ഷിജിൻ, രാഹുൽ ഈശ്വർ എന്നിവരുൾപ്പെടെ ഏഴ് പേരാണ് ഇത്തവണ ഡേഞ്ചർ സോണിൽ ഉള്ളത്.

ബിഗ് ബോസ് മലയാളം സീസണ്‍ 8 അതിന്‍റെ ആവേശകരമായ എട്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. തിങ്കളാഴ്ചയാണ് അടുത്ത ഒരു വാരത്തെ നോമിനേഷന്‍ ലിസ്റ്റ് ആവുക. ഇന്നും ഓരോ മത്സരാര്‍ഥിയും ഈരണ്ട് സഹമത്സരാര്‍ഥികളെ വീതം നോമിനേറ്റ് ചെയ്തതില്‍ നിന്ന് പുതിയ നോമിനേഷന്‍ ലിസ്റ്റ് ബിഗ് ബോസ് പ്രഖ്യാപിച്ചു. ഈ ലിസ്റ്റ് അനുസരിച്ചാവും പ്രേക്ഷകര്‍ അടുത്ത ഒരു വാരം വോട്ട് ചെയ്യേണ്ടത്. ഏഴ് പേരാണ് ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മൃദുല, അഞ്ജലി, വേദാംഗി, രാഹുല്‍ ഈശ്വര്‍, ഷിജിന്‍, താഷി, നോബി എന്നിങ്ങനെ.

ഇതില്‍ ഏറ്റവുമധികം വോട്ട് ലഭിച്ചത് ഷിജിന് ആയിരുന്നു. 8 വോട്ടുകളാണ് ഷിജിന് ലഭിച്ചത്. അത് കഴിഞ്ഞാല്‍ എണ്ണത്തില്‍ അധികം വോട്ടുകള്‍ വന്നത് രാഹുല്‍ ഈശ്വറിന് ആയിരുന്നു. ആറ് പേരാണ് വിവിധ കാരണങ്ങള്‍ പറഞ്ഞ് രാഹുലിന് വോട്ട് ചെയ്തത്. വേദാംഗി, അഞ്ജലി എന്നിവര്‍ക്ക് 5 വോട്ടുകള്‍ വീതവും മൃദുലയ്ക്ക് 2 വോട്ടുകളും ലഭിച്ചു. താഷി, നോബി എന്നിവര്‍ മോഹന്‍ലാലിന്‍റെ നേരിട്ടുള്ള നോമിനേഷനിലൂടെയാണ് ലിസ്റ്റിലേക്ക് എത്തിയത്. അച്ചടക്ക നടപടി എന്ന നിലയില്‍ താഷിയെ മൂന്ന് വാരത്തിലേക്ക് മോഹന്‍ലാല്‍ നേരത്തേ നോമിനേറ്റ് ചെയ്തിരുന്നതാണ്. ഇതേ കാരണത്താല്‍ നോബിയെ മൂന്ന് ആഴ്ചത്തേക്ക് ഈ വാരാന്ത്യ എപ്പിസോഡിലും മോഹന്‍ലാല്‍ നോമിനേറ്റ് ചെയ്തിരുന്നു.

ബിഗ് ബോസിലെ ക്ലാസിക് നോമിനേഷനായ കണ്‍ഫെഷന്‍ റൂം നോമിനേഷന്‍ ആയിരുന്നു ഇത്തവണത്തേത്. ഡയറക്റ്റ് നോമിനേഷന്‍ അടക്കം വേറിട്ട രീതിയിലുള്ള നോമിനേഷനുകള്‍ ഈ സീസണില്‍ ഇതിനകം പലകുറി നടന്നിട്ടുണ്ട്. അതേസമയം ഷോ 50 ദിനങ്ങള്‍ പിന്നിട്ടതോടെ മത്സരാര്‍ഥികള്‍ക്കിടയിലെ ആവേശം വര്‍ധിച്ചിട്ടുണ്ട്. പിന്നിട്ട ദൂരം മാത്രം ഇനി പിന്നിട്ടാല്‍ കപ്പിലേക്ക് എത്താമെന്ന ചിന്ത വരും ദിനങ്ങളില്‍ അവരെ കൂടുതല്‍ ആവേശഭരിതരാക്കുമെന്ന് ഉറപ്പാണ്. വീക്കിലി ടാസ്കുകള്‍ അടക്കം വേറിട്ടതും ഫ്രഷ് ആയതുമായ ടാസ്കുകള്‍ ഈ സീസണിന്‍റെ പ്രത്യേകതയാണ്. അത്തരം ടാസ്കുകളില്‍ വലിയ മത്സരാവേശം കാണിക്കുന്ന മത്സരാര്‍ഥികള്‍ പലരുമുണ്ട്. അതേസമയം എളുപ്പത്തില്‍ വിജയിക്കാനായി മറ്റ് തന്ത്രങ്ങള്‍ മെനയുന്നവരുമുണ്ട്. ഏതായാലും ബിഗ് ബോസ് പ്രേക്ഷകരെ സംബന്ധിച്ച് ആവേശകരമായ ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് ഉറപ്പാണ്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming