
ബിഗ് ബോസ് മലയാളം സീസണ്‍ 3 രണ്ടാഴ്ച പിന്നിടവെ മികച്ച പ്രേക്ഷകപ്രതികരണം നേടിയിട്ടുണ്ട്. ആദ്യ രണ്ട് സീസണുകളില്‍ നിന്ന് വിഭിന്നമായി 14 മത്സരാര്‍ഥികളെ വച്ചാണ് ഇത്തവണ ഷോ ആരംഭിച്ചത്. എന്നാല്‍ ഈ കുറവ് നികത്താനെന്നോണം ഒരു കോംബോ മത്സരാര്‍ഥിയടക്കം മൂന്നുപേര്‍ ആദ്യ വാരാന്ത്യത്തില്‍ ഹൗസിലേക്ക് എത്തി. ഒറ്റ മത്സരാര്‍ഥിയായി ദമ്പതികളായ ഫിറോസും സജിനയും കൂടാതെ മിഷേല്‍ എന്ന യുവനടിയും. ഈ സീസണിലെ ആദ്യ എലിമിനേഷന്‍ നടക്കുമെന്ന് കരുതപ്പെടുന്ന വാരാന്ത്യ എപ്പിസോഡുകളാണ് ഇന്നും നാളെയും. എന്നാല്‍ എലിമിനേഷനൊപ്പം പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും ഈ വാരാന്ത്യത്തില്‍ സംഭവിക്കുമോ? അത്തരത്തിലൊരു സൂചന നല്‍കുന്നതാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോ.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായ മത്സരാര്‍ഥികള്‍ മുന്നിലെ പ്രധാന വാതില്‍ തുറന്ന് ഹൗസിലേക്ക് കടന്നുവരുമ്പോള്‍ ഉച്ചത്തില്‍ പാട്ട് കേള്‍പ്പിക്കാറുണ്ട്. അത്തരത്തില്‍ ഒരു ചലച്ചിത്രഗാനം പ്ലേ ചെയ്യുമ്പോള്‍ മറ്റു മത്സരാര്‍ഥികള്‍ ആകാംക്ഷയോടെ വാതിലിനടുത്തേക്ക് വരുന്നത് വീഡിയോയില്‍ കാണാം. പ്രധാന വാതില്‍ തുറക്കുന്നതും. കട്ടിന് ശേഷമുള്ള ഒരു ചെറിയ ഷോട്ടില്‍ ഹൗസിന്‍റെ മുന്‍വാതിലിന് പുറത്ത് ഒരു യുവതി നില്‍ക്കുന്നതായും കാണാം. 'ബിഗ് ബോസ് വീട്ടിലേക്ക് വലതുകാല്‍ എടുത്തുവെക്കാന്‍ പോകുന്ന എന്‍ട്രികള്‍ ആരൊക്കെ' എന്നാണ് വീഡിയോക്ക് ഏഷ്യാനെറ്റ് നല്‍കിയിരിക്കുന്ന തലക്കെട്ട്.
വൈല്‍ഡ് കാര്‍ഡ് എൻട്രികള്‍ സംഭവിക്കുമ്പോള്‍ തലേദിവസത്തെ എപ്പിസോഡ് അവസാനിക്കുന്ന സമയത്തുതന്നെ അതിന്‍റെ പ്രൊമോ ബിഗ് ബോസ് അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ഇന്നലത്തെ എപ്പിസോഡില്‍ അത്തരമൊരു പ്രൊമോ ഉണ്ടായിരുന്നില്ല. വൈല്‍ഡ് കാര്‍ഡ് അല്ലാതെയും അപൂര്‍വ്വമായി ചില 'എന്‍ട്രികള്‍' ബിഗ് ബോസ് ഹൗസിലേക്ക് ത്താറുണ്ട്. കഴിഞ്ഞ സീസണില്‍ ധര്‍മ്മജന്‍റെ എന്‍ട്രി ഉദാഹരണം. വൈല്‍ഡ് കാര്‍ഡ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ധര്‍മ്മജനെ അവതരിപ്പിച്ചതെങ്കിലും ഒറ്റ ദിവസത്തെ സ്പെഷല്‍ സ്റ്റേ മാത്രമായിരുന്നു അദ്ദേഹത്തിന്‍റേത്. ഏതായാലും പുതിയ പ്രൊമോയ്ക്കുതാഴെ പ്രേക്ഷകര്‍ പ്രവചനം ആരംഭിച്ചിട്ടുണ്ട്. ജൂലൈറ്റിന്‍റെ യൂണിഫോം ഡിംപലിനെ ഏല്‍പ്പിക്കാനെത്തുന്ന തിങ്കള്‍ ഭാല്‍ ആയിരിക്കാം ഇന്നത്തെ സര്‍പ്രൈസ് എന്‍ട്രി എന്നതാണ് കൗതുകകരമായ ഒരു പ്രവചനം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