
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ്‌ബോസ് മലയാളം സീസൺ 8 സെപ്റ്റംബർ 6ന് ആരംഭിക്കാനിരിക്കെ, ചാണക്യ തന്ത്രങ്ങളുമായി മോഹൻലാൽ എത്തുന്ന പുതിയ പ്രമോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.
‘ജയിച്ചാൽ മാത്രം പോരാ, ജയിച്ചുകൊണ്ടിരിക്കണം’ എന്നതാണ് ഇത്തവണത്തെ ഷോയുടെ ടാഗ്‌ലൈൻ. കേവലം ഒരു ദിവസം മാത്രമല്ല, 100 ദിവസവും ജയിക്കുന്നവർക്ക് മാത്രമേ ഇത്തവണ ബിഗ്‌ബോസ് കിരീടം സ്വന്തമാക്കാനാകൂ എന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
പതിവ് പ്രമോകളിൽ നിന്ന് വ്യത്യസ്തമായി, ഒരു പ്രമോ എന്നതിലുപരി മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള സിനിമാറ്റിക് അനുഭവമായാണ് പുതിയ പ്രമോ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ബിഗ് ബോസ് പ്രമോകളിൽ പരീക്ഷിക്കാത്ത തരത്തിലുള്ള ഗ്യാങ്‌സ്റ്റർ പശ്ചാത്തലമാണ് പ്രമോയ്ക്ക് നൽകിയിരിക്കുന്നത്.
ഒരു ക്രിമിനൽ ഗ്യാങ് തട്ടിക്കൊണ്ടുപോയ മോഹൻലാൽ അവരിൽനിന്ന് എങ്ങനെ രക്ഷപ്പെടുന്നു എന്നതാണ് പ്രമോയുടെ ഇതിവൃത്തം. ഇതിനായി ചാണക്യനായ മോഹൻലാൽ പ്രയോഗിക്കുന്നത് നാലു തന്ത്രങ്ങളാണ് — സാമം, ദാനം, ഭേദം, ദണ്ഡം.
അനുനയത്തിന്റെ ഭാഷയിൽ സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്ന സാമം, പ്രതിഫലം നൽകി പ്രശ്നം തീർക്കാനുള്ള ദാനം, ഗ്യാങ്ങിനുള്ളിൽ തന്നെ ഭിന്നത സൃഷ്ടിക്കുന്ന ഭേദം എന്നിവയിലൂടെ മോഹൻലാൽ ഗ്യാങ്ങിന്റെ പിടിയിൽനിന്ന് രക്ഷപ്പെടുന്നതാണ് പ്രമോയുടെ ക്ലൈമാക്സ്. ഒപ്പം ‘ദണ്ഡം’ അഥവാ ശിക്ഷ എന്നൊരു തന്ത്രം കൂടിയുണ്ടെന്ന് മോഹൻലാൽ അവരെ ഓർമ്മിപ്പിക്കുന്നുമുണ്ട്.
സിനിമാറ്റിക് ആക്ഷൻ രംഗങ്ങൾക്കൊപ്പം, ഇത്തവണത്തെ ബിഗ്‌ബോസ് സീസൺ എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനകളും പ്രമോ നൽകുന്നുണ്ട്. അംഗങ്ങൾക്കിടയിൽ ജനാധിപത്യത്തിൽ അധിഷ്ഠിതമായാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും, ആർക്ക് ആരെയും എപ്പോൾ വേണമെങ്കിലും ഭൂരിപക്ഷ തീരുമാനത്തോടെ പുറത്താക്കാനും തോൽപ്പിക്കാനും കഴിയുമെന്നും പ്രമോ വ്യക്തമാക്കുന്നു.
ഓരോ അംഗത്തിന്റെയും തീരുമാനങ്ങൾക്ക് വിലയുണ്ടെന്നും, എടുത്ത തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും പ്രമോ പറയാതെ പറയുന്നുണ്ട്.
കോമണറുടെ ദിനം കണ്ടെത്താനുള്ള അഗ്നിപരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരും സെപ്റ്റംബർ 6ന് ആരംഭിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 8ന്റെ ഭാഗമാകും.
ഏറെ പ്രത്യേകതകളും മാറ്റങ്ങളുമായി എത്തുന്ന സീസൺ 8നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