
നിരവധി പ്രത്യേകതകളോടെ എത്തിയ സീസണ്‍ ആയിരുന്നു ബിഗ് ബോസ് മലയാളത്തിന്‍റെ സീസണ്‍ 7. വൈല്‍ഡ് കാര്‍ഡുകളെയും കൂട്ടി 25 മത്സരാര്‍ഥികള്‍ മത്സരിച്ച സീസണില്‍ ഗെയിമുകളും ടാസ്കുകളുമൊക്കെ ആവേശം പകരുന്നതായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇല്ലാതിരുന്ന ഒരു സ്പെഷല്‍ സമ്മാനം ഒരു മത്സരാര്‍ഥിയെ കാത്ത് ഇക്കുറി ഉണ്ടായിരുന്നു. സീസണിന്‍റെ പ്രധാന സ്പോണ്‍സര്‍മാരില്‍ ഒന്നായ റീഗല്‍ ജ്വല്ലേഴ്സ് സമ്മാനിക്കുന്ന ഡയമണ്ട് നെക്ലേസ് ആയിരുന്നു അത്. സീസണിന്‍റെ തുടക്കം മുതല്‍ നടത്തുന്ന വിവിധ ടാസ്കുകളിലൂടെ നേടുന്ന പോയിന്‍റുകളുടെ അടിസ്ഥാനത്തില്‍ ഒന്നാമതെത്തുന്ന മത്സരാര്‍ഥിക്ക് ആയിരിക്കും ഈ സമ്മാനമെന്ന് ബിഗ് ബോസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ഇതനുസരിച്ച് പോയിന്‍റ് ടേബിളില്‍ ഏറ്റവും മുകളില്‍ എത്തിയത് ഈ സീസണിലെ മികച്ച മത്സരാര്‍ഥികളില്‍ ഒരാളായിരുന്ന ആര്യന്‍ ആയിരുന്നു. വിജയിയെ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും സമ്മാനം ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ വച്ച് ഇന്നാണ് നല്‍കിയത്. റീഗല്‍ ജ്വല്ലേഴ്സിന്‍റെ പ്രതിനിധിയാണ് ആര്യന് സമ്മാനം കൈമാറിയത്. നാല് പോയിന്‍റുകളാണ് നെക്ലേസിനായുള്ള മത്സരത്തില്‍ ആര്യന് ലഭിച്ചത്. മൂന്ന് പോയിന്‍റുകളുമായി അക്ബര്‍ തൊട്ട് പിന്നില്‍ ഫിനിഷ് ചെയ്തു. അഞ്ച് പേര്‍ക്ക് 2 പോയിന്‍റുകള്‍ വീതവും ഏഴ് പേര്‍ക്ക് ഓരോ പോയിന്‍റുകളും പോയിന്‍റ് ടേബിളില്‍ ഉണ്ട്. ബിന്നി, ജിസേല്‍, ഒനീല്‍, നൂറ, ആദില എന്നിവരാണ് രണ്ട് പോയിന്‍റുകള്‍ വീതം നേടിയത്. അഭിലാഷ്, ജിഷിന്‍, ലക്ഷ്മി, അനുമോള്‍, നെവിന്‍, റെന ഫാത്തിമ, സാബുമാന്‍ എന്നിവര്‍ക്ക് ഓരോ പോയിന്‍റ് വീതവും.
അതേസമയം സീസണ്‍ 7 ലെ ടൈറ്റില്‍ വിന്നര്‍ അനുമോള്‍ ആണ്. അനീഷ്, അനുമോള്‍, അക്ബര്‍, നെവിന്‍, ഷാനവാസ് എന്നിങ്ങനെ ആയിരുന്നു ഇത്തവണത്തെ ടോപ്പ് 5. ഇതില്‍ ഗ്രാന്‍ഡ് ഫിനാലെ ദിനത്തില്‍ ബിഗ് ബോസ് ആദ്യം പ്രഖ്യാപിച്ച എവിക്ഷന്‍ അക്ബറിന്‍റേത് ആയിരുന്നു. പിന്നാലെ നെവിന്‍, ഷാനവാസ് എന്നിവരും പുറത്തായി. പിന്നാലെ ഹൗസിലേക്ക് മോഹന്‍ലാല്‍ എത്തി അനീഷിനും അനുമോള്‍ക്കുമൊപ്പം ഹൗസില്‍ അല്‍പ സമയം ചെലവഴിച്ചു. പിന്നീട് ഇരുവര്‍ക്കുമൊപ്പം ഹൗസിന് പുറത്തേക്ക് ഇറങ്ങി. വേദിക്ക് സമീപത്തുള്ള സ്ക്രീനില്‍ ആദ്യ വാരം മുതലുള്ള അനീഷിന്‍റെയും അനുമോളുടെയും വോട്ടിംഗ് നിലയുടെ ഗ്രാഫിക്കല്‍ റെപ്രസന്‍റേഷന്‍ ബിഗ് ബോസ് കാണിച്ചു. പിന്നീടായിരുന്നു അനുമോളുടെ വിജയിയായുള്ള പ്രഖ്യാപനം.