മാറിമറിഞ്ഞ ഗ്രാഫ്; ഒടുവിൽ പക്ഷേ പ്രേക്ഷകർക്കെന്തോ ഇഷ്ടമാണ് ആര്യനെ....

Published : Oct 05, 2025, 09:49 PM IST
ആര്യൻ

Synopsis

ബിഗ് ബോസ് വീട്ടിൽ ഏറ്റവും കയറ്റിറക്കങ്ങളുള്ള ഗ്രാഫ് ഉള്ളയാൾ ചിലപ്പോൾ ആര്യൻ ആയിരിക്കും. ഇഷ്ടവും അനിഷ്ടവും എല്ലാം മാറിമാറിതോന്നിയ ആ യാത്രയ്‌ക്കൊടുവിൽ പ്രേക്ഷകർ പറയുന്നു, 'ആര്യൻ ഒരു ജെനുവിൻ ആളാണ്'

ആള് നല്ല ക്യൂട്ട് ആണല്ലോ എന്നാദ്യം തോന്നി. ക്യൂട്ട് മാത്രമല്ല സ്മാർട്ടും ആണല്ലോ എന്ന് കുറച്ചുകൂടി കഴിഞ്ഞപ്പോൾ തോന്നി. ഈ സ്മാർട്നെസ് കുറച്ച് ഓവർ അല്ലേ എന്ന് അത് കഴിഞ്ഞപ്പോൾ തോന്നി. ഒടുവിലിപ്പോൾ വെറുത്ത് വെറുത്തൊടുവിൽ സ്നേഹമാണെന്ന് പറയുന്നതുപോലെ ആര്യനോട് ഇഷ്ടമാണ് പ്രേക്ഷകർക്ക്.

ആര്യൻ കദൂരിയ ബിഗ് ബോസ് വീട്ടിലേക്കെത്തുന്നത് ഈ സീസണിലെ ഹാൻഡ്‌സം & ചാമിങ് ഗൈ ആയാണ്. മലയാളം അത്ര നന്നായി സംസാരിക്കാനറിയാത്ത ആര്യൻ അഭിനേതാവും മോഡലും ഒക്കെയായ മുംബൈ മലയാളിയുമാണ്. ഈ സീസണിന്റെ പ്രത്യേകതയായ ഏഴിന്റെ പണിയിൽ വീട്ടിലേക്ക് കയറും മുമ്പുള്ള ആദ്യ ടാസ്ക്കിൽ തന്നെ ഒന്നാമതെത്തി ആം ബാൻഡ് സ്വന്തമാക്കിയതോടെ പ്രേക്ഷകരും ആര്യൻ ശ്രദ്ധിക്കാനും തുടങ്ങി. ടാസ്കുകളിൽ മുഴുവൻ എഫർട്ടുമിട്ട് കളിക്കാറുള്ള ആര്യൻ ആദ്യ ദിവസങ്ങൾ കൊണ്ടുതന്നെ വീട്ടിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തുകയും ചെയ്തു. വീടിനകത്തും പുറത്തുമുള്ളവരിൽ താനൊരു സ്ട്രോങ്ങ് പ്ലേയർ ആണെന്ന പ്രതീതി ജനിപ്പിക്കാൻ ആര്യന് ദിവസങ്ങൾകൊണ്ട് കഴിഞ്ഞു.

