'മറ്റുള്ളവരുടെ മനസ്സില്‍ നേടിയ സ്ഥാനമാണ് പ്രധാനം'; ബിഗ് ബോസ് 3 ഫസ്റ്റ് റണ്ണര്‍ അപ്പ് ഡിംപല്‍ ഭാല്‍ അഭിമുഖം

By Nithya RobinsonFirst Published Aug 1, 2021, 10:51 PM IST
Highlights

സംഭവബഹുലമായ ബിഗ് ബോസ് യാത്രയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഡിംപല്‍ മനസ് തുറക്കുന്ന എക്സ്ക്ലൂസീവ് അഭിമുഖം

വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് ബിഗ് ബോസ് പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച മത്സരാർത്ഥിയാണ് ഡിംപൽ ഭാൽ. ആത്മവിശ്വാസവും ഉത്സാഹവും കലർന്ന ചലനങ്ങളും നിലപാടുകളിലെ വ്യക്തതയും സന്ദർഭോചിതമായ പ്രതികരണങ്ങളുമെല്ലാം ഡിംപലിനെ മറ്റ് മത്സരാർത്ഥികളിൽ നിന്നും വേറിട്ടു നിർത്തി. 'ഡോണ്ട് കമന്‍റ് ഓണ്‍ കോസ്റ്റ്യൂം' എന്ന ഡിംപലിന്‍റെ വാക്കുകളായിരുന്നു ഷോയുടെ ആദ്യ ആഴ്ചയിലെ ട്രെന്‍റിംഗ് നിമിഷം എന്ന് ഉറപ്പിച്ചു പറയാം. മറ്റു മത്സരാർത്ഥികളുമായി സംവദിക്കുന്നതിനിടയിൽ താരം പറഞ്ഞ അനുഭവകഥയാണ് ഏവരുടെയും കണ്ണു നനയിച്ചത്. പിന്നീട് കേരളക്കര സ്വന്തം വീട്ടിലെ അംഗത്തെപ്പോലെ ഡിംപലിനെ സ്വീകരിച്ചു. ഇതിനിടയിൽ ഡിംപിന്‍റെ അച്ഛന്‍റെ മരണം ഏവരെയും കണ്ണീരിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ തന്‍റെ പ്രതിസന്ധികളെയും വിഷമങ്ങളെയും തരണം ചെയ്‍ത് ബിഗ് ബോസ് സീസൺ മൂന്നിലെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഡിംപൽ. ഈ അവസരത്തിൽ തന്‍റെ ബിഗ് ബോസ് യാത്രയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് മനസ്സ് തുറക്കുകയാണ് ഡിംപൽ ഭാൽ. 

മൂന്നാം സ്ഥാനത്ത് എത്തിച്ചത് സ്നേഹം

ഞാൻ മനസ്സിൽ വിചാരിച്ചിരുന്നത് ഫിനിഷിംഗ് ലൈൻ കപ്ലീറ്റ് ചെയ്യണമെന്നാണ്. ടോപ് ഫൈവിൽ കയറണമെന്നതായിരുന്നു ടാർഗറ്റ്. ഇത് അനുഗ്രഹമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എല്ലാവരുടെയും സ്നേഹം കൂടിക്കൂടി മൂന്നാം സ്ഥാനം വരെ എത്തിയെന്ന് പറയാം. എന്നിൽ മാത്രമേ എനിക്ക് എപ്പോഴും പ്രതീക്ഷ വെക്കാൻ പറ്റാറുള്ളൂ. ടോപ് ഫൈവിൽ എത്തുന്നത് പൂർണ്ണമായും ഷോയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ്. ആദ്യ ആഴ്ച മുതൽ ഷോ അവസാനിക്കും വരെ എന്‍റെ കഴിവിന്‍റെ പരമാവധി ഞാൻ അതിന് നൽകിയിട്ടുണ്ട്. നൂറ് ദിവസം എന്ന് പറയുന്നത് തന്നെ ചാലഞ്ചിംഗ് ആയിരുന്നു. ടോപ് ഫൈവിൽ എത്തിയതോടെ എന്‍റെ ജോലിയും കഴിഞ്ഞു. മൂന്നാം സ്ഥാനം ലഭിച്ചതിൽ വളരെയധികം സന്തോഷം.

