
ബിഗ് ബോസ് മലയാളം സീസണ്‍ 7 മത്സരാര്‍ഥിയായ ഷാനവാസിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് സഹമത്സരാര്‍ഥിയായ ആര്യന്‍ കദൂരിയയുടെ കുടുംബവും സുഹൃത്തുക്കളും. കഴിഞ്ഞ ദിവസം നടന്നുകൊണ്ടിരുന്ന വാക്കുതര്‍ക്കത്തിന്‍റെ തുടര്‍ച്ചയായി ഷാനവാസ് ആര്യനെ പിടിച്ചുതള്ളിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഷാനവാസിനെതിരെ നടപടി ആവശ്യപ്പെട്ട് ആര്യന്‍റെ കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തിയിരിക്കുന്നത്. നടിയും ടെലിവിഷന്‍ അവതാരകയുമായ പൂജിത മേനോന്‍ അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ കത്ത് പങ്കുവച്ചിട്ടുണ്ട്. ഷോയുടെ അവതാരകനായ മോഹന്‍ലാലിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് കത്ത്. ഷാനവാസിന്‍റെ ഭാഗത്തുനിന്ന് ശാരീരിക ആക്രമണം ആദ്യമായല്ല ഉണ്ടാവുന്നതെന്നും നടപടി ഉണ്ടായില്ലെങ്കില്‍ അത് മോശം മാതൃകയാവും സൃഷ്ടിക്കുകയെന്നും കത്തില്‍ പറയുന്നു.
“ബിഗ് ബോസ് ഹൗസില്‍ ശാരീരിക ആക്രമണം ഇത് ആദ്യമായല്ല ഉണ്ടാവുന്നത്. ഷാനവാസ് എന്ന ഇതേ മത്സരാര്‍ഥി തന്നെ ഇത്തരത്തിലുള്ള പെരുമാറ്റം അക്ബറിനെതിരെ മുന്‍പ് കാണിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആര്യനെതിരെയും അത് സംഭവിച്ചിരിക്കുന്നു. ഇതിന് സമാനമായ ഒന്ന് മുന്‍പ് നടന്നത് അനുമോള്‍ക്കും ജിസൈലിനും ഇടയിലുണ്ടായ പ്രശ്നമായിരുന്നു. അന്ന് അവര്‍ രണ്ട് പേരും അത്തരത്തില്‍ പെരുമാറിയിരുന്നു. രണ്ട് പേര്‍ക്കുമെതിരെ നടപടിയും ഉണ്ടായി. ചില മത്സരാര്‍ഥികള്‍ നാടകീയതയ്ക്കൊന്നും പോവാതെ നിശബ്ദത പാലിക്കുന്നതുകൊണ്ട് അവരുടെ സുരക്ഷിതത്വം അടിയറവെക്കണം എന്നില്ല. അവര്‍ അനുഭവിച്ച വേദന കാണാതെ പോവുകയുമരുത്. ദശലക്ഷങ്ങള്‍ കാഴ്ചക്കാരായുള്ള ഒരു ഷോയില്‍ ഇത് നടക്കുമ്പോള്‍ ഇത്തരം പ്രവര്‍ത്തികളോടുള്ള നിശബ്ദത സങ്കീര്‍ണ്ണമാവുന്നു.”
“ഒരാള്‍ ശാരീരികമായി ആക്രമിക്കപ്പെടുമ്പോള്‍ അത് പരിശോധിക്കപ്പെടാതെപോയാല്‍ ആ ഹിംസയെ സാമാന്യവല്‍ക്കരിക്കുന്നത് പോലെയാവും. അടുത്ത തലമുറയ്ക്ക് മോശം സന്ദേശവുമാകും അത് നല്‍കുക. ബിഗ് ബോസിന്‍റെ ഭാവി മത്സരാര്‍ഥികള്‍ക്കും ഹൗസ് സുരക്ഷിതമായ ഒരു ഇടമാണെന്ന് ബോധ്യപ്പെടാന്‍ കൂടിയാണ് നടപടി ഉറപ്പായും വേണമെന്ന് പറയുന്നത്. ആര്യന് വേണ്ടി മാത്രമല്ല, ഈ ഷോ സൃഷ്ടിക്കുന്ന സംസ്കാരത്തിന് വേണ്ടി കടുത്ത നടപടി സ്വീകരിക്കണമെന്ന് ലാല്‍ സാറിനോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. യഥാര്‍ഥ കരുത്ത് അക്രമണ സ്വഭാവത്തിലല്ലെന്നും മറിച്ച് ആത്മനിയന്ത്രണത്തിലാണെന്നും എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നതിനും ആ നടപടി ആവശ്യമാണ്”, കത്തില്‍ പറയുന്നു.
ബിഗ് ബോസ് നല്‍കിയ സീക്രട്ട് ടാസ്ക് ആര്യന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഷാനവാസിന്‍റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായത്. വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഈ വിഷയം ചര്‍ച്ചയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.