ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത് അനുമോളേക്കാള്‍ ഉയര്‍ന്ന തുക

Published : Dec 08, 2025, 11:26 AM IST
bigg boss 19 winner Gaurav Khanna got bigger cash prize more than anumol

Synopsis

സൗമ്യമായ പെരുമാറ്റത്തിലൂടെയും ടാസ്‍കുകളിലെ മികവിലൂടെയുമാണ് ഗൗരവ് പ്രേക്ഷക ഹൃദയം കീഴടക്കി കിരീടം ചൂടിയത്

ബിഗ് ബോസ് ഹിന്ദി സീസണ്‍ 19 വിജയിയെ പ്രഖ്യാപിച്ചു. സീസണിന്‍റെ 105-ാം ദിവസമായ ഇന്നലെ നടന്ന ഗ്രാന്‍ഡ് ഫിനാലെയിലാണ് അവതാരകനായ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ടൈറ്റില്‍ വിജയിയെ പ്രഖ്യാപിച്ചത്. ടെലിവിഷന്‍ താരം ഗൗരവ് ഖന്നയാണ് ഹിന്ദി ബിഗ് ബോസ് 19-ാം സീസണിലെ ടൈറ്റില്‍ വിജയി. നടി ഫര്‍ഹാന ഭട്ട് റണ്ണര്‍ അപ്പ് ആയപ്പോള്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും കോണ്ടെന്‍റ് ക്രിയേറ്ററുമായ പ്രണിത് മോറെ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

പൊതുവെ ബഹളമയമായ ബിഗ് ബോസ് ഹൗസിലെ സൗമ്യ സാന്നിധ്യമായിരുന്നു ഗൗരവ് ഖന്ന. ഇതിന്‍റെ പേരില്‍ പലപ്പോഴും അദ്ദേഹം സഹമത്സരാര്‍ഥികളാല്‍ തുടക്കത്തില്‍ പരിഹസിക്കപ്പെടുകയും ചെയ്തിരുന്നു. ഗെയിം കളിക്കുന്നില്ലെന്നും അദൃശ്യ സാന്നിധ്യമാണെന്നുമൊക്കെ ഗൗരവിനെക്കുറിച്ച് വാരാന്ത്യ എപ്പിസോഡുകളില്‍ പലപ്പോഴും സഹമത്സരാര്‍ഥികള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ സഹമത്സരാര്‍ഥികളുമായി വലിയ പ്രശ്നങ്ങളൊന്നുമുണ്ടാക്കാത്ത അദ്ദേഹത്തിന്‍റെ രീതി മത്സരം മുന്നോട്ട് പോകവെ ഗുണകരമായി മാറി. ഒപ്പം ടാസ്കുകളില്‍ നൊടിയിടയില്‍ മനസിലാക്കിയെടുക്കുന്ന ചില കാര്യങ്ങള്‍ പലപ്പോഴും അദ്ദേഹത്തെ മുന്‍നിരയില്‍ത്തന്നെ നിലനിര്‍ത്തി. ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളിലും ഈ മികവ് ദൃശ്യമായിരുന്നു. സഹമത്സരാര്‍ഥിയായ മൃദുലുമായുള്ള സൗഹൃദവും ഈ സീസണില്‍ പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച ഒന്നായി മാറി.

ഫര്‍ഹാന, ടാനിയ, അമാല്‍ എന്നിങ്ങനെ ശക്തരായ സഹമത്സരാര്‍ഥികളെ മറികടന്ന് വിജയകിരീടം ചൂടാന്‍ ഗൗരവിനെ സഹായിച്ച പ്രധാന ഘടകം അനാവശ്യമായി ബഹളത്തിന് പോകാത്ത അദ്ദേഹത്തിന്‍റെ വ്യക്തിത്വം തന്നെയായിരുന്നു. ആദ്യം ആക്റ്റീവ് അല്ലാത്ത മത്സരാര്‍ഥിയെന്ന് കുറ്റപ്പെടുത്തിയിരുന്ന പ്രേക്ഷകരില്‍ ഒരു വലിയ വിഭാഗം ഷോ പുരോഗമിക്കവെ സോഷ്യല്‍ മീഡിയയില്‍ ഗൗരവിന് വേണ്ടി അണിനിരന്നു. അത് അവസാനം വോട്ടിംഗിലെ വലിയ മാര്‍ജിനിലേക്കും എത്തി. ഈ വിജയം കരിയറില്‍ ഗൗരവിന് തുണയാകുമെന്ന് ഉറപ്പാണ്. ടിവിയിലെ സൂപ്പര്‍സ്റ്റാര്‍ എന്നാണ് സല്‍മാന്‍ ഖാന്‍ ഗൗരവിനെ ഫിനാലെ വേദിയില്‍ വിശേഷിപ്പിച്ചത്.

അതേസമയം 50 ലക്ഷം രൂപയാണ് ബിഗ് ബോസ് 19 വിജയിക്ക് ലഭിക്കുക. ഇത്തവണത്തെ മലയാളം ബിഗ് ബോസ് വിജയിക്ക് ലഭിച്ച തുകയേക്കാള്‍ ഉയര്‍ന്ന തുകയാണ് ഇത്. മലയാളം ബിഗ് ബോസ് സീസണ്‍ 7 വിജയിയായ അനുമോള്‍ക്ക് ലഭിച്ച ക്യാഷ് പ്രൈസ് 42,55,210 രൂപയുടേത് ആയിരുന്നു. 50 ലക്ഷം എന്ന തുകയില്‍ നിന്ന് മണി വീക്ക് ടാസ്കുകളില്‍ പങ്കെടുത്ത് വിജയിച്ച മറ്റ് മത്സരാര്‍ഥികള്‍ക്ക് ഈ 50 ലക്ഷത്തില്‍ നിന്ന് തന്നെയാണ് ബിഗ് ബോസ് തുക പങ്കുവച്ചത്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