ഇതാണ് റിയൽ ഹാപ്പിനെസ്

പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുക എന്നതാണ് റിയൽ ഹാപ്പിനെസ്സ്. ഞാനും ഈ സമൂഹത്തിലാണ് ജീവിക്കുന്നത്. എന്നെക്കൊണ്ട് ആർക്കും ഉപദ്രവം ഉണ്ടാകരുതെന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. മത്സരാർത്ഥി എന്നതിനേക്കാൾ പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനം എനിക്ക് ലഭിച്ചു. ബിഗ് ബോസ് ഒരു മത്സരമല്ല, എന്‍റെ ജീവിതം തന്നെയാണ്. അതായിരിക്കണം ജനങ്ങൾ ഇത്രത്തോളം എന്നെ സ്നേഹിക്കാൻ കാരണവും. ഷോ കഴിഞ്ഞ് ഇറങ്ങിയപ്പോഴും അത് കാത്തുസൂക്ഷിക്കാൻ ഞാൻ ശ്രമിച്ചു.

റിസല്‍ട്ട് വന്നതിന് ശേഷം മെസേജുകളും ഫോൺകോളുകളുമൊക്കെ ധാരാളം വന്നിരുന്നു. 'ചേച്ചിക്ക് ഷോയിൽ മൂന്നാം സ്ഥാനം ആണെങ്കിലും ഞങ്ങളുടെ മനസ്സിൽ ഒന്നാം സ്ഥാനമാണ്' എന്ന് പറഞ്ഞവർ വരെയുണ്ട്. ആരുടെയെങ്കിലും മനസ്സിൽ ഇടംപിടിക്കുക എന്നത് വളരെ വിലപിടിപ്പുള്ള ഒന്നാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതെനിക്ക് ഒത്തിരി സ്നേഹത്തോടെ കിട്ടി.

ബിഗ് ബോസിലൂടെ എന്നെ മാത്രമല്ല എന്‍റെ ഫാമിലിയെയും എല്ലാവരും അറിഞ്ഞു. അതിൽ എന്‍റെ വീട്ടുകാരും സന്തോഷത്തിലാണ്. കുടുംബവുമായി പ്രാർത്ഥിക്കുമ്പോൾ ഞങ്ങളെയും ഓർക്കാറുണ്ടെന്ന് പലരും പറയാറുണ്ട്. അതു തന്നെയാണ് എനിക്കും കുടുംബത്തിനും ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അവരെ ഫാൻസ് എന്ന് പറയാൻ പറ്റില്ല, എന്‍റെ ഫാമിലി തന്നെയാണ്. ഇന്നും അവരെന്നെ പ്രൊട്ടക്റ്റ് ചെയ്യുന്നുണ്ട്. എന്‍റെ വിജയമല്ല, നമ്മുടെ വിജയമാണിത്. നിങ്ങൾ എനിക്കു തന്ന ഈ സ്നേഹമാണ് എന്‍റെ തുടർന്നുള്ള ജീവിതത്തിന്‍റെ ശക്തി.

 

