
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വ്യത്യസ്ത മേഖലയിലും പ്രദേശങ്ങളിലും വ്യക്തിത്വങ്ങളും സ്വഭാവങ്ങളുമുള്ള ഒരു കൂട്ടം മത്സരാർത്ഥികളെ ഒരു വീടിനുള്ളിൽ താമസിപ്പിക്കും. അവർക്ക് പുറംലോകവുമായി യാതൊരുവിധ ബന്ധവും ഉണ്ടായിരിക്കില്ല. ഹൗസിനുള്ളിലെ പ്രകടനവും ടാസ്കും ഗെയിമും നല്ലതുപോലെ ചെയ്ത്, എല്ലാറ്റിനും ഉപരിയായി പ്രേക്ഷക വോട്ട് നേടി പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറുന്ന ഒരാൾ ബിഗ് ബോസിന്റെ കപ്പുയർത്തും. ഇതാണ് ബിഗ് ബോസ് ഷോ. നിലവിൽ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, മലയാളം തുടങ്ങിയ ഭാഷകളിൽ ഷോ നടക്കുന്നുണ്ട്.
മലയാളത്തിൽ സീസൺ 7 കഴിഞ്ഞിരിക്കുകയാണ്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയിൽ വിന്നറായത് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ അനുമോളാണ്. അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ എന്നിവരായിരുന്നു ടോപ് 5ൽ എത്തിയത്. ഇതിൽ അനീഷ് റണ്ണറപ്പുമായി. ഷാനവാസ് മൂന്നാം സ്ഥാനവും നെവിൻ നാലാം സ്ഥാനവും അക്ബർ അഞ്ചാം സ്ഥാനവും നേടിയിരുന്നു. ഏഴിന്റെ പണിയുമായി എത്തിയ സീസൺ സമാപിക്കുമ്പോൾ പുതിയ സീസണിനെ കുറിച്ചുള്ള ചോദ്യങ്ങളും ബിഗ് ബോസ് പ്രേക്ഷകരിൽ നിന്നും ഉയർന്നു കഴിഞ്ഞു. ഇതിന് മോഹൻലാൽ തന്നെ മറുപടി നൽകിയിരിക്കുകയാണ്.
ബിഗ് ബോസ് മലയാളം സീസൺ 8 ഉണ്ടാകുമെന്ന് ഗ്രാന്റ് ഫിനാലെ വേദിയിൽ വച്ച് മോഹൻലാൽ പറഞ്ഞിരുന്നു. "ഏഴിന്റെ പണി കഴിഞ്ഞു. അടുത്തത് എട്ടിന്റെ പണിയുമായി നമുക്ക് വീണ്ടും കാണാം. എല്ലാവർക്കും നല്ലത് വരട്ടെ", എന്ന് പറഞ്ഞായിരുന്നു മോഹൻലാൽ ഇന്നലെ ഷോ അവസാനിപ്പിച്ചത്. ഇതിനിടയിൽ സ്പൈ കുട്ടൻ എന്ന റോബോട്ടുമായി രസകരമായ സംഭാഷണവും മോഹന്‍ലാല്‍ നടന്നിരുന്നു. ഈ സീസണിൽ മുഴുവനും സ്പൈ കുട്ടൻ സ്റ്റാറായിരുന്നു. അടുത്ത സീസണിൽ മത്സരാർത്ഥിയായി വന്നോട്ടെ എന്ന് തന്നോട് ചോദിച്ചുവെന്നാണ് മോഹൻലാൽ രസകരമായി പറഞ്ഞത്. സ്പൈ കുട്ടനും വേദിയിലുണ്ടായിരുന്നു. ബിബി 8ലെ ആദ്യ മത്സരാർത്ഥി എത്തിയല്ലോ എന്നാണ് പ്രേക്ഷകർ കമന്റുകളായി രേഖപ്പെടുത്തിയത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