
ബിഗ് ബോസ് മലയാളം സീസൺ 5 ലെ വിജയിയായ അഖിൽ മാരാർക്ക് കപ്പ് കിട്ടിയത് താൻ കൊടുത്ത ഗിഫ്റ്റ് ആണെന്ന് കഴിഞ്ഞ ദിവസം സീസണിലെ സഹ മത്സരാർത്ഥിയായിരുന്ന ശോഭ വിശ്വനാഥ് പറഞ്ഞിരുന്നു. അഖിൽ മാരാർ ഫിസിക്കൽ അസോൾട്ട് നടത്തിയത് താനോ ജുനൈസോ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിൽ അഖിൽ പുറത്താവുമായിരുന്നുവെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ പ്രതികരണത്തിലാണ് ശോഭ പറഞ്ഞത്. ഇതിന് പിന്നാലെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ശോഭയെ വിമർശിച്ചുകൊണ്ട് മുന്നോട്ട് വന്നത്. ഇപ്പോഴിതാ ശോഭക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഖിൽ മാരാർ.
തനിക്ക് ബിഗ് ബോസ് ട്രോഫി ഗിഫ്റ്റായാണ് തന്നതെങ്കിൽ പ്രേക്ഷകർ കഷ്ടപ്പെട്ട് ചെയ്ത വോട്ടെല്ലാം പാഴായി പോയി എന്നാണ് അഖിൽ മാരാർ പറയുന്നത്. താൻ ഫിസിക്കൽ അസോൾട്ട് ചെയ്തെങ്കിൽ അത് റിപ്പോർട്ട് ചെയ്ത് തന്നെ പുറത്താക്കാനുള്ള ബുദ്ധി ശോഭയ്ക്ക് വേണമായിരുന്നുവെന്നും, എന്നാൽ അതില്ലാതെ പോയെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ അഖിൽ മാരാർ പറഞ്ഞു.
"നമുക്കിന്ന് കഥയല്ലിത് ജീവിതം എന്ന കഥന കഥയിലേക്ക് കടക്കാം. അത് തിരുവനന്തപുരത്തുള്ള ഒരു കഥന കഥയാണ്. അങ്ങനെ എനിക്ക് ഗിഫ്റ്റ് കിട്ടിയ ഒരു കപ്പാണ്, നിങ്ങൾക്കറിയാമല്ലോ ഹോട്ട്സ്റ്റാർ ഡൗൺലോഡ് ചെയ്ത് ഈ ഷോയൊക്കെ കണ്ട് നമ്മളെ സപ്പോർട്ട് ചെയ്ത് നിങ്ങളൊക്കെ ചെയ്ത വോട്ടെല്ലാം പാഴായി. ഇതെനിക്ക് ഗിഫ്റ്റ് തന്നതാ, ആരാ എന്നറിയാമോ? തിരുവന്തോരത്തുള്ള സുഹൃത്ത് എനിക്ക് ഗിഫ്റ്റ് തന്നതാ, പേര് ഞാൻ പറയില്ല. പേര് പറഞ്ഞാൽ കൊണ്ടുപോയി കേസ് കൊടുക്കും. കേരളത്തിൽ സൈബർ പൊലീസിന് നോക്കാൻ വേണ്ടി ഒരുപാട് പ്രശ്നങ്ങളുണ്ട്. സാധാരണ പൊലീസ് സ്റ്റേഷനെക്കാളും ഏറ്റവും കൂടുതൽ പ്രശ്നങ്ങളും കേസുകളും നടക്കുന്നത് സൈബർ പോലീസിൽ ആണ്. അപ്പൊ അവിടെ രാവിലെ തൊട്ട് ഈ തിരുവന്തോരത്തുള്ള ആള് പോയി കേസ് കൊടുക്കും, സോഷ്യൽ മീഡിയയിൽ കമന്റ് ഇട്ടാൽ കേസ്, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കേസ്, പേര് പറഞ്ഞാൽ കേസ്..." അഖിൽ മാരാർ പറഞ്ഞു.
"ഗിഫ്റ്റ് തന്ന ആള് പറയുന്നത്, അന്ന് ബിഗ് ബോസ്സിൽ വെച്ചിട്ട്, അവരൊരു വാക്ക് ലാലേട്ടനോട് പറഞ്ഞിരുന്നെങ്കിൽ, ആ നിമിഷം എന്നെ പുറത്താക്കാൻ വേണ്ടി അവരിരുന്നതാ. അത് സത്യമാണ്. എന്നെ ഏത് വിധേനെയും പുറത്താക്കണമെന്ന് ആഗ്രഹിച്ച ആൾക്കാർ, ശോഭയ്ക്കൊരു കപ്പ് കൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്ന ആളുണ്ടല്ലോ അതിനകത്ത്. പ്രിയപ്പെട്ടവർ ഒരുപാട് ഉണ്ടായിരുന്നല്ലോ അന്ന്. ആ പ്രിയപ്പെട്ടവരുടെ വാക്കും വിശ്വസിച്ച് അകത്തോട്ട് പോയ ആളാണല്ലോ, അതുകൊണ്ട് പ്രിയപ്പെട്ടവർ ഒരുപാട് ആഗ്രഹിച്ചു. എന്താടി ശോഭേ നീ ആ കാലമാടനെ പുറത്താക്കാൻ ഒരവസരം കിട്ടിയിട്ട്, നീ പുറത്താക്കാതെയിരുന്നത്. അതിനാണ് ബുദ്ധി വേണമെന്ന് പറയുന്നത്, അതില്ല. തലക്കകത്ത് കളിമണ്ണ് ആണെങ്കിലും തലച്ചോറ് കുറെ വർക്ക് ചെയ്യും. ഇത് അതുമില്ല." അഖിൽ കൂട്ടിച്ചേർത്തു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