വളരെ ആക്റ്റീവ് ആയ, വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ആര്യൻ അപ്പാനി ശരത്, അക്ബർ എന്നിവരുമായെല്ലാം തുടക്കത്തിൽത്തന്നെ സൗഹൃദമുണ്ടാക്കി എങ്കിലും ആര്യന്റെ വീട്ടിലെ ബെസ്റ്റ് ഫ്രണ്ട്, അത് ജിസേൽ ആയിരുന്നു. ഇരുവർക്കുമിടയിലെ സൗഹൃദത്തിനും പല കാരണങ്ങൾ ഉണ്ടായിരുന്നു. രണ്ടുപേരും ജനിച്ചുവളർന്ന സാഹചര്യവും മലയാളം നന്നായി സംസാരിക്കാൻ അറിയാത്തതുമെല്ലാം ജിസേലിനും ആര്യനുമിടയിൽ വളരെ വേഗത്തിൽ ഒരു സൗഹൃദമുണ്ടാക്കി. സാവധാനം ബിഗ് ബോസ് വീട്ടിലെ ഏറ്റവും സ്ട്രോങ്ങ് മത്സരാർത്ഥികൾ എന്ന നിലയിൽ ആര്യനെയും ജിസേലിനെയും വീട്ടിലുള്ളവർ കണ്ടുതുടങ്ങി. ആര്യന്റെ കോൺഫിഡൻസും വളരെ വേഗത്തിൽ ഉയർന്നു.

മൂന്നാം ആഴ്ചയിൽ പണിപ്പുരയ്ക്ക് വേണ്ടിയുള്ള ധീരത ടാസ്കിലാണ് ആദ്യമായി ആര്യന് അടി പതറിയത്. പണിപ്പുരയിലേക്ക് കയറാൻ എല്ലാവരും ചേർന്ന് തെരഞ്ഞെടുത്തത് ആര്യൻ, ജിസേൽ, അനീഷ് എന്നിവരെ ആയിരുന്നു. എന്നാൽ തങ്ങൾക്ക് ലഭിച്ച ടാസ്കുകൾ ചെയ്യാൻ ആര്യനും ജിസേലും തയാറായില്ല. അതിനായി ആര്യൻ ഉയർത്തിയ വാദങ്ങളും വളരെ ബാലിശമായിരുന്നു. ഇതോടെ എന്തിനും ഏതിനും ആര്യനെയും ജിസേലിനെയും തെരഞ്ഞെടുക്കുന്ന വീട്ടിലുള്ളവരുടെ രീതിയും വലിയ തോതിൽ ചോദ്യം ചെയ്യപ്പെട്ടു. ഈ ടാസ്ക് തന്നെയാണ് ആര്യനെ ഒരു തരത്തിൽ എക്സ്പോസ്ഡ് ആക്കിയതും. ആര്യന്റെ വാദങ്ങളും പെരുമാറ്റവും എല്ലാം പ്രേക്ഷകർക്ക് വലിയ തോതിൽ അതൃപ്തി ഉണ്ടാക്കി. അതുവരെ ആര്യനുണ്ടായിരുന്ന ഇമേജിൽ തന്നെ വലിയ വ്യത്യാസം ഇതോടുകൂടി ഉണ്ടായി.

ഇവിടം മുതൽ ആര്യന്റെ ബിഗ് ബോസ് വീട്ടിലെ യാത്രയുടെ അടുത്ത ഘട്ടം തുടങ്ങി എന്നും വേണമെങ്കിൽ പറയാം. അപ്പാനി ശരത്, അക്ബർ, റെന എന്നിവരുമായി ചേർന്ന് അനുമോളെ പിന്തുടർന്ന് ഇറിറ്റേറ്റ് ചെയ്ത ഇവരുടെ ഗ്യാങിന് പ്രേക്ഷകർക്കിടയിൽ ബുള്ളി ഗ്യാങ് എന്നൊരു പേരും വീണു. ഇതിൽത്തന്നെ അനുമോളുമായി ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നിരന്തരം ഉണ്ടാക്കിയിരുന്നതും ആര്യനാണ്‌. ഒരു പരിധിവരെ അനുമോൾക്ക് സ്‌ക്രീൻ സ്‌പേസും പോസിറ്റീവ് ഇമ്പാക്റ്റും നൽകിയതിലും ആര്യന് വലിയ പങ്കുണ്ട്. മറ്റൊരു പ്രധാന സംഭവം ജീവിതകഥ പറയാൻ നൽകിയ ടാസ്കിൽ ശൈത്യയുടെ കഥ കേട്ട് ആര്യൻ ചിരിച്ചതാണ്. ഇത് വീടിനകത്തും പുറത്തും വലിയ ചർച്ചകളുണ്ടാക്കി. ഇതിന് ആര്യൻ നൽകിയ ന്യായീകരണം അതിലേറെ കോമഡിയും. വീക്കെൻഡ് എപ്പിസോഡുകളിലെ ആര്യന്റെ സംസാരം പെരുമാറ്റം എന്നിവയും വലിയൊരു വിഭാഗം പ്രേക്ഷകർക്കും ഇഷ്ടക്കേടുണ്ടാക്കുന്നവയായിരുന്നു. അവതാരകനായ മോഹൻലാലിനെ വകവയ്ക്കാതെയും പരിഹസിക്കുകയും ചെയ്യുന്നതുപോലെ ആയിരുന്നു ആര്യന്റെ പല ഇടപെടലുകളും. ചുരുക്കത്തിൽ ആദ്യ ആഴ്ചകളിൽ ഉണ്ടാക്കിയ പോസിറ്റീവ് ഇമേജ് മുഴുവൻ ആര്യൻ കളഞ്ഞുകുളിച്ചു എന്നുതന്നെ പറയാം.