മണിക്കുട്ടൻ എന്ന സുഹൃത്ത്

ഡൗൺ ആകുമ്പോൾ പരസ്പരം എൻകറേജ് ചെയ്തിരുന്നവരാണ് ഞങ്ങൾ രണ്ട് പേരും. മണിക്കുട്ടൻ തന്നെ കപ്പടിക്കുമെന്നൊക്കെ ഞാൻ ഷോയിൽ പറയുമായിരുന്നു. ഷോ കഴിഞ്ഞും എന്‍റെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന സുഹൃത്ത് മണിക്കുട്ടൻ തന്നെയാണ്.  ഈ പൊസിഷന് മണിക്കുട്ടൻ അർഹനാണ്. ഷോയിൽ വിശ്വസിച്ച് ഒരാളോട് ഒരു കാര്യം പറയുക എന്നത് വളരെ ഇമ്പോർട്ടന്‍റ് ആണ്. അങ്ങനെ എനിക്ക് വിശ്വസിക്കാൻ പറ്റിയ ആൾ മണി മാത്രമായിരുന്നു. മണിക്കുട്ടനെ സുഹൃത്തായി ലഭിച്ചതിൽ ഒത്തിരി ഹാപ്പിയാണ്.

ഇപ്പോഴും ഞങ്ങൾ വിളിക്കാറുണ്ട്, സംസാരിക്കാറുണ്ട്. ഷോയിൽ നമ്മൾ 24 മണിക്കൂറും ഒരുമിച്ചായിരുന്നു. പക്ഷേ പുറത്ത് ഓരോരുത്തർക്കും അവരവരുടേതായ കാര്യങ്ങൾ ഉണ്ട്. എന്നാലും നമ്മൾ സംസാരിക്കുന്നതിന് സമയം കണ്ടെത്തും. എപ്പോഴും ഫോണിൽ സംസാരിക്കുക എന്നതല്ലല്ലോ സൗഹൃദം. ആ സൗഹൃദത്തിന് അങ്ങനെതന്നെ വേറെ പ്രശ്നങ്ങൾ ഒന്നുമില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കട്ടെ എന്ന് മാത്രമേ ഉള്ളൂ.

ബിഗ് ബോസിന് മുന്‍പും ശേഷവും

ഏറ്റവും നല്ല കാര്യം എന്താണെന്ന് അറിയുമോ? ഞാൻ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെയാണ് ഷോയില്‍നിന്ന് തിരിച്ച് വന്നപ്പോഴും. എനിക്ക് എന്നോടുള്ള ചാലഞ്ച് തന്നെ അതായിരുന്നു. എന്നെ വേറൊരു വ്യക്തിയായി മാറ്റരുതേ എന്നായിരുന്നു പ്രാർത്ഥന. അതുപോലെ തന്നെ നടന്നു. തിരിച്ച് വീട്ടിൽ വന്നപ്പോഴും ഞാൻ ആദ്യം കയറിയത് അടുക്കളയിലാണ്. തിങ്കള്‍ മാക്സിമം എല്ലാം ക്ലീന്‍ ചെയ്തിരുന്നു. എന്നാലും എന്‍റെ തൃപ്‍തിക്കുവേണ്ടി വീണ്ടും വൃത്തിയാക്കി. രണ്ട് പാത്രമൊക്കെ കഴുകി വച്ചപ്പോഴാണ് ഒന്ന് സമാധാനമായത്. ഇപ്പോഴും എല്ലാവർക്കും ചായ ഇട്ട് കൊടുക്കാറുണ്ട്. ഞാൻ ചായ ഇട്ട് കൊടുത്താലേ തിങ്കള്‍ ഉറക്കം എഴുന്നേല്‍ക്കൂ. ഞാൻ, ഞാനായി തന്നെയാണ് തിരിച്ച് വന്നിരിക്കുന്നതെന്ന് വീട്ടുകാർക്കും അറിയാം.

 

