
ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ഇതുവരെ നടന്ന എലിമിനേഷനുകളില്‍ ഏറ്റവും അപ്രതീക്ഷിതത്വം നിറച്ച ഒന്നായിരുന്നു ഇന്നത്തേത്. ഈ സീസണിലെ ഏറ്റവും സീനിയര്‍ മത്സരാര്‍ഥിയായ ഭാഗ്യലക്ഷ്‍മിയാണ് ഷോയുടെ 49-ാം ദിവസം പുറത്തായത്. ഏറ്റവുമധികം മത്സരാര്‍ഥികള്‍ നോമിനേറ്റ് ചെയ്യപ്പെട്ട വാരമായിരുന്നു ഇത്. അനൂപ്, നോബി, സജിന-ഫിറോസ്, സൂര്യ, ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, റംസാന്‍, സന്ധ്യ എന്നിവരൊക്കെ എലിമിനേഷന്‍ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ നിന്നാണ് ഈ വാരം ഏറ്റവും കുറവ് വോട്ട് ലഭിച്ചത് ഭാഗ്യലക്ഷ്‍മിക്കാണെന്ന വിവരം മോഹന്‍ലാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സന്തോഷത്തോടെയാണ് മോഹന്‍ലാലിന്‍റെ പ്രഖ്യാപനത്തെ ഭാഗ്യലക്ഷ്‍മി സ്വീകരിച്ചത്. 'വൗ, നന്ദി' എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം. ഭാഗ്യലക്ഷ്‍മിക്ക് തനിക്കടുത്തേക്ക് വരാമെന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ 49 ദിവസം സ്നേഹിച്ചും വഴക്കു കൂടിയും ഒരുമിച്ച് കഴിഞ്ഞ സുഹൃത്തുക്കളോട് വ്യക്തിപരമായി യാത്രചോദിക്കല്‍. ഭാഗ്യലക്ഷ്‍മിയുടെ പേര് പ്രഖ്യാപിച്ച സമയത്ത് ഞെട്ടലും സങ്കടവുമൊക്കെയായിരുന്നു മറ്റെല്ലാ മത്സരാര്‍ഥികളുടെയും മുഖത്ത്. സജിന-ഫിറോസ്, സന്ധ്യ, കിടിലം ഫിറോസ് എന്നിവരുടെയൊക്കെ പ്രതികരണം പ്രേക്ഷകരും കൗതുകത്തോടെയാവും കണ്ടിരിക്കുക.
ഭാഗ്യലക്ഷ്‍മിക്ക് ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിച്ച മത്സരാര്‍ഥിയായിരുന്നു ഫിറോസ് ഖാന്‍. എന്നാല്‍ കഴിഞ്ഞ ദിവസം തനിക്കുള്ള ബുദ്ധിമുട്ട് ഭാഗ്യലക്ഷ്‍മി സജിനയോട് തുറന്നുപറയുകയും ഫിറോസ് ഭാഗ്യലക്ഷ്‍മിയോട് വന്നു സംസാരിക്കുകയും ചെയ്‍തിരുന്നു. ഇനി താന്‍ കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് ഫിറോസ് ഖാന്‍ വാക്കും കൊടുത്തിരുന്നു. ബിഗ് ബോസ് ഹൗസില്‍ ഭാഗ്യലക്ഷ്‍മി ഏറ്റവുമധികം സമയം ചിലവഴിച്ചത് കിടിലം ഫിറോസിനൊപ്പമായിരുന്നു. പ്രഖ്യാപനം കേട്ട് അധികം സംസാരിക്കുകയോ കരയുകയോ ചെയ്‍തില്ല ഫിറോസ്. പക്ഷേ മുഖത്ത് ദു:ഖം പ്രകടമായിരുന്നു. സന്ധ്യ മനോജ് ആണ് ഏറ്റവും വൈകാരികമായി ഭാഗ്യലക്ഷ്‍മിയുടെ പുറത്താകലിനോട് പ്രതികരിച്ചത്. സൂര്യയും ഡിപലും കരഞ്ഞു. മത്സരത്തിനിടെ ആരും വ്യക്തിപരമായ വിരോധം സൂക്ഷിക്കരുതെന്നാണ് പോകുന്നതിനു മുന്‍പ് മറ്റു മത്സരാര്‍ഥികളോട് ഭാഗ്യലക്ഷ്‍മി അവസാനമായി പറഞ്ഞത്. 49 ദിവസം ഹൗസില്‍ നിന്ന മികച്ച മത്സരാര്‍ഥിയെ കൈയടികളോടെയാണ് മറ്റുള്ളവര്‍ യാത്രയാക്കിയത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