സി ജെ റോയിയുടെ വിയോഗത്തില്‍ പ്രതികരണവുമായി അഖില്‍ മാരാര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5ന്‍റെ വിജയ കിരീടം ചൂടിയപ്പോള്‍ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ അഖിലിന് നൽകിയത് സി ജെ റോയി ആയിരുന്നു.
ബിസിനസ് ലോകത്തിന് തീരാനഷ്ടം സമ്മാനിച്ച വാര്‍ത്തയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ റോയിയുടെ വിയോഗം. സമൂഹികപ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്ന അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കിട്ട് ഒട്ടനവധി പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ അറിഞ്ഞോ അറിയാതെയോ തന്നെ അനുഗ്രഹിച്ച റേയിയെ കുറിച്ച് സംസാരിക്കുകയാണ് ബിഗ് ബോസ് വിജയി അഖില്‍ മാരാര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5ന്‍റെ വിജയ കിരീടം ചൂടിയപ്പോള്‍ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ അഖിലിന് നൽകിയത് സി ജെ റോയി ആയിരുന്നു.
അഖിൽ മാരാരുടെ വാക്കുകൾ
നമുക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത യാഥാർത്ഥ്യങ്ങൾ സമ്മാനിക്കുകയാണ്. എത്രയൊക്കെ നമ്മൾ തള്ളിപ്പറഞ്ഞാലും മരണമെന്ന പരമമായ സത്യം നമ്മളെയും നമുക്ക് വേണ്ടപ്പെട്ടവരെയും തേടി വരും. പക്ഷേ നമുക്കത് ഒരിക്കലും ഉൾക്കൊള്ളാനോ ആ യാഥാർത്ഥ്യത്തെ അംഗീകരിക്കാനോ കഴിയില്ല. പല മരണങ്ങളും നമുക്ക് മുന്നിലൂടെ സംഭവിക്കുമ്പോൾ അതെല്ലാം നമ്മളെ ഞെട്ടിപ്പിക്കുകയാണ്. പല മരണങ്ങൾ കേൾക്കുമ്പോഴും നമ്മൾ പറയാറുണ്ട് ‘അയ്യോ സത്യത്തിൽ ഞെട്ടിപ്പോയി’ എന്നൊക്കെ. യഥാർത്ഥത്തിൽ കുറെയൊക്കെ നമ്മൾ അങ്ങനെ പറയുകയാണ്. പക്ഷേ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയ, ഷോക്കായി പോയ മരണമായിരുന്നു ഡോ. റോയ് സിജെ സാറിന്റെ ആത്മഹത്യ. മുൻപ് സുശാന്ത് സിങ്ങിന്റെ മരണം എന്നെ ഞെട്ടിച്ചിട്ടുണ്ട്. സ്വാഭാവികമായിരുന്നുവെങ്കിലും അബ്ദുൾ കലാം സാറിന്റെ മരണവും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ഇവരൊന്നും പ്രത്യക്ഷത്തിൽ നമ്മളുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ്. എവിടെ ഒക്കെയോ നമ്മൾ കണ്ട മുഖങ്ങൾ മാത്രമാണ്. പക്ഷേ അവരുടെ മരണങ്ങൾ നമുക്ക് വേദന സമ്മാനിക്കും.
റോയ് സി ജെ സാറിന്റെ മരണം എന്തുകൊണ്ട് ഞെട്ടിച്ചെന്ന് ചോദിച്ചാൽ, പ്രത്യക്ഷത്തിൽ അദ്ദേഹത്തിന് ഞാനുമായി ബന്ധമില്ല. ബിഗ് ബോസിന്റെ ഫിനാലേയ്ക്ക് ശേഷം ഞാൻ അദ്ദേഹത്തെ കണ്ടിട്ടുമില്ല. പക്ഷേ.. ഒരുസമയത്ത് ഒന്നുമല്ലാതിരുന്ന ഒരുവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയുടെ സമ്മാനം നൽകിയൊരു മനുഷ്യൻ. കഴിഞ്ഞ 18 വർഷക്കാലമായി വിവിധ റിയാലിറ്റി ഷോകളിൽ സമ്മാനം നൽകിയ മനുഷ്യൻ. എന്നെ പോലുള്ള ഒരുപാട് മനുഷ്യരുടെ ജീവിതത്തിൽ സമ്മാനം കൊണ്ട് അനുഗ്രഹിച്ച്, അവരുടെ ജീവിതത്തിൽ വലിയൊരു മാറ്റം വരുത്തിയ മനുഷ്യൻ. പണ്ട് ഒരു ക്രെഡിറ്റ് കാർഡ് എടുത്തിട്ട് തിരിച്ചടക്കാൻ പറ്റാതെ ബാധ്യതയിൽ പെട്ടെ പോയൊരുവനാണ് ഞാൻ. ചെറിയ ലോൺ എടുത്തിട്ട് തിരിച്ചടക്കാൻ പറ്റാതെ, ഒരു വർഷത്തിൽ പതിനായിരം രൂപ പോലും അടക്കാൻ പറ്റാതെ ബാധ്യതയിൽപെട്ട് പോയവനാണ്. സാമ്പത്തികമായി വലിയ പ്രശ്നത്തിലായിരുന്നവൻ. അങ്ങനെ ഒരുവനായിരുന്ന എന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയുടെ സമ്മാനം നൽകുകയും എന്നെ സാമ്പത്തികമായി അനുഗ്രഹിച്ച, ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ, ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിച്ച വലിയൊരു മനുഷ്യനാണ് അദ്ദേഹം. ഈ മനുഷ്യനല്ലേ എന്റെ ജീവിതത്തിൽ മാറ്റം ഉണ്ടാക്കിയത്. ചിലർ കൈ നീട്ടം നൽകി കഴിഞ്ഞാൽ വലിയ ഭാഗ്യമെന്നാണ് പറയുന്നത്. അങ്ങനെ ഒരു മനുഷ്യൻ എന്ത് കാരണം കൊണ്ടാണ് മരിച്ചതെന്ന് അറിയാൻ പറ്റാത്ത അവസ്ഥ എല്ലാവർക്കുമുണ്ട്. ഉദ്യോഗസ്ഥരുടെ പീഢനമാണോ, രാഷ്ട്രീയ സമ്മർദ്ദമാണോ, മറ്റെന്തെങ്കിലും കാരണമാണോ, എന്ത് കാരണമാകാം അദ്ദേഹത്തെ പോലൊരു മനുഷ്യന് ഒരുനിമിഷം താൻ ഇനി ഭൂമിയിൽ വേണ്ടെന്ന തീരുമാനം എടുപ്പിച്ചത്. വലിയൊരു നഷ്ടമാണ് ബിസിനസ് മേഖലയിലും കോൺഫിഡന്റ് ഗ്രൂപ്പിനും ഉണ്ടാക്കിയിരിക്കുന്നത്. കുടുംബാഗങ്ങളുടെ വലിയ വേദനയിൽ ഞാനും പങ്കു ചേരുകയാണ്. ജീവിച്ചിരുന്നുവെങ്കിൽ ഒരുപാട് പേർക്ക് പ്രയോജനപ്പെടേണ്ട ആളായിരുന്നു.



