
ബിഗ് ബോസ് മലയാളം സീസണ്‍ 7ലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ രണ്ടുപേരാണ് ആദിലയും നൂറയും. ലെസ്ബിയന്‍ കപ്പിള്‍സായ ഇരുവര്‍ക്കും ഷോയ്ക്ക് മുന്‍പ് പല നെഗറ്റീവുകളും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരേയും പോലെ അവരും മനുഷ്യരാണെന്ന തിരിച്ചറിവ് ഭൂരിഭാഗം പേര്‍ക്കും വന്നുവെന്നാണ് അടുത്തിടെ ആദിലയും നൂറയും പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും അവരുടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വളരെ ഗൗരവമേറിയൊരു കാര്യം പറയുകയാണ് ആദിലയും നൂറയും.
2024 മുതല്‍ തങ്ങളെ ശല്യം ചെയ്യുന്നൊരാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നാണ് ആദിലയും നൂറയും പറയുന്നത്. രണ്ടുപേരേയും അയാള്‍ക്ക് കല്യാണം കഴിക്കണമെന്നാണ് പറയുന്നതും തങ്ങള്‍ പോകുന്നിടത്തെല്ലാം അയാള്‍ വന്ന് ശല്യം ചെയ്യുകയാണെന്നും ഇരുവരും പറഞ്ഞു. ശല്യം കൂടിയതോടെയാണ് പരാതിയിലേക്ക് കടന്നതെന്നും ഇവര്‍ വ്യക്തമാക്കി.
"2024 നവംബർ മുതൽ ഒരാൾ ഞങ്ങൾക്ക് മെസേജും കാര്യങ്ങളുമൊക്കെ അയക്കുന്നുണ്ട്. ആൾക്ക് ഞങ്ങളെ ഒരുമിച്ച് കല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞായിരുന്നു മെസേജ്. ആ സമയത്ത് അതൊക്കെ വിട്ടുകളഞ്ഞു. രണ്ടാളേയും ഒരുമിച്ച് കല്യാണം കഴിക്കാം എന്നൊക്കെ പറഞ്ഞ് പലരും മെസേജ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇയാളേയും മൈന്റ് ചെയ്തില്ല. ഒഴിവാക്കി വിട്ടു. ബിഗ് ബോസിന് മുൻപ് കൊളാബ് ചെയ്യാൻ പോയിടത്ത് പോയി ഞങ്ങളുടെ കാര്യങ്ങളൊക്കെ ഇയാൾ തിരക്കിയിരുന്നു. ഫോട്ടോയും മറ്റ് ഡീറ്റൈൽസും എനിക്ക് മുൻപ് കിട്ടിയിരുന്നു. പരാതി നൽകാൻ ഇരിക്കവെയാണ് ബിഗ് ബോസിലേക്ക് വിളി വരുന്നത്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റില്ലല്ലോ. ഷോ കഴിഞ്ഞ ശേഷം ഇയാളൊരു ഫാൻ മീറ്റപ്പിന് വന്നിരുന്നു. ഇപ്പോൾ പ്രമോഷന്റെ ഭാഗമായി ഒരു റസോർട്ടിൽ ഞങ്ങൾ വന്നതാണ്. ഇവിടെയും ഇയാൾ വന്നു. ഉടൻ പോലീസിൽ വിവരം അറിയിച്ചു. അതവർ നല്ല രീതിയിൽ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എഫ്ഐആർ ഇട്ടിട്ടുണ്ട്. ഇനി എല്ലാം നിയമത്തിന്റെ രീതിക്ക് പോകട്ടെ. നെഗറ്റീവ് മെസേജിടുന്നവരും സൈബർ ബുള്ളിയിംഗ് ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്.. നമ്മുടെ നിയമം ഇപ്പോൾ സ്ട്രോങ്ങാണ്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിച്ച് നല്ല രീതിയിൽ മുന്നോട്ട് പോകാൻ നോക്കുക", എന്നായിരുന്നു ആദി-നൂറയുടെ വാക്കുകള്‍.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