിക്കുന്നത്.

തൃശ്ശൂർ

ത്രികോണപോരാട്ടം കനക്കുന്ന തൃശൂര്‍ ടി എന്‍ പ്രതാപനിലൂടെ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് പ്രവചനം.. പ്രതാപന് 36 ശതമാനവും എൽഡിഎഫിന്‍റെ രാജാജി മാത്യുവിന് 32 ശതമാനവും വോട്ടർമാരുടെ പിന്തുണയുണ്ട്.  എന്‍ഡിഎയുടെ സുരേഷ് ഗോപിക്ക് 26 ശതമാനം വോട്ടാണ് സർവേ പ്രവചിക്കുന്നത്.

ചാലക്കുടി
 
ചാലക്കുടിയിൽ ഇന്നസെന്‍റിന് രണ്ടാമൂഴമെന്നാണ് സര്‍വേഫലം. യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹനാനെതിരെ രണ്ട് ശതമാനത്തിന്‍റെ മേൽക്കൈയാണ് എൽഡിഎഫിന്‍റെ സിറ്റിംഗ് എംപിയായ ഇന്നസെന്‍റിന് പ്രവചിക്കപ്പെടുന്നത്.

എറണാകുളം

എറണാകുളത്ത് ഹൈബി ഈഡന് വ്യക്തമായ മേൽക്കൈ ഉണ്ടെന്നാണ് സർവേ കണ്ടെത്തിയത്. ഹൈബിക്ക് 43 ശതമാനവും പി രാജീവിന് 32 ശതമാനവും കേന്ദ്രമന്ത്രിയായ അൽഫോൺസ് കണ്ണന്താനത്തിന് 20 ശതമാനവും വോട്ടുകിട്ടുമെന്നാണ് പ്രവചനം.

ഇടുക്കി

ഫോട്ടോഫിനിഷിന് സാധ്യതയുള്ള ഇടുക്കിയിൽ എൽഡിഎഫിന്‍റെ സിറ്റിംഗ് എംപി ജോയ്സ് ജോര്‍ജ് കഷ്ടിച്ച് കടന്നുകൂടിയേക്കും. ഡീന്‍ കുര്യാക്കോസിനേക്കാള്‍ ഒരു ശതമാനത്തിന്‍റെ മേൽക്കൈയാണ് നിലവില്‍ ജോയ്സിനുള്ളതെന്നാണ് സർവേ പ്രവചിക്കുന്നത്.
 
തെക്കന്‍ കേരളത്തില്‍ മേൽക്കൈ യുഡിഎഫിന് തന്നെ.

ഏഴ് സീറ്റിൽ അഞ്ചിൽ യുഡിഎഫ് മുന്നിലുള്ളപ്പോള്‍ എൽഡിഎഫിനും എന്‍ഡിഎക്കും ഓരോ സീറ്റ് വീതം ലഭിക്കുമെന്നാണ് കണ്ടെത്തൽ.

കോട്ടയം

കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിന്‍റെ തോമസ് ചാഴികാടന്‍ വമ്പന്‍ ജയം നേടുമെന്നാണ് സര്‍വേയിലെ കണ്ടെത്തൽ. വോട്ട് വിഹിതത്തിൽ ഇരുപത് ശതമാനത്തോളം വ്യത്യാസമാണ് സർവേ പ്രവചിക്കുന്നത്. ഇടതുപക്ഷത്തിന്‍റെ 31 ശതമാനത്തിനെതിരെ 50 ശതമാനം വോട്ട് യുഡിഎഫ് നേടുമെന്നാണ് പ്രവചനം.

ആലപ്പുഴ

ആലപ്പുഴയിൽ യുഡിഎഫിന്‍റെ ഷാനിമോള്‍ ഉസ്മാനാണ് ജയം സർവേയിൽ ജയം പ്രവചിക്കുന്നത്. എട്ട് ശതമാനത്തിന്‍റെ ലീഡാണ് സിപിഎമ്മിന്‍റെ എ എം ആരിഫിന് മേൽ ഷാനിമോൾ ഉസ്മാന് സർവേ പ്രവചിക്കുന്നത്. 