ഞാനെല്ലാം മറന്നു കഴിഞ്ഞു

വളരെ ക്ലിയര്‍ ആയിട്ട് കാര്യങ്ങൾ പറയുന്ന ആളാണ് ഞാൻ. എനിക്ക് ഇതൊരു ജസ്റ്റ് ഗെയിം മാത്രമല്ല. നൂറ് ദിവസം ഞാനെന്ന വ്യക്തി എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യം. അത് തന്നെയാണ് ഷോയിലൂടെ ഞാൻ കണ്ടതും. നമ്മളെ തളർത്താനും തകർക്കാനും ശ്രമിക്കുന്ന ചിലർ നമ്മുടെ തൊട്ടടുത്ത് തന്നെ ഉണ്ടായിരിക്കും. യഥാർത്ഥ ജീവിതത്തിലും അങ്ങനെ തന്നെ. നമ്മൾ മനുഷ്യന്മാരാണ്, ഇത്രയോക്കെ കേട്ടിട്ടും എനിക്ക് ഒന്നും തോന്നിയില്ല എന്ന് പറയുന്നതൊക്കെ വെറുതെയാണ്. മനുഷ്യരായി ജനിച്ച എല്ലാവർക്കും വിഷമങ്ങൾ ഉണ്ടാകും. അതില്ല എന്ന് പറയുമ്പോഴാണ് നമ്മൾ നോർമ്മൽ അല്ലാതെയാകുന്നത്. എന്നാലും ഞാനെല്ലാം മറന്നു കഴിഞ്ഞു.

സൈക്കോളജി എന്നത് എന്‍റെ പ്രൊഫഷന്‍ ആണ്. അതും എന്‍റെ ജീവിതവും തമ്മിൽ ഒത്തിരി വ്യത്യാസങ്ങൾ ഉണ്ട്.  ലൈഫിന്‍റെ കാര്യത്തിൽ ഞാനിപ്പോൾ പ്രിപ്പയേര്‍ഡ് ആണ്. ഭാവി കാര്യത്തിൽ പോലും.

പപ്പയുടെ പേര് കയ്യിൽ എഴുതി ഫിനാലെയിലേക്ക്

ഞങ്ങളുടെ വീട്ടിലെ ഭഗത് സിംഗ് ഞാനാണെന്ന് പപ്പ പലപ്പോഴും പറഞ്ഞിരുന്നു. ബിഗ് ബോസിലേക്ക് പോകുന്ന കാര്യം ഏകദേശം തീരുമാനമായപ്പോള്‍ ഞാൻ അദ്യം വിളിച്ചത് പപ്പയെ ആണ്. കുറച്ച് ദിവസം അവൾ അവിടെ പോയി നില്‍ക്കട്ടെ എന്ന് തിങ്കളും പറഞ്ഞു. 'അതെന്തിനാ കുറച്ച് ദിവസം ആക്കുന്നത് ? നില്‍ക്കുന്നെങ്കില്‍ ഷോ കഴിയുംവരെ നിന്നിട്ട് വരട്ടെ' എന്നായിരുന്നു പപ്പയുടെ മറുപടി. 'പപ്പ എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. തിങ്കളിന് മലയാളി ഹൗസിൽ നിന്ന് എക്സ്പീരിയൻസ് ഉണ്ട്. എനിക്ക് അതൊന്നും ഇല്ല' എന്നായി ഞാൻ. സ്വന്തം ജീവിതം കൊണ്ട്, ഇത്രയും ദിവസം ഷോയിൽ നിന്ന് ഒരു മെസേജെങ്കിലും സമൂഹത്തിന് കൊടുക്കാൻ പറ്റുന്നുണ്ടെങ്കിൽ, അത് വലിയ കാര്യമായിരിക്കും. അങ്ങനെ അവിടെ ജീവിച്ച് കാണിക്കുക എന്നായിരുന്നു പപ്പയുടെ മറുപടി.

ഞാൻ നൂറ് ദിവസം ഷോയിൽ നില്‍ക്കുമെന്ന് പപ്പയ്ക്ക് അറിയാമായിരുന്നോ എന്നറിയില്ല. ഷോയിലേക്ക് കയറുന്ന നിമിഷം വരെയും ഞാൻ പപ്പയോടാണ് ഏറ്റവും കൂടുതൽ ഫോണിൽ സംസാരിച്ചത്. മണിക്കൂറുകളോളം സംസാരിച്ച ശേഷമാണ് ബിഗ് ബോസ് വീടിനകത്തേക്ക് കയറുന്നത്. ഷോയിലെ ഓരോ കാര്യങ്ങളും തിങ്കൾ തർജ്ജമ ചെയ്ത് കൊടുക്കും പപ്പയ്ക്ക്. വിഷമം വരുന്ന കാര്യങ്ങളൊന്നും പറയില്ല. എന്നാലും അദ്ദേഹത്തിന് അത് മനസ്സിലാവും.

