ബിഗ് ബോസ് മലയാളം സീസണ്‍ 8-ലേക്ക് സാധാരണക്കാർക്ക് അവസരം നൽകുന്ന 'അഗ്നിപരീക്ഷ' എന്ന പ്രീ-ഷോയുടെ സംപ്രേഷണ സമയം പ്രഖ്യാപിച്ചു

ബിഗ് ബോസ് മലയാളം സീസണ്‍ 8 ല്‍ കോമണര്‍ ടിക്കറ്റില്‍ മത്സരിക്കാന്‍ സാധാരണക്കാര്‍ക്ക് അവസരം ഒരുക്കുന്ന അഗ്നിപരീക്ഷയുടെ സംപ്രേഷണ സമയം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 മുതലാണ് അഗ്നിപരീക്ഷ ആരംഭിക്കുകയെന്ന് അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. അതിന്‍റെ സംപ്രേഷണ സമയമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 10 മണിക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കും ഷോ കാണാം. ഏഷ്യാനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലും പരിപാടി കാണാനാവും.

ഒരു കൂട്ടം സാധാരണക്കാരിൽ നിന്നും ടാസ്കുകളുടെയും വോട്ടിംഗിന്‍റെയും അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഗെയിമേഴ്സിനെ തിരഞ്ഞെടുക്കുകയാണ് അഗ്നിപരീക്ഷയുടെ പ്രധാന ലക്ഷ്യം. അത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 8 ല്‍ മാറ്റുരയ്ക്കാം. മറ്റ് ഭാഷകളിൽ ഇതിന് മുൻപും അഗ്നിപരീക്ഷ നടന്നിട്ടുണ്ട്. എന്നാൽ മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് അഗ്നിപരീക്ഷ എന്നൊരു പ്രീ ഷോ പ്രധാന സീസണ് മുൻപായി നടക്കുന്നത്. അ​ഗ്നിപരീക്ഷയിൽ പങ്കെടുക്കുന്ന കോമണേഴ്‌സിന് വെല്ലുവിളിയായി മൂന്ന് ജഡ്ജസ് ആണ് ഷോയിൽ ഉണ്ടാവുക. ഒപ്പം ഒരു അവതാരകയും. ബിഗ് ബോസ് മുന്‍ മത്സരാര്‍ഥികളായ അഖില്‍ മാരാര്‍, രഞ്ജിനി ഹരിദാസ്, റിയാസ് സലിം എന്നിവരാണ് വിധികര്‍ത്താക്കളായി എത്തുക. അതോടൊപ്പം അവതാരകയായി ബിഗ് ബോസിലെ മറ്റൊരു മുന്‍ മത്സരാര്‍ഥിയും സീരിയല്‍ നടിയുമായ റെനീഷ റഹ്‍മാനും എത്തും.

ഒഡിഷനുകളിലൂടെ തിരഞ്ഞെടുത്ത 40 മത്സരാർത്ഥികളാണ് അ​ഗ്നിപരീക്ഷയിൽ പങ്കെടുക്കുക. 21 എപ്പിസോഡുകളായിരിക്കും ആകെ ഉണ്ടാവുക. അതില്‍ നിന്നും അന്തിമ വിജയം നേടുന്നവര്‍ക്ക് മുന്നില്‍ സീസണ്‍ 8 ന്‍റെ വാതില്‍ തുറക്കും. പ്രേക്ഷകർക്ക് വോട്ടിം​ഗ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. പുതുതായി ഒരു പ്രൊമോ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് ഏഷ്യാനെറ്റ് അഗ്നിപരീക്ഷയുടെ സംപ്രേഷണ സമയം അറിയിച്ചിരിക്കുന്നത്. ഈ പ്രൊമോ തന്നെ ഷോയുടെ ആവേശം എത്രയായിരിക്കുമെന്ന് പറയുന്നുണ്ട്. കഴിഞ്ഞ ഏഴ് സീസണുകളിലൂടെ ബിഗ് ബോസ് മലയാളം വലിയൊരു ആരാധകവൃന്ദത്തെ നേടിയിട്ടുണ്ട്. അവര്‍ക്ക് മുന്നിലേക്കാണ് അഗ്നിപരീക്ഷ എത്തുന്നത്. അഗ്നിപരീക്ഷയില്‍ വിജയികളായി പ്രധാന സീസണിലേക്ക് എത്തുന്നവര്‍ക്ക് അതിന്‍റേതായ ആത്മവിശ്വാസവും മേല്‍ക്കൈയും ഉറപ്പായും ഉണ്ടാവും. കോമണര്‍ മത്സരാര്‍ഥി ആയിരുന്ന അനീഷ് ആയിരുന്നു സീസണ്‍ 7 ടൈറ്റില്‍ വിജയി.

#Agnipareeksha ആരൊക്കെയാകും ആ 20 പേർ??