Bigg Boss 4 : ബി​ഗ് ബോസില്‍ വന്‍ തര്‍ക്കം, ഒടുവില്‍ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു

By Web TeamFirst Published May 20, 2022, 11:13 PM IST
Highlights

മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും പങ്കാളിത്തമുള്ള ക്യാപ്റ്റന്‍സി ടാസ്‍ക്

ബി​ഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) അടുത്ത വാരത്തിലേക്കുള്ള ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ബ്ലെസ്‍ലിയാണ് ഒന്‍പതാം വാരത്തില്‍ ബി​ഗ് ബോസ് ഹൗസിനെ നയിക്കുക. എല്ലാത്തവണയും വീക്കിലി ടാസ്‍കിനൊപ്പം ഹൗസിലെ മറ്റു പ്രകടനങ്ങളും കൂടി പരി​ഗണിച്ചാണ് ക്യാപ്റ്റന്‍സി ടാസ്കിലേക്ക് മൂന്നുപേരെ നോമിനേറ്റ് ചെയ്യാന്‍ ബി​ഗ് ബോസ് നിര്‍ദേശിക്കാറെങ്കില്‍ ഇക്കുറി നോമിനേഷനില്‍ ക്യാപ്റ്റന്‍സി ടാസ്കിലെ മികവ് മാത്രമാണ് പരി​ഗണിക്കാന്‍ നിര്‍ദേശിച്ചത്. ഡോ. റോബിന്‍, ബ്ലെസ്‍ലി, റിയാസ് എന്നിവരാണ് കൂടുതല്‍ വോട്ടുകള്‍ നേടി ക്യാപ്റ്റന്‍സി ടാസ്കില്‍ പങ്കെടുക്കാനുള്ള യോ​ഗ്യത നേടി. എന്നാല്‍ തൊട്ടുപിന്നാലെ ഈ ലിസ്റ്റില്‍ ഒരു ട്വിസ്റ്റ് കൊണ്ടുവരാനുള്ള ശ്രമവും ബി​ഗ് ബോസ് നടത്തി. 

ഹൗസിലെ സ്ഥാനങ്ങള്‍ സ്വയം നിര്‍ണയിക്കാനുള്ള ടാസ്കില്‍ ഒന്നാമതെത്തിയ അഖിലിന് ബി​ഗ് ബോസ് ഒരു പ്രത്യേക അധികാരം നല്‍കിയിരുന്നു. ക്യാപ്റ്റന്‍സി നോമിനേഷന്‍ കഴിയുന്ന സമയത്ത് എപ്പോഴെങ്കിലും ആ മൂന്നുപേരില്‍ ഒരാളെ മാറ്റി ആ സ്ഥാനം നേടാനുള്ള അവസരമായിരുന്നു അത്. ആ അവസരം ഇപ്പോള്‍ ഉപയോ​ഗിക്കുന്നുണ്ടോ എന്നായിരുന്നു ബി​ഗ് ബോസിന്‍റെ ചോദ്യം. പൊടുന്നനെ ആശയക്കുഴപ്പത്തിലായ അഖില്‍ കുറച്ചുനേരം ആലോചിച്ചതിനു ശേഷം ബി​ഗ് ബോസിനെ അഭിപ്രായം അറിയിച്ചു. ആ അവസരം ഇപ്പോള്‍ ഉപയോ​ഗിക്കുന്നില്ല എന്നായിരുന്നു അത്.

ALSO READ : ജഗതിയുടെ കോമഡിക്ക് റീല്‍സ് വീഡിയോയുമായി ഭാവന

തുടര്‍ന്ന് ക്യാപ്റ്റന്‍സി ടാസ്ക് നടന്നു. ക്യാപ്റ്റനാവാന്‍ മത്സരിക്കുന്നത് മൂന്നുപേര്‍ ആണെങ്കിലും മുഴുവന്‍ മത്സരാര്‍ഥികളെയും പങ്കെടുപ്പിക്കുന്ന ഒരു ടാസ്ക് ആണ് ബി​ഗ് ബോസ് കരുതിവച്ചിരുന്നത്. ക്യാപ്റ്റനാവാന്‍ മത്സരിക്കുന്ന ഓരോ മത്സരാര്‍ഥികളെയും മൂന്ന് മത്സരാര്‍ഥികള്‍ വീതം പിന്തുണയ്ക്കേണ്ടിയിരുന്നു. പിന്നാലെ ഓരോ നിറങ്ങളിലെ സ്റ്റിക്കി നോട്ടുകള്‍ ഓരോ മത്സരാര്‍ഥികള്‍ക്കും നല്‍കി. മത്സരാര്‍ഥികള്‍ക്ക് തൊട്ടുമുന്നില്‍ ഒരു വലിയ ബോര്‍ഡും അകലത്തായി മൂന്ന് മേശകളും വച്ചിരുന്നു. ഓരോ മത്സരാര്‍ഥിയെയും പിന്തുണയ്ക്കുന്നവര്‍ തങ്ങള്‍ പിന്തുണയ്ക്കുന്ന മത്സരാര്‍ഥിയുടെ പേര് സ്റ്റിക്കി നോട്ടില്‍ എഴുതിയ ശേഷം ബോര്‍ഡില്‍ ഒട്ടിക്കാനായി അവരുടെ കൈയില്‍ കൊണ്ട് കൊടുക്കുകയാണ് വേണ്ടിയിരുന്നത്. രണ്ടാമത്തെ ബസര്‍ കേള്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ആരുടെ നിറത്തിലുള്ള നോട്ടുകള്‍ ആണോ അവരാവും വിജയിയെന്ന് ബി​ഗ് ബോസ് പറഞ്ഞിരുന്നു.

ALSO READ : കെജിഎഫ് സംവിധായകനും നിര്‍മ്മാതാവും വീണ്ടും; 'ബഗീര' തുടങ്ങി

ബ്ലെസ്‍ലിക്ക് മഞ്ഞ നിറമാണ് ലഭിച്ചിരുന്നത്. റിയാസിന് പിങ്കും റോബിന് ഓറഞ്ചും ലഭിച്ചു. ഏറെനേരം നീണ്ട മത്സത്തിനു ശേഷം വിധി പറയാന്‍ ജഡ്‍ജ് ആയ സുചിത്ര ബുദ്ധിമുട്ടി. തന്‍റെ നിറമാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് സ്ഥാപിച്ചെടുക്കാന്‍ ഏറ്റവുമധികം ശ്രമിച്ചത് റിയാസ് ആണ്. മത്സരം തര്‍ക്കത്തിലേക്ക് നീണ്ടതോടെ നോട്ടുകള്‍ എണ്ണിനോക്കാമോയെന്ന് ബി​ഗ് ബോസിനോട് സുചിത്ര ചോദിച്ചെങ്കിലും അത് വേണ്ടെന്നായിരുന്നു മറുപടി. വിധികര്‍ത്താവിന് ഏറ്റവുമധികം കാണാനാവുന്ന നിറം ഏതെന്ന് പറഞ്ഞാല്‍ മതിയെന്നും ബി​ഗ് ബോസ് പറഞ്ഞു. തുടര്‍ന്ന് ബ്ലെസ്‍ലിയെ സുചിത്ര വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

click me!