ഭയങ്കര ഇമ്മെച്വർ ആയ പെരുമാറ്റമാണ് അതിലേറ്റവും പ്രധാനം. മറ്റുള്ളവരുടെ ഇമോഷനുകളെ അൽപ്പം പോലും വകവെയ്ക്കാതെയാണ് ആര്യൻ പലപ്പോഴും പെരുമാറിയിരുന്നത്. താനാണ് വീട്ടിലെ ഏറ്റവും സുപ്പീരിയർ ആയ വ്യക്തി എന്ന നിലയിലെ ഇടപെടലുകളും ജിസേലുമായി ചേർന്നുള്ള ഗ്രൂപ്പ് കളികളും ജിസേലിന്റെയും തന്റെയും തെറ്റുകൾക്കുനേരെ സ്ഥിരം കണ്ണടയ്ക്കാനുള്ള പ്രവണതയും എല്ലാം ചേർന്നതോടെ പ്രേക്ഷകർക്ക് ഏറ്റവും താല്പര്യമില്ലാത്ത വ്യക്തി എന്ന നിലയിലേക്ക് ആര്യൻ മാറി. വളരെ എലീറ്റായ സാഹചര്യങ്ങളിൽ എല്ലാത്തരം പ്രിവിലേജുകളും അനുഭവിച്ചുവളർന്നുവന്ന ഒട്ടും പക്വതയോ സഹാനുഭൂതിയോ ഇല്ലാത്ത ചെറുപ്പക്കാരനെന്ന തരത്തിൽ മാത്രം ആര്യനെ ആളുകൾ കാണാൻ തുടങ്ങി.

വൈൽഡ് കാർഡുകളുടെ വരവ് ഗുണമായി മാറിയ പലരിൽ ഒരാളാണ് ആര്യനും. മസ്താനിയും അനുമോളും ചേർന്ന് ആര്യൻ-ജിസേൽ ബന്ധത്തെ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ ആര്യനോട് ആളുകൾക്കുള്ള ദേഷ്യത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവാൻ തുടങ്ങി. പക്ഷേ വീണ്ടും 'ഈ പയ്യൻ കൊള്ളാമല്ലോ' എന്ന് ആളുകൾ പറയാൻ തുടങ്ങിയത് മസ്താനിയുടെ എവിക്ഷനിലെ ആര്യന്റെ ഡാൻസോടെ ആണ്. അപ്പാനി ശരത് പോയപ്പോൾ കയ്യടിച്ച മസ്താനി എവിക്റ്റ് ആയപ്പോൾ ആര്യൻ ആനന്ദനൃത്തം ചവിട്ടി, അതും മസ്താനിയുടെ മുന്നിൽവച്ചുതന്നെ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽത്തന്നെ അതുപോലൊരു എവിക്ഷൻ ആദ്യമായിരുന്നു. തങ്ങൾക്ക് താല്പര്യമില്ലാത്ത ഒരാൾ പുറത്താകുമ്പോൾ ഫേക്ക് ആയി സങ്കടം അഭിനയിക്കാതെ തോന്നിയത് തോന്നിയതുപോലെ ചെയ്ത ആര്യന്റെ പ്രവർത്തിക്ക് പലരും കയ്യടിച്ചു. ഇതോടെ ആര്യനോട് വീണ്ടും പലർക്കും താല്പര്യം തോന്നിത്തുടങ്ങി. സാവധാനം ആര്യന്റെ സ്വഭാവം ഇങ്ങനെ തന്നെയാണ് എന്നും പലരും തിരിച്ചറിയാൻ തുടങ്ങി. വളരെ ഹാപ്പി ആയി ഇരിക്കാൻ ആഗ്രഹിക്കുന്ന, മുൻപിൻ നോട്ടമില്ലാതെ കാര്യങ്ങൾ ചെയ്യുന്ന ഒരു ചെറിയ കുട്ടിയായി ആര്യനെ കണക്കാനും തുടങ്ങി. ആര്യനില്ലെങ്കിൽ ബിഗ് ബോസ് വീട് ഉറങ്ങിപ്പോകും എന്നുപോലും പലർക്കും അഭിപ്രായമുണ്ടായി.