ഇതൊരു ഷോയാണ്, വീക്കിലി പെയ്മെന്‍റ്, ഇതായിരുന്നു ബിഗ് ബോസിൽ വരുമ്പോൾ എനിക്ക് ഉണ്ടായ ചിന്ത. പക്ഷേ ഇത്രയും റിയൽ ഗെയിം ആകുമെന്ന് കരുതിയില്ല. പപ്പ ഇതുവരെയും സ്റ്റേജിൽ ഒന്നും കയറിയിട്ടില്ല. ബിഗ് ബോസ് ഫിനാലെ നടക്കുവാണേൽ മമ്മിയെയും പപ്പയെയും സ്റ്റേജിലേക്ക് വിളിക്കണം, എന്‍റെ മാതാപിതാക്കളെ എല്ലാവരും അറിയണം എന്നുണ്ടായിരുന്നു. ഇപ്പോൾ പപ്പയുടെ പേര് എല്ലാവരും അറിഞ്ഞു, പക്ഷേ അത് കാണാൻ അദ്ദേഹമില്ലാതെ പോയി. ഫിനാലെയിൽ പപ്പയുടെ പേര് ഒരിക്കലെങ്കിലും വരണമെന്ന് എനിക്കുണ്ടായിരുന്നു. അന്ന് പപ്പയുടെ പേര് കയ്യിൽ എഴുതി ഞാൻ അദ്ദേഹത്തെ ഫിനാലയിലേക്ക് കൊണ്ട് പോയി.

ജീവിതം എന്താണെന്ന് പഠിപ്പിച്ചു, പക്ഷേ താനില്ലാതെ എങ്ങനെ ജീവിക്കണമെന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചില്ല. അതിന്‍റെ ബുദ്ധിമുട്ടുകൾ ഉണ്ടിപ്പോൾ. പക്ഷേ അതും ഞങ്ങൾ മറികടക്കും. മക്കൾ കാരണം പപ്പയ്ക്കും മമ്മിക്കും അഭിമാനമുണ്ടാകുന്ന നിമിഷമാണ് ഞങ്ങൾക്ക് സ്പെഷ്യൽ. അത് തന്നെയാണ് ഞങ്ങളുടെ വിജയവും.

 

മജിസിയ പറഞ്ഞതു കേട്ട് ഞെട്ടി

സ്പോർട്സിനോടുള്ള താൽപര്യം കാരണമാണ് എനിക്ക് മജിസിയയുമായി അറ്റാച്ച്മെന്‍റ് വന്നത്. അത് തിങ്കളിന് കറക്ടായി മനസിലായിരുന്നു. സ്പോര്‍ട്‍സ് എന്ന് പറയുമ്പോള്‍ എന്റെ അനുജത്തിയുടെ കൂടെ പപ്പ ഓരോ മത്സരത്തിനും പോകുന്നതാണ് ഓർമ്മയിൽ വരിക. കഷ്ടപ്പെട്ട ദിവസങ്ങളാണ് അതൊക്കെ.

സത്യത്തിൽ എവിടെയാണ് പ്രശ്നം വന്നതെന്ന് എനിക്കറിയില്ല. നേരത്തെ പറഞ്ഞപോലെ ഞാനൊന്നും മനസ്സിൽ വെക്കാറില്ല. പപ്പ മരിച്ച സമയത്ത് ഒരു സുഹൃത്ത് മോശമായി സംസാരിച്ചുകൊണ്ട് വരുമെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ സുഹൃത്ത് അല്ലാത്ത വ്യക്തിക്ക് നമ്മൾ അത്ര പ്രാധാന്യം കൊടുക്കേണ്ടതും ഇല്ല. ഫ്രണ്ട്ഷിപ്പ് എന്ന വാക്കിന്‍റെ അർത്ഥം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

