
കാത്തിരിപ്പിനു ശേഷം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ അനുമോൾ ബിഗ്ബോസ് മലയാളം സീസൺ 7 കപ്പുയർത്തിയിരിക്കുകയാണ്. സീസൺ 4-ൽ കപ്പുയർത്തിയ ദിൽഷക്കു ശേഷം ബിഗ്ബോസ് ടൈറ്റിൽ വിന്നറാകുന്ന വനിത എന്ന പ്രത്യേകതയും അനുമോൾക്കുണ്ട്. അനുമോളെ സ്വീകരിക്കാൻ പോകുന്നതിനിടെ, പിആർ വിവാദത്തെക്കുറിച്ചൊക്കെ പ്രതികരിക്കുകയാണ് അനുമോളുടെ സഹോദരി.
''ഒരുപാടു പേർ ഞങ്ങളെ വിളിക്കുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്തു. വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു. ഇനിയവളെ നേരിട്ടൊന്ന് കണ്ടാൽ മതി. ഇത്രയും ദിവസം ആദ്യമായിട്ടാണ് മാറിനിൽക്കുന്നത്. എനിക്കവളെ ഒന്ന് കാണണം, കെട്ടിപ്പിടിക്കണം. വീട്ടുകാരും നാട്ടുകാരുമെല്ലാം അഭിമാനിക്കുന്ന നിമിഷം ആണിത്'',എന്ന് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അനുമോളുടെ സഹോദരി പറഞ്ഞു.
പിആറിന്റെ ബലത്തിലാണ് അനുമോൾ ജയിച്ചതെന്ന് പറയുന്നവരോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തോട് കിട്ടാത്ത മുന്തിരി പുളിക്കും എന്നായിരുന്നു അനുമോളുടെ സഹോദരി നൽകിയ ഉത്തരം. ''ഫസ്റ്റ് എപ്പിസോഡ് മുതൽ ലാസ്റ്റ് എപ്പിസോഡ് വരെ അനു എത്രത്തോളം കണ്ടന്റ് കൊടുത്തിട്ടുണ്ടെന്നും എന്തുമാത്രം പരിശ്രമിച്ചെന്നും എത്രത്തോളം ആക്ട്ടീവ് ആയിരുന്നെന്നും നിങ്ങൾക്ക് അറിയാം. അത് പിആറിന്റെ തലയിലിട്ട് ഡീഗ്രേഡ് ചെയ്തത് മറ്റുള്ളവരാണ്. പക്ഷേ, പുറത്തുള്ളവർക്കും നാട്ടുകാർക്കും അവളെ സ്നേഹിക്കുന്നവർക്കും ആരാധകർക്കുമെല്ലാം അറിയാം, അനു എത്രമാത്രം ആ ഷോയ്ക്കു വേണ്ടി ഡെഡിക്കേറ്റഡ് ആയി നിന്നിട്ടുണ്ടെന്ന്. അവൾ ഈ കപ്പ് നേടാൻ അർഹയാണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. പക്ഷേ അത് അംഗീകരിക്കാത്തവരാണ് ഇതെല്ലാം പിആറിന്റെ തലയിൽ ഇടുന്നത്'', എന്നും സഹോദരി കൂട്ടിച്ചേർത്തു.
അനീഷിന്റെ പ്രൊപ്പോസൽ ജനുവിനായിട്ട് തോന്നിയില്ലെന്നും അവസാന ദിവസങ്ങളിൽ അത്രയും ഒറ്റപ്പെട്ടപ്പോൾ അവൾക്ക് അനീഷ് ഒരു പിന്തുണ കൊടുക്കുന്നത് താൻ കണ്ടില്ലെന്നും അനുവിന്റെ സഹോദരി പ്രതികരിച്ചു. അത് ഗെയിമിന്റെ ഭാഗമാണോ എന്ന് അറിയില്ല. അനു വരുമ്പോൾ അവളോടു തന്നെ ചോദിക്കണമെന്നും സഹോദരി കൂട്ടിച്ചേർത്തു.