ഫാമിലി വീക്കിൽ ഏറ്റവും കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കിയ ഫാമിലിയായിരുന്നു ആര്യന്റേത്. വീട്ടിലേക്കെത്തിയ ആര്യന്റെ അമ്മയും സഹോദരനും വീടിനകത്തും പുറത്തുമുള്ളവരുടെ ഹൃദയം കവർന്നു. പ്രത്യേകിച്ച് ആര്യന്റെ അമ്മ ഡിംപിളിന്റെ എല്ലാവരോടുമുള്ള പെരുമാറ്റം വളരെ ഹൃദ്യമായിരുന്നു. അമ്മയും സഹോദരനും ആര്യനും തമ്മിലെ ബോണ്ടും എല്ലാവരുടെയും മനസ് കീഴടക്കി. ഇത്രയും ഫൺ ആയ, ഹാപ്പി ആയ ഒരു കുടുംബത്തിൽ വളർന്ന ആര്യനെ പോലൊരു ഇരുപത്തിമൂന്നുകാരൻ ഇങ്ങനെ തന്നെയാകും പെരുമാറുക എന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു. ചുരുക്കത്തിൽ നഷ്ടപ്പെട്ടുപോയ സ്നേഹം ആര്യന് വീണ്ടും തിരിച്ചുപിടിച്ചു എന്ന് സാരം.

ജിസേലുമായുള്ള ബന്ധമാണ് ആര്യന് നെഗറ്റീവ് ആയി മാറിയിരുന്ന മറ്റൊരു കാര്യം. ഫാമിലി വീക്കിൽ രണ്ടുപേരുടെയും അമ്മമാർ നൽകിയ ഉപദേശങ്ങൾ കേട്ടതോടെ ഇരുവരും തമ്മിലെ അടുപ്പം കുറയ്ക്കാനും ഒറ്റക്ക് ഗെയിം കളിക്കാനും ഗെയിമിൽ കൂടുതൽ കോൺസൺട്രേറ്റ് ചെയ്യാനും തീരുമാനിക്കുകയും ചെയ്തു. ഇതോടെ ആര്യന്റെ വീട്ടിലെ ഗ്രാഫ് ഇനിയും ഉയരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഓരോ എവിക്ഷനിലും പുറത്തുപോകാൻ ഏറ്റവും സാധ്യതയുള്ള ആളെന്ന് പ്രവചിച്ചിരുന്നിടത്തുനിന്നാണ് ആര്യൻ തന്റെ ഗ്രാഫ് വീണ്ടും ഉയർത്തുന്നത്. ഇതൊക്കെക്കൊണ്ട് തന്നെയാണ് ബിഗ് ബോസ് ഒരു അൺപ്രെഡിക്റ്റബിൾ ഷോ ആകുന്നതും.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