മജിസിയ പറഞ്ഞ കാര്യങ്ങൾ കേട്ട് ശരിക്കും ഞാൻ ഞെട്ടിപ്പോയി. ഇങ്ങനെ ഒരു മനുഷ്യന് സംസാരിക്കാൻ പറ്റുമോ എന്ന് ചിന്തിച്ചു പോയി. സത്യത്തിൽ ഇങ്ങനെ ഉള്ള കാര്യങ്ങളെ പറ്റി ചിന്തിക്കാൻ ഞങ്ങൾക്ക് നേരമില്ല. ഒത്തിരി കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. അതിന്‍റെ പുറകെയാണ് ഞങ്ങൾ മൂന്ന് പേരും.

മോഹൻലാൽ സാറാണ് എന്‍റെ ട്രോഫി!

വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ സാർ വന്ന് നമ്മളോട് കഴിഞ്ഞ കാര്യങ്ങളെ പറ്റിയൊക്കെ സംസാരിക്കുമല്ലോ. അന്ന് മുതൽ ഈ ഫിനാലെ കഴിയും വരെ അദ്ദേഹത്തോട് ചോദിക്കാൻ ഒരു ചോദ്യം ഉണ്ടായിരുന്നു. എങ്ങനെയാണ് അദ്ദേഹം ഇതെല്ലാം മാനേജ് ചെയ്യുന്നത് എന്നതായിരുന്നു അത്. നമ്മൾ മത്സരാർത്ഥികൾ വീടിനുള്ളിലാണെങ്കിലും ആഴ്ചയിൽ ഞങ്ങൾക്ക് റെമ്യൂണറേഷൻ ഉണ്ട്. അതുപോലെയാണ് സാറും. അദ്ദേഹത്തിന്‍റെ ജോലിയാണ് ബിഗ് ബോസ്. പക്ഷേ ഇത്രയും വലിയൊരു ലെജന്‍റ്, നമ്മൾ ആഴ്ചയിൽ പറയുന്ന അർത്ഥമില്ലാത്ത കാര്യങ്ങൾ കേൾക്കുമ്പോൾ ആ വ്യക്തി എന്ത് വിചാരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ട്. ജോലി ആണെങ്കിൽ പോലും, അദ്ദേഹം ഞങ്ങളെ  മാനേജ് ചെയ്തത് എനിക്ക് സർപ്രൈസ് ആയിപ്പോയി.

എപ്പിസോഡ് നടക്കുമ്പോൾ മുഴുവൻ നേരവും ഫ്ലോറിൽ നിന്ന് നമ്മുടെ കാര്യങ്ങൾ കേട്ട്, എന്തൊക്കെയാണ് പറഞ്ഞ് കൊടുക്കേണ്ടത്, അതെല്ലാം അതേ രീതിയിൽ തന്നെ പറഞ്ഞു കൊടുക്കും. സാറിന്‍റെ അഭിനയത്തെ കുറിച്ച് ഒന്നും പറയാനില്ല. അത് എക്സ്ട്രീം ആണ്. പക്ഷേ, അദ്ദേഹം ജോലിയോട് കാണിക്കുന്ന ആത്മാർത്ഥത എത്രത്തോളം ആണെന്ന് മനസ്സിലാക്കുന്നത് ഇപ്പോഴാണ്.

ഫിനാലെയിൽ വിജയികളെ പ്രഖ്യാപിച്ചപ്പോൾ ഞാൻ വേഗം പോയി അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്. അതായത്, ഏഴാം വയസ് മുതൽ ടിവിയിൽ മാത്രം കണ്ട്, റോൾ മോഡലാക്കിയ ഒരു വ്യക്തിയെ ആണ് എനിക്ക് കെട്ടിപ്പിടിക്കാൻ അവസരം ലഭിച്ചത്. അതാണ് എന്‍റെ ട്രോഫി. എന്‍റെ ലൈഫിലെ ഗോൾ‍ഡൻ ചാൻസ്.

