ബിഗ് ബോസ് മലയാളത്തിന്റെ പ്രധാന സ്പോൺസറായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ നിര്യാണത്തിൽ മുൻ മത്സരാർത്ഥികൾ അനുശോചിച്ചു. സീസൺ 7 റണ്ണറപ്പായ അനീഷിന് 10 ലക്ഷം രൂപ അദ്ദേഹം സമ്മാനിച്ചിരുന്നു. വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നും അവർ കുറിച്ചു.

ന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബി​ഗ് ബോസ് മലയാളത്തിന്റെ പ്രധാന സ്പോൺസറാണ് കോൺഫിഡന്റ് ​ഗ്രൂപ്പ്. സീസൺ വിജയിയ്ക്കുള്ള ഒന്നാം സമ്മാനം നൽകുന്നത് ഇവരാണ്. ബി​ഗ് ബോസ് മലയാളം സീസൺ 7ലെ വിജയിയായ അനുമോൾക്ക് പുറമെ റണ്ണറപ്പായ അനീഷിനും സി. ജെ റോയ് സമ്മാനം നൽകിയിരുന്നു. 10 ലക്ഷം രൂപയാണ് അനീഷിന് റോയ് അന്ന് കൈമാറിയത്. അന്ന് തന്നെ ചേർത്തുപിടിച്ച സി.ജെ റോയിയുടെ വിയോ​ഗ വാർത്ത താങ്ങാനാവുന്നതിനും അപ്പുറമാണെന്ന് പറയുകയാണ് അനീഷ്.

'കഠിനമായ മാനസ്സിക സമ്മർദ്ദം അനുഭവിക്കുകയായിരുന്നു ഞാനപ്പോൾ. എന്തേ നിനക്ക് കിട്ടിയില്ലെന്ന് ഞാനറിയുന്ന ഭൂരിഭാഗവും എന്നോട് വിലപിക്കുമ്പോൾ എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു. സത്യമായിട്ടും അറിയില്ലായിരുന്നു. അത് കേൾക്കുമ്പോഴുള്ള വേദന എന്നിൽ തന്നെ കുമിഞ്ഞു കൂടുമ്പോൾ മാനസിക ആരോഗ്യം തകരാതിരിക്കാൻ കഴിവിന്റെ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു. അങ്ങനെ പോകവേ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത്, വളരെ സർപ്രൈസ്‌ ആയി എന്നെ ചേർത്തു പിടിച്ച ആളായിരുന്നു റോയ് സർ. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. ആ സ്നേഹത്തിനു മുന്നിൽ നിന്നതും മറക്കാനാവുന്നതല്ല. അല്ലെങ്കിലും ഒരു പരിചയവുമില്ലാത്ത എന്നെപ്പോലെ എത്ര പേരെ സർ ചേർത്തു പിടിച്ചിരിക്കും. ഹൃദയം നുറുങ്ങുകയാണ്. വിട റോയ് സർ', എന്നാണ് അനീഷ് പങ്കുവച്ച വാക്കുകൾ.

View post on Instagram

മുൻ സീസൺ വിജയിയും നടനുമായ മണിക്കുട്ടനും അനുശോചനം രേഖപ്പെടുത്തി രം​ഗത്തെത്തി. 'വിശ്വസിക്കാനാവാത്ത വേർപാട്. കോൺഫിഡന്റ ഗ്രൂപ്പിനെയും സി ജെ റോയി സാറിനെയും എന്റെ ജീവനുള്ള കാലം വരെ ഞാൻ ഓർമ്മയിൽ സൂക്ഷിക്കും. ഒരിക്കലും നികത്താൻ ആകാത്ത ഈ നഷ്ടത്തോടൊപ്പം ആ കുടുംബത്തിന്റെ വേദനയിലും ദുഃഖത്തിലും പങ്കുചേരുന്നു', എന്നായിരുന്നു മണിക്കുട്ടന്റെ വാക്കുകൾ. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നായിരുന്നു അനുമോൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming