ശബരിമലയേക്കാൾ തൊഴിലില്ലായ്മയും അഴിമതിയും വികസനവും വോട്ടർമാരിൽ കൂടുതൽ സ്വാധീനം ചെലുത്തുമെന്നാണ് സർവേയിൽ തെളിഞ്ഞത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം വോട്ടർമാരിൽ വലിയ സ്വാധീനം ആകില്ലെന്നും അഭിപ്രായം രേഖപ്പെടുത്തിയവരിൽ ഭൂരിപക്ഷം പേരും പറഞ്ഞു.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം തെരഞ്ഞെടുപ്പ് ഫലത്തിൽ വലിയ സ്വാധീനം ചെലുത്തില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് AZ റിസർച്ച് പാർട്ണേഴ്സ് അഭിപ്രായ സർവ്വേഫലം വ്യക്തമാക്കുന്നു. അതേസമയം ശബരിമല വിഷയം എൻഡിഎക്ക് ഗുണം ചെയ്യുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്
AZ റിസർച്ച് പാർട്നേഴ്സിൻറെ രണ്ടാം സർവേയിൽ പങ്കെടുത്തവരുടെ അഭിപ്രായം. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം വലിയ ചലനം ഉണ്ടാക്കില്ലെന്നും സർവേ സൂചിപ്പിക്കുന്നു.
ശബരിമല നിർണ്ണായക സ്വാധീനമാകില്ല
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ ഏഷ്യാനെറ്റ് ന്യൂസ് AZ റിസർച്ച് പാർട്ണേഴ്സ് നടത്തിയ രണ്ടാംഘട്ട അഭിപ്രായസർവ്വേയിൽ ആദ്യ ഘട്ടത്തെ അപേക്ഷിച്ച് വോട്ടർമാരുടെ മനോഗതിയിൽ പ്രകടമായ മാറ്റമാണ് ദൃശ്യമായത്. ഫെബ്രുവരിയിൽ പുറത്തുവിട്ട സർവേയിൽ 64 ശതമാനം പേർ ശബരിമല പ്രധാന വിഷയമായി കണ്ടു. രണ്ടാംഘട്ട സർവേയിൽ ശബരിമലയുടെ സ്വാധീനം 17 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്മയും അഴിമതിയും വികസനവും വോട്ടർമാരിൽ കൂടുതൽ സ്വാധീനം ചെലുത്തുമെന്നാണ് സർവേയിൽ തെളിഞ്ഞത്.
ശബരിമല വോട്ടാകുമെന്ന് 34 ശതമാനം പേരും ഇല്ലെന്ന് 59 ശതമാനവും പറയുന്നു. ആദ്യഘട്ട സർവ്വേയിൽ ശബരിമലയുടെ രാഷ്ട്രീയ നേട്ടം യുഡിഎഫിനെന്നായിരുന്നെങ്കിൽ രണ്ടാം ഘട്ടത്തിൽ എൻഡിഎക്ക് കൂടുതൽ നേട്ടമെന്നാണ് സർവേയുടെ പ്രവചനം.
രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം ചലനമുണ്ടാക്കില്ല
കേരളത്തിലെ രാഹുൽ ഇഫക്ടിനോട് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗവും മുഖം തിരിക്കുന്നു. കോൺഗ്രസ് അധ്യക്ഷന്‍റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ഗതി മാറ്റുമോ എന്ന ചോദ്യത്തിന് 64 ശതമാനം പേരും ഇല്ലെന്നാണ് മറുപടി നൽകിയത്. കോൺഗ്രസ് അധ്യക്ഷൻ വയനാടൻ ചുരം കയറേണ്ടിയിരുന്നില്ലെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും പറയുന്നത്.
നരേന്ദ്രമോദി വീണ്ടും വരില്ലെന്ന് ഭൂരിപക്ഷം
നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരില്ലെന്ന അഭിപ്രായം പങ്കിട്ടത് സർവേയിൽ പങ്കെടുത്ത 61 ശതമാനം പേരാണ്. മോദി ഒരിക്കലും പ്രധാനമന്ത്രിയാകരുതെന്ന് പറഞ്ഞത് 54 ശതമാനം പേരാണ്. അതേസമയം പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിയേക്കാൾ പിന്തുണ രാഹുൽഗാന്ധിക്കുണ്ട്. രാഹുൽ പ്രധാനമന്ത്രിയാകാൻ യോഗ്യനെന്ന് സർവേയിൽ പങ്കെടുത്ത 22 ശതമാനം പേർ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ കൊലപാതകങ്ങളും പ്രളയ പുനരധിവാസവും സ്വാധീനിക്കും
രാഷ്ട്രീയ കൊലപാതകങ്ങൾ വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരുടേയും അഭിപ്രായം. പ്രളയപുനരധിവാസം സ്വാധീനിക്കുമെന്നും അഭിപ്രായം തേടിയ ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Apr 14, 2019, 11:24 PM IST
Post your Comments