 

ജൂലിയറ്റിന്‍റെ വീട്ടുകാർ

അവരെല്ലാം വളരെ ഹാപ്പിയാണ്. എന്നെക്കുറിച്ച് അവർക്ക് അഭിമാനമേ ഉള്ളൂ. കാരണം അവർക്ക് എന്നെ ഇരുപത് വർഷമായി അറിയാം. ജൂലിയറ്റിന്‍റെ കൂടെ നടന്ന എന്നെ അവർ അന്നും ഇന്നും കാണുന്നുണ്ട്. ഈ സ്നേഹമൊന്നും ആരോടും പറഞ്ഞു കൊടുക്കാൻ പറ്റുന്ന ഒന്നല്ല. ഓരോ മനുഷ്യന്‍റെയും മനസ്സിൽ ഫീൽ ചെയ്യേണ്ട കാര്യമാണത്.

അവരെന്നിൽ കാണുന്നത് ജൂലിയറ്റിനെ ആണ്. അതൊന്നും ആൾക്കാർക്ക് പറഞ്ഞാൻ മനസ്സിലാകില്ല. ജൂലിയറ്റ് എന്ന് പറയുന്ന വേദന, അത് എനിക്കും അച്ഛനും അമ്മയ്ക്കും മാത്രം മനസ്സിലാകുന്നതാണ്. ഞങ്ങളുടെ ലൈഫിലെ ഏറ്റവും വലിയ നഷ്ടമാണത്. മരിച്ച് പോയ ഒരു വ്യക്തിയെ, സ്ട്രാറ്റർജി ആയി ഉപയോഗിക്കാൻ നാഷണൽ ലെവലിൽ ഉള്ള ചാനൽ  സമ്മതിക്കുമെന്ന് തോന്നുന്നില്ല. ജൂലിയറ്റ് എനിക്ക് ഒരു വിഷയമല്ല, എന്‍റെ ജീവിതമാണ്.

'വണ്ടർവുമൺ' ആയ ചേച്ചി

ചേച്ചി എന്നത് ഞങ്ങൾക്ക് സപ്പോർട്ട് അല്ല, ഒരു മതില്‍ ആണ്. എന്‍റെ കുടുംബത്തിന്‍റെ ഷീല്‍ഡ് ആണ് അവളിപ്പോൾ. ബിഗ് ബോസിൽ പോയപ്പോൾ ഞാൻ ഉപദേശം ചോദിച്ച ഒരു വ്യക്തി തിങ്കളാണ്. നീ എന്താണോ അതായി തന്നെ വീടിനുള്ളിൽ നിൽക്കെന്നാണ് അവളെന്നോട് പറഞ്ഞത്. അത് മത്രമാണ് മലയാളി ഹൗസിൽ തനിക്കും ചെയ്യാൻ പറ്റിയതെന്ന് തിങ്കൾ പറഞ്ഞു.

ഞാൻ ഷോയിലേക്ക് പോകുന്ന സമയത്ത് അവളുടെ കാൽമുട്ടിന് രണ്ട് സർജറി പറഞ്ഞിട്ടുണ്ടായിരുന്നു. ആ കാലും വച്ചാണ് എനിക്ക് വേണ്ട കാര്യങ്ങളും സോഷ്യൽ മീഡിയയും അവള്‍ കൈകാര്യം ചെയ്തത്. വീടിനുള്ളിൽ നമ്മൾ ജീവിക്കുന്നുണ്ടെങ്കിലും പുറത്ത് വലിയൊരു മഹാഭാരത യുദ്ധം നടക്കുകയായിരുന്നല്ലോ. അവളില്ലായിരുന്നുവെങ്കിൽ ഇത്രയും എളുപ്പമാകും കാര്യങ്ങളെന്ന് എനിക്ക് തോന്നുന്നില്ല. തിങ്കൾ ഒരു വണ്ടർവുമൺ ആണെന്ന് ഞാൻ വിശ്വസിക്കുന്നു.

