ഷാനവാസിന് 'ഏഴിന്‍റെ പണി'; 75-ാം ദിനം സര്‍പ്രൈസ് എപ്പിസോഡുമായി ബിഗ് ബോസ്

Published : Oct 17, 2025, 11:01 PM IST
bigg boss gave shanavas a secret task which is a mid week eviction prank adhila

Synopsis

75-ാം ദിനം ബിഗ് ബോസിന്‍റെ ‘മിഡ് വീക്ക് എവിക്ഷന്‍’. അമ്പരന്ന് മത്സരാര്‍ഥികള്‍. ഒടുവില്‍ നടന്നത്…

ബിഗ് ബോസ് മലയാളം സീസണ്‍ 7 മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കും. നിലവില്‍ അവശേഷിക്കുന്ന പത്ത് മത്സരാര്‍ഥികളില്‍ നിന്ന് ആരൊക്കെ ടോപ്പ് 5 ല്‍ എത്തും എന്നതാണ് മത്സരാര്‍ഥികള്‍ക്കും ഷോയുടെ പ്രേക്ഷകര്‍ക്കും ഇപ്പോഴുള്ള കൗതുകം. ഒപ്പം ടിക്കറ്റ് ടു ഫിനാലെ വിജയിക്കുന്നത് ആരാവുമെന്ന് അറിയാനുള്ള കാത്തിരിപ്പുമുണ്ട്. ഷോയുടെ 75-ാം ദിനമായ ഇന്ന് ബിഗ് ബോസ് വക ഒരു സര്‍പ്രൈസ് എപ്പിസോഡ് ആണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. മത്സരാര്‍ഥികളെ സംബന്ധിച്ച് അവരെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒന്നും.

ഒരു സീക്രട്ട് ടാസ്ക് ആണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കായി ഇന്ന് നടത്തിയത്. അത് ഏല്‍പ്പിച്ചതാവട്ടെ കഴിഞ്ഞ വാരം നടന്ന സീക്രട്ട് ടാസ്ക് കുളമാക്കിയ ഷാനവാസിനെയും. ഒരു ടാസ്ക് ലെറ്റര്‍ നല്‍കാനെന്ന വ്യാജേന കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചാണ് ഷാനവാസിനോട് ബിഗ് ബോസ് സീക്രട്ട് ടാസ്കിന്‍റെ കാര്യം അറിയിച്ചത്. മുന്‍പ് നടന്ന സീക്രട്ട് ടാസ്കില്‍ പറ്റിയ ക്ഷീണം മാറ്റാനുള്ള സുവര്‍ണാവസരമെന്ന് പറഞ്ഞ് ഷാനവാസിനെ പ്രചോദിപ്പിക്കുകയും ചെയ്തു ബിഗ് ബോസ്. ഒരു മിഡ് വീക്ക് എവിക്ഷന്‍ പ്രാങ്ക് ഇന്ന് നടക്കുമെന്നായിരുന്നു ബിഗ് ബോസിന്‍റെ അറിയിപ്പ്.

ഓപണ്‍ നോമിനേഷന്‍ നടക്കുമെന്നും എല്ലാവരും ചേര്‍ന്ന് ഒരാളെ പുറത്താക്കണമെന്നും ബിഗ് ബോസ് ഷാനവാസിനോട് പറഞ്ഞു. ചുരുങ്ങിയത് ആറ് വോട്ടുകള്‍ ഒരാള്‍ക്ക് നേടിക്കൊടുത്താല്‍ ടാസ്ക് വിജയിക്കുമെന്നും ബിഗ് ബോസ് ഓര്‍മ്മിപ്പിച്ചു. ആരെയാണ് പ്രാങ്ക് എവിക്ഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് ഞൊടിയിടയില്‍ ആദിലയുടെ പേരാണ് ഷാനവാസ് പറഞ്ഞത്. സീക്രട്ട് ടാസ്കിലേക്ക് ഒരു സഹായിയെ വെക്കാമെന്നും അത് ആര് ആവണമെന്നാണ് താല്‍പര്യമെന്നുമുള്ള ചോദ്യത്തിന് അക്ബര്‍ എന്നാണ് ഷാനവാസ് മറുപടി പറഞ്ഞത്.

കാര്യം പ്രാങ്ക് ആണെന്ന കാര്യം അക്ബറിനോട് മാത്രമാണ് ഷാനവാസ് പറഞ്ഞത്. ആദിലയ്ക്കെതിരെ വോട്ട് ചെയ്യുന്ന കാര്യം നെവിനെയും ആര്യനെയും അക്ബര്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. സാബുമാന്‍, ലക്ഷ്മി എന്നിവരോട് ഷാനവാസ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. പിന്നാലെ മുഴുവന്‍ മത്സരാര്‍ഥികളെയും ലിവിംഗ് ഏരിയയിലേക്ക് വിളിപ്പിച്ച് മിഡ് വീക്ക് എവിക്ഷന്‍റെ കാര്യം ബിഗ് ബോസ് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന വോട്ടിംഗിലെ നോമിനേഷന്‍ ഇപ്രകാരം ആയിരുന്നു...

അനീഷ്- ആര്യന്‍

ഷാനവാസ്- ആദില

ആദില- ഷാനവാസ്

നൂറ- ഷാനവാസ്

അനുമോള്‍- നെവിന്‍

അക്ബര്‍- ആദില

ലക്ഷ്മി- ആദില

സാബുമാന്‍- ആദില

നെവിന്‍- ആദില

ആര്യന്‍- ആദില

ആദില പുറത്തായതായും പ്രധാന വാതിലിലൂടെ പുറത്തേക്ക് ഇറങ്ങാമെന്നും ബിഗ് ബോസ് അറിയിച്ചു. ഇത് പ്രകാരം മുന്‍വാതിലിന് മുന്നില്‍ ആദില എത്തുന്നതിന് മുന്‍പുതന്നെ വാതില്‍ തുറന്നിരുന്നു. എന്നാല്‍ അധികം വൈകാതെ ബിഗ് ബോസിന്‍റെ അറിയിപ്പും എത്തി- “ആദില മടങ്ങി വരിക”, അവിശ്വസനീയതയോടെയും അമ്പരപ്പോടെയും ആദില ഹൗസിലേക്ക് തിരിച്ച് നടന്നു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിജയിക്കാൻ പറ്റില്ല'; അനുമോളെ പിന്തുണച്ച് റോബിൻ
'മകളെ ഇല്ലാതാക്കാൻ ഉമ്മയുടെ കൊട്ടേഷൻ, അതാണോ നോർമൽ ?': ആദില-നൂറയെ കുറിച്ച് സുഹൃത്ത്