വടകരയിൽ പി ജയരാജന് അടിപതറുമോ? ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സർവേ ഫലം

By Web TeamFirst Published Apr 14, 2019, 8:15 PM IST
Highlights

38 ശതമാനം വോട്ട് പി ജയരാജൻ നേടുമ്പോൾ 45 ശതമാനം വോട്ട് ഷെയറുമായി പി ജയരാജനെ തോൽപ്പിച്ച് മുരളീധരൻ കോൺഗ്രസിനുവേണ്ടി മണ്ഡലം നിലനിർത്തുമെന്നാണ് സർവേ ഫലം. ബിജെപിക്ക് 13 ശതമാനം വോട്ട് നേടുമെന്നും സർവേ ഫലം.

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും തീപാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വടകര. കേരള രാഷ്ട്രീയത്തിലെ താരപ്പോരാട്ടമാണ് വടകരയിലേത്. പി ജയരാജനും കെ മുരളീധരനും നേരിട്ട് ഏറ്റുമുട്ടുമ്പോൾ വടകരയുടെ അങ്കത്തട്ടിൽ തീ പാറുകയാണ്. പ്രവചനങ്ങൾക്ക് പിടികൊടുക്കാതെ മാറിമറിഞ്ഞ മത്സരഫലങ്ങളാണ് വടകരയുടെ മത്സര ചരിത്രം. 1971 മുതൽ തുടർച്ചയായി ആറ് തവണ യുഡിഎഫിന് ഒപ്പം നിന്ന മണ്ഡലം. പിന്നീട് തുടർച്ചയായി ഇടതുപക്ഷത്തിനൊപ്പം നിന്നു. ഒന്നര ലക്ഷത്തിനടുത്ത ഭൂരിപക്ഷം വരെ സിപിഎമ്മിന്‍റെ സതീദേവി വടകരയിൽ നേടിയിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്‍റെ വധത്തിന് ശേഷം നടന്ന 2014ലെ തെരഞ്ഞടുപ്പിൽ സിപിഎമ്മിന്‍റെ എ എൻ ഷംസീറിനെ തോൽപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിനുവേണ്ടി മണ്ഡലം തിരിച്ചുപിടിച്ചു. ഇത്തവണയും വലിയ വ്യത്യാസത്തിൽ യുഡിഎഫ് മണ്ഡലം നിലനിർത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് AZ റിസർച്ച് പാർട്ണേഴ്സ് സർവേ ഫലം.

38 ശതമാനം വോട്ട് പി ജയരാജൻ നേടുമ്പോൾ 45 ശതമാനം വോട്ട് ഷെയറുമായി കെ മുരളീധരൻ കോൺഗ്രസിനുവേണ്ടി മണ്ഡലം നിലനിർത്തുമെന്നാണ് സർവേ ഫലം. നിയമസഭാ തെരഞ്ഞെടുപ്പുകളുടേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം ഇടതിന് അനുകൂലമായിരുന്നു. ഇടതുപക്ഷത്തിന്‍റെ ശക്തമായ സംഘടനാ സംവിധാനവും പി ജയരാജന്‍റെ പാർട്ടി അണികൾക്കിടയിലെ സ്വാധീനവും പ്രഭാവവും ചേർന്നിട്ടും കെ മുരളീധരൻ എഫക്ടും സിപിഎമ്മിന്‍റേത് അക്രമ രാഷ്ട്രീയമാണ് എന്ന കോൺഗ്രസിന്‍റെ കൊണ്ടുപിടിച്ച പ്രചാരണവും ഫലം കാണുന്നു എന്നുവേണം വിലയിരുത്താൻ. എന്തുവന്നാലും ജയിക്കണം എന്ന ലക്ഷ്യവുമായി ഏറ്റവും ശക്തരായ സ്ഥാനാർത്ഥികളെ ഇടതുപക്ഷവും യുഡിഎഫും ഇറക്കിയപ്പോൾ വടകരക്കാരനായ വി കെ സജീവനെയാണ് ബിജെപി രംഗത്തിറക്കിയത്. ബിജെപിക്ക് 13 ശതമാനം വോട്ട് നേടാനാകും എന്നാണ് സർവേ ഫലം.

വടകര മണ്ഡലത്തിലെ ആകെ വോട്ടർമാർ 12,28,969 പേരാണ്.  സമ്മതിദായകരിൽ 5,83,950 പുരുഷൻമാരും 6,45,019 സ്ത്രീകളുമുണ്ട്. കൂടാതെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽനിന്ന് ഏഴ് വോട്ടർമാരും സമ്മതിദായക പട്ടികയിലുണ്ട്. 

click me!