
ബിഗ് ബോസ് മലയാളം സീസൺ 7 ഫൈനലിലേക്ക് അടുക്കുകയാണ്. ഇതിനകം പ്രേക്ഷക പ്രീയം നേടിയ മത്സരാർത്ഥികൾ ഷോയ്ക്കുള്ളിലുണ്ട്. അവരിൽ രണ്ടുപേരാണ് ആദിലയും നൂറയും. ഒരു മത്സരാർത്ഥിയായി എത്തി പിന്നീട് ഇരു മത്സരാർത്ഥികളായി മാറിയവരാണ് 'പൂമ്പാറ്റ' എന്ന് വിശേഷിപ്പിക്കുന്ന ഈ ലെസ്ബിയൻ കപ്പിൾസ്. ഇവരുടെ ഐഡന്റിറ്റിയുമായും വീട്ടുകാരുമായും ബന്ധപ്പെട്ട് ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വിമർശനങ്ങൾ തന്നെയാണ് ഇവരെ പ്രേക്ഷക പ്രിയങ്കരരാക്കിയതും. ഇരുവരുടെയും ബന്ധം സ്വന്തം വീട്ടുകാർ അംഗീകരിക്കാത്തത് കൊണ്ടുതന്നെ ഫാമിലി വീക്ക് വന്നപ്പോൾ ആദിലയ്ക്കും നൂറയ്ക്കും വിഷമം ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ അക്ബർ പരിഹസിക്കുകയും ചെയ്തത് പ്രേക്ഷകർ കണ്ടതാണ്.
ഒടുവിൽ ഫാമിലി വീക്കിൽ ഓരോ മത്സരാർത്ഥികളുടേയും വീട്ടുകാരെത്തിയപ്പോൾ ആദിലയേയും നൂറയേയും ചേർത്തണച്ചു. പ്രത്യേകിച്ച് ആര്യന്റെ അമ്മ. ആദിലയും നൂറയും തന്റെ മക്കളാണെന്നും എപ്പോൾ വേണമെങ്കിലും അവർക്ക് വീട്ടിൽ വരാമെന്നുമെല്ലാം ആര്യന്റെ അമ്മ പറഞ്ഞത് പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. അനുവിന്റെ അമ്മയും ഇരുവരേയും കെട്ടിപിടിച്ച് ഉമ്മവച്ചതെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. അമ്മമാരെല്ലാം തിരികെ പോയ ശേഷം ആദിലയും നൂറയും നടത്തിയ സംഭാഷണം ഏറെ ശ്രദ്ധേയമാണ്.
തങ്ങളുടെ വീട്ടുകാർ വന്നില്ലെങ്കിലെന്താണെന്നും തങ്ങളെ സ്നേഹിക്കുന്ന കുറേ വീട്ടുകാര് വന്നല്ലോ എന്നുമെല്ലാണ് ആദിലയും നൂറയും പരസ്പരം പറയുന്നത്. "നമ്മുടെ വീട്ടുകാര് വന്നില്ലെങ്കിലെന്താ. അതുപോലത്തെ കുറേ വീട്ടുകാര് വന്നില്ലേ. നമ്മളെ ഇഷ്ടമുള്ള. ഇവിടെ ഉള്ളവരോട് നന്ദിയാണ് തോന്നുന്നത്. അവരുള്ളത് കൊണ്ടാണല്ലോ കുടുംബക്കാര് വന്നത്", എന്നായിരുന്നു ആദില പറഞ്ഞത്. "എനിക്കൊരു സങ്കടവും തോന്നിയില്ല. നമ്മുടെ വീട്ടുകാര് വന്നില്ലല്ലോ എന്ന സങ്കടമൊന്നും ഇല്ല. സന്തോഷം തോന്നി", എന്നായിരുന്നു നൂറയുടെ വാക്കുകൾ.