കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ

Published : Dec 05, 2025, 02:31 PM IST
Kalamkaval review

Synopsis

ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത 'കളങ്കാവൽ' മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവാണ്. പ്രവചിക്കാവുന്ന കഥയെ അവതരണത്തിലെ വ്യത്യസ്തതയും സൂക്ഷ്മമായ ആഖ്യാനവും കൊണ്ട് ചിത്രം ശ്രദ്ധേയമാക്കുന്നു.

ജിതിൻ കെ. ജോസ് കഥയും സംവിധാനവും കൈകാര്യം ചെയ്ത മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്ന കളങ്കാവൽ, ഏഴ് മാസങ്ങൾക്ക് ശേഷം മമ്മൂട്ടി എന്ന നടൻ്റെ തിരശീലയിലേക്കുള്ള തിരിച്ച് വരവാണ്. കഥയുടെ മുഖ്യരേഖ പ്രവചിക്കാവുന്നതായിരുന്നുവെങ്കിലും, ചിത്രം കൈവരിക്കുന്ന വ്യത്യസ്തമായ ടോൺ, വളരെ സൂക്ഷ്മമായി സെറ്റ് ചെയ്ത നറേറ്റീവ് രീതികൾ എന്നിവ കൊണ്ട് കളങ്കാവലിനെ ഈ വർഷത്തെ ശ്രദ്ധേയ മായ സിനിമകളിൽ ഒന്നാക്കി ഉയർത്തുന്നു.

മമ്മൂട്ടിയുടെ അതുല്യ സാന്നിധ്യം — പ്രകടനത്തിലെ ഗൗരവവും ദൃഢതയും

കളങ്കാവൽന്റെ ഏറ്റവും ഉറച്ച തൂണായാണ് മമ്മൂട്ടി നിലകൊള്ളുന്നത്. ഈ കഥാപാത്രം വാക്കുകൾക്കപ്പുറം നിശ്ശബ്ദതയുടെ തീവ്രതയിലാണ് ജീവിക്കുന്നത്, അതാണ് മമ്മൂട്ടി ഏറ്റവും നയതന്ത്രപരമായി കൈകാര്യം ചെയ്യുന്നതും. മമ്മൂട്ടി ഇവിടെ അതിരുകടന്ന അതിശയോക്തികളൊന്നും ഇല്ലാതെ, കഥാപാത്രത്തിന്റെ വികാരങ്ങൾ മിനിമലായ ഭാവചലനങ്ങളിലൂടെയാണ് പ്രകടമാക്കുന്നത്. കണ്ണുകളുടെ സൂക്ഷ്മമായ മാറ്റങ്ങൾ, സംസാരത്തിൻറെ ഇടവേളകൾ, ശബ്ദത്തിന്റെ താളം—ഇവയൊക്കെ ചേർന്ന് വളരെ വിശ്വാസയോജ്യമായ രീതിയിലാണ് അദ്ദേഹം പ്രതിനായകനാവുന്നത്. മമ്മൂട്ടിയുടെ അനുഭവസമ്പത്ത് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്ന ഒരു പ്രധാന ഘടകമാണ്. കളങ്കാവലിലെ കഥാപാത്രത്തിന്റെ ശക്തി പുറമേയല്ല, ഉള്ളിലാണെന്ന് മമ്മൂട്ടി വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ, ഓരോ രംഗവും അഭിനയിക്കുമ്പോൾ കഥാപാത്രത്തിന്റെ ചിന്തകളും പൈശാചികതയും അദ്ദേഹം കൃത്യമായി മുഖത്ത് വരുത്തുന്നുണ്ട്. മമ്മൂട്ടിയുടെ കളങ്കാവലിലെ പ്രകടനം, അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ, സംയമനത്തിന്റെ, അഭിനയിക്കാനുള്ള ആഗ്രഹത്തിൻ്റെ മറ്റൊരു തെളിവാണ്. ഈ സിനിമയിൽ മെഗാ സ്റ്റാർ മമ്മൂട്ടിയെയല്ല ആക്ടർ മമ്മൂട്ടിയെയാണ് കാണാനാവുക.

വിനായകൻ അവതരിപ്പിക്കുന്ന ജയകൃഷ്ണൻ എന്ന കഥാപാത്രം അദ്ദേഹം ഇത് വരെ ശ്രമിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒന്നാണ്. തീവ്രതയും പക്വതയും ചേർന്ന പ്രകടനത്തിലൂടെ മമ്മൂട്ടിയുടെ കഥാപാത്രവുമായി നല്ല കോൺട്രാസ്റ്റ് സൃഷ്ടിക്കുന്നതിൽ അദ്ദേഹം നൂറ് ശതമാനം വിജയിച്ചിട്ടുണ്ട്. ജിബിൻ ഗോപിനാഥിന്റെ വളരെ സ്വാഭാവികമായ പ്രകടനം, ഭാവിയിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു അഭിനേതാവായി അദ്ദേഹത്തെ ഉയരുമെന്ന് വീണ്ടും അടിവരയിടുന്നു. രജിഷ വിജയൻ, ശ്രുതി, ദിവ്യ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ചിത്രത്തിന്റെ റിയലിസ്റ്റിക്ക് ആഖ്യാനത്തെ ശക്തിപ്പെടുത്തുന്നുണ്ട്.അസിസ്റ്റന്റ് ഡയറക്ടർ ആഷിക്ക് നടത്തിയ കാസ്റ്റിംഗ് ചിത്രൻ്റെ ഭാവത്തിനൊത്ത കൃത്യത കൈവരിച്ചിട്ടുണ്ട്.

മുജീബ് മജീദിന്റെ തമിഴ് ഫോക്-ടോൺ ഗാനങ്ങൾ ചിത്രത്തിന്റെ പല സീനുകൾക്കും കൊടുക്കുന്ന ഭീകരത ചെറുതല്ല.മിനിമലിസ്റ്റിക് പശ്ചാത്തലസംഗീതം ത്രില്ലർ സ്വഭാവമുള്ള പല സീനുകളിലും ടെൻഷൻ സൃഷ്‌ടിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചിട്ടുണ്ട്. ഫൈസൽ അലിയുടെ ഛായഗ്രഹണത്തിൽ പല ഇൻ്റീറിയർ രംഗങ്ങളിലും അദ്ദേഹം ഉപയോഗിയിട്ടുള്ള ആംഗിളുകളും ഷോട്ട് സെലക്ഷനും പുതുമയുള്ളതായിരുന്നു. പ്രവീൺ പ്രഭാകറിന്റെ എഡിറ്റിംഗ് കഥയുടെ സ്വഭാവത്തിന് അനുയോജ്യമായ ഒരു പെയ്സ് ഒരുക്കുന്നു.

പ്രതീക്ഷകൾക്ക് മീതെ പോവുന്ന മമ്മൂട്ടിയുടെ പെർഫോർമെൻസ് , വിനായകന്റെ പോലീസ് നായക വാർപ്പ് മാതൃകകളെ പിന്തുടരാത്ത റിയലിസ്റ്റിക്ക് അഭിനയം,മികച്ച ടെക്നിക്കൽ ബാക്കപ്പ്, എല്ലാം കൊണ്ടും കളങ്കാവൽ ഈ വർഷത്തെ മികച്ച ത്രില്ലറുകളിൽ ഒന്നായി മാറുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്
'ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിജയിക്കാൻ പറ്റില്ല'; അനുമോളെ പിന്തുണച്ച് റോബിൻ