മാവേലിക്കര

മാവേലിക്കരയിൽ വീണ്ടും കൊടിക്കുന്നിൽ സുരേഷ്  കരുത്തുകാട്ടുമെന്നാണ് സർവേ പ്രവചിക്കുന്നത്. എൽഡിഎഫിന്‍റെ ചിറ്റയം ഗോപകുമാറിനേക്കാള്‍ 13 ശതമാനത്തോളം പിന്തുണ കൊടിക്കുന്നിൽ കൂടുതൽ നേടുമെന്നാണ് പ്രവചനം.

പത്തനംതിട്ട 

ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നുവെന്നാണ് സർവേ പ്രവചിക്കുന്നത്. ആന്‍റോ ആന്‍റണിയിലൂടെ യുഡിഎഫ് മണ്ഡലം 
നിലനിര്‍ത്തുമ്പോള്‍, എന്‍ഡിഎയുടെ കെ സുരേന്ദ്രന്‍ അട്ടിമറി ഭീഷണി ഉയര്‍ത്തി തൊട്ടുപിന്നിലുണ്ട്. ഇവിടെ ഏറെ പിന്നിലാണ് എൽഡിഎഫെന്ന് സർവേ പ്രവചിക്കുന്നു. ആന്‍റോ ആന്‍റണിക്ക് 36 ശതമാനം വോട്ട് വിഹിതവും കെ സുരേന്ദ്രന് 35 ശതമാനം വോട്ട് വിഹിതവും വീണ ജോർജിന് 20 ശതമാനം വോട്ട് വിഹിതവും സർവേ പ്രവചിക്കുന്നു.

കൊല്ലം
 
കൊല്ലം യുഡിഎഫിന്‍റെ എന്‍ കെ പ്രേമചന്ദ്രന്‍ നിലനിര്‍ത്തുമെന്നാണ് പ്രവചനം. എൽഡിഎഫിന്‍റെ കെ എന്‍ ബാലഗോപാലിനേക്കാള്‍ 12 ശതമാനത്തോളം പേരുടെ പിന്തുണ പ്രേമചന്ദ്രന് അധികമായുണ്ടെന്നാണ് സർവേ പ്രവചിക്കുന്നത്.

ആറ്റിങ്ങൽ

ഇഞ്ചോടിഞ്ച് പോരാട്ടം ദൃശ്യമായ ആറ്റിങ്ങലില്‍ എ സമ്പത്ത് ഇടതുകോട്ട കാക്കുമെന്നാണ് പ്രവചനം. 35 ശതമാനം വോട്ട് വിഹിതം നേടുന്ന അടൂര്‍ പ്രകാശിനേക്കാള്‍ നിലവില്‍ ഒരു ശതമാനത്തിന്‍റെ മാത്രം ലീഡാണ് സമ്പത്തിനുള്ളത്.

തിരുവനന്തപുരം

തിരുവനന്തപുരത്ത് താമര വിരിയുമെന്നാണ് സര്‍വേ കണ്ടെത്തുന്നത്. കുമ്മനം രാജശേഖരന് 40ശതമാനത്തിന്‍റെ പിന്തുണയുളളപ്പോള്‍ സിറ്റിംഗ് എംപിയായ ശശി തരൂര്‍ 34  ശതമാനവുമായി രണ്ടാമതാണ്. 25 ശതമാനം പിന്തുണയാണ് എൽഡിഎഫിന്‍റെ സി ദിവാകരനുള്ളതെന്ന് സർവേ കണ്ടെത്തുന്നു.

ഫെബ്രുവരിയിൽ നടത്തിയ ആദ്യ ഘട്ട സര്‍വേയിൽ യുഡിഎഫിന് 14 മുതൽ 16 സീറ്റും സിപിഎമ്മിന് 3 മുതൽ 5 സീറ്റും എന്‍ഡിഎക്ക് പൂജ്യം മുതൽ രണ്ട് സീറ്റും വരെയായിരുന്നു പ്രവചനം. പുതിയ സര്‍വേയിൽ എല്‍ഡിഎഫും എന്‍ഡിഎയും വോട്ടുവിഹിതം മെച്ചപ്പെടുത്തുമ്പോഴും , കേരളം യുഡിഎഫിനൊപ്പം തന്നെയെന്ന വിലയിരുത്തലില്‍ മാറ്റമില്ല.

loader