 

അവർ ഒരിക്കലും യഥാർത്ഥ ആരാധകരല്ല

സോഷ്യൽ മീഡിയ വഴിയുണ്ടാകുന്ന ആക്രമണങ്ങളെ കൈകാര്യം ചെയ്യുന്നത് തിങ്കളാണ്. നമ്മുടെ ഒക്കെ ജീവിതത്തില്‍ ഒരു ലക്ഷ്യം ഉണ്ട്. സമൂഹമാധ്യമങ്ങളിലൂടെ എന്തെങ്കിലും വിളിച്ച് പറയുന്നവരുടെ ചിന്ത നമ്മളെ എങ്ങനെ തകര്‍ക്കാം എന്നതാവും. എന്നെക്കുറിച്ച് പറഞ്ഞാൽ വിഷയമില്ല. പക്ഷേ വീട്ടുകാരെ കുറിച്ച് പറയാനുള്ള അധികാരം ആർക്കും ഇല്ല. അത് എന്‍റേത് മാത്രമല്ല ആരുടെ കുടുംബത്തെ ആയാലും. ഇനി എന്തെങ്കിലും ഉണ്ടായാൽ അത് നിയമപരമായി നേരിടാനാണ് തീരുമാനം.

ബിഗ് ബോസ് ഷോ എനിക്ക് നേട്ടങ്ങൾ മാത്രമാണ് ബിഗ് ബോസിലൂടെ ലഭിച്ചത്. ഞാൻ റിയൽ ആയിട്ട് പ്രേക്ഷകർക്ക് എന്താണോ നൽകിയത് അവർ തിരിച്ചും റിയൽ സ്നേഹം എനിക്ക് തന്നു. ടിവി എന്ന് പറയുമ്പോൾ തന്നെ പിന്തിരിഞ്ഞ് പോകുന്ന ഒരാളാണ് ഞാൻ. പക്ഷേ ബിഗ് ബോസ് എന്നത് റിയാലിറ്റി ഷോയാണ്. അതിൽ എനിക്ക് സംശയങ്ങൾ ഒന്നും ഇല്ലായിരുന്നു. എനിക്ക് പ്രത്യേകിച്ച് അഭിനയിക്കേണ്ട ആവശ്യമൊന്നും തന്നെ ഇല്ല. അതുകൊണ്ട് ക്യാമറകൾ ഉണ്ടെങ്കിൽ പോലും ഒരു ടെൻഷനും ഇല്ലായിരുന്നു. ഡിംപൽ ഭാൽ എന്ന വ്യക്തിയെ വലിയൊരു സമൂഹത്തിന് പരിചയപ്പെടുത്തിയത് ബിഗ് ബോസ് തന്നെയാണ്.

ഹോം മേഡ് ഓയിൽ

ഞാൻ ഇനിയും കൊച്ചിയിൽ തന്നെ ഉണ്ടാവും. ഇപ്പോൾ ഓൺലൈൻ വഴി ഹോം മേഡ് ഓയിൽ വില്‍ക്കുന്നുണ്ട്. ഒന്നര വർഷമായി തുടങ്ങിയിട്ട്. മമ്മി തന്നെയാണ് എണ്ണ ഉണ്ടാക്കുന്നത്. എന്‍റെ ഈ തലമുടിയുടെ രഹസ്യവും അത് തന്നെയാണ്. അറുപതോളം പച്ചമരുന്നുകളൊക്കെ ഇട്ടാണ് മമ്മി അത് തയ്യാറാക്കുന്നത്. ഇതിനു പുറകെയാണ് ഇപ്പോൾ. പിന്നാലെ വേറെയും ചില കാര്യങ്ങൾ വരുന്നുണ്ട്. എല്ലാ കാര്യങ്ങളും പറഞ്ഞാൽ ഒരു സർപ്രൈസ് ഉണ്ടാവില്ലെന്നേ.

 

നിത്യ ജി റോബിന്‍സണ്‍ നടത്തിയ അഭിമുഖം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!