
ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ ആവേശകരമായ ആറാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഏഴിന്‍റെ പണി എന്ന ടാഗ് ലൈനുമായി എത്തിയിരിക്കുന്ന സീസണ്‍ 7 മുന്‍ സീസണുകളില്‍ നിന്നൊക്കെ വ്യത്യസ്തമായ രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. 19 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ പിന്നീട് അഞ്ച് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ കൂടി എത്തി. ആറ് പേര്‍ ഇതിനകം എവിക്റ്റ് ആയ സീസണില്‍ മറ്റൊരു മത്സരാര്‍ഥിയായ രേണു സുധി സ്വന്തം തീരുമാനപ്രകാരം പുറത്തുപോയിരുന്നു. ഇപ്പോഴിതാ നിലവിലെ മത്സരാര്‍ഥികളെ ഒന്നാകെ ഞെട്ടിച്ച ഒരു എന്‍ട്രി ബിഗ് ബോസില്‍ സംഭവിച്ചിരിക്കുകയാണ്.
ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയി അഖില്‍ മാരാരുടെ ഹൗസിലേക്കുള്ള എന്‍ട്രിയാണ് അത്. ഇതിന്‍റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. സ്റ്റോര്‍ റൂമിന്‍റെ വാതില്‍ തുറന്ന് തികച്ചും അപ്രതീക്ഷിതമായി മത്സരാര്‍ഥികള്‍ക്ക് അരികിലേക്ക് എത്തുന്ന അഖില്‍ മാരാരെ പ്രൊമോ വീഡിയോയില്‍ കാണാം. എല്ലാവരും ഈ സമയം ബിഗ് ബോസ് വിളിച്ചുകൂട്ടിയത് അനുസരിച്ച് ലിവിംഗ് ഏരിയയില്‍ ആണ്. അഖില്‍ മാരാരെ കാണുന്ന മത്സരാര്‍ഥികളുടെ മുഖഭാവങ്ങളാണ് പ്രൊമോയുടെ ഹൈലൈറ്റ്. അഖില്‍ മാരാര്‍ക്കൊപ്പം സീസണ്‍ 5 ലെ അദ്ദേഹത്തിന്‍റെ സഹമത്സരാര്‍ഥികള്‍ ആയിരുന്ന അഭിഷേക്, സെറീന എന്നിവരും ഹൗസിലേക്ക് പിന്നാലെ എത്തുന്നുണ്ട്.
താന്‍ ആദ്യമായി നായകനായി അഭിനയിച്ച മലയാള ചിത്രം മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലിയുടെ പ്രചരണാര്‍ഥമാണ് അഖില്‍ മാരാര്‍ ബിഗ് ബോസിലേക്ക് വീണ്ടും എത്തിയിരിക്കുന്നത് എന്നാണ് സൂചന. അതിര്‍ത്തിയിലുള്ള മലയോര ഗ്രാമം പശ്‍ചാത്തലമാക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സെറീന ആണ് ചിത്രത്തിനെ നായിക. അഭിഷേക് ശ്രീകുമാറും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാബു ജോണ്‍ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും.
ബിഗ് ബോസ് മലയാളം മുന്‍ സീസണുകളില്‍ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥികളുടെ കൂട്ടത്തിലാണ് അഖില്‍ മാരാരുടെ സ്ഥാനം. അതിനാല്‍ത്തന്നെ കുറച്ച് നേരത്തേക്ക് ആവാമെങ്കിലും അഖിലിന്‍റെ സീസണ്‍ 7 ലെ സാന്നിധ്യം നിലവിലെ മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും ആവേശം പകരുമെന്ന് ഉറപ്പാണ്. മത്സരാര്‍ഥികളോടുള്ള അഖിലിന്‍റെ സംസാരവും പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്നാണ്.