'പോവേണ്ട മറ്റ് ആളുകള്‍ ഉണ്ടായിരുന്നു'; എവിക്ഷനു ശേഷം മോഹന്‍ലാലിനോട് ശാലിനി

By Web TeamFirst Published Apr 18, 2022, 12:20 AM IST
Highlights

ഈ സീസണിലെ രണ്ടാമത്തെ എലിമിനേഷന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ രണ്ടാമത്തെ എവിക്ഷന്‍ ഇന്നലെ നടന്നു. ശാലിനി നായര്‍ ആണ് പുറത്തായത്. ഏറെ വിഷമത്തോടെയാണ് ശാലിനി ബിഗ് ബോസില്‍ നിന്ന് താന്‍ പുറത്തായെന്ന വാര്‍ത്ത സ്വീകരിച്ചത്. ഏറെ സ്വപ്നങ്ങളുമായി വന്ന തനിക്ക് കുറച്ചുകൂടി സമയം ലഭിച്ചിരുന്നെങ്കിലെന്ന് പിന്നീട് വേദിയിലെത്തിയപ്പോള്‍ മോഹന്‍ലാലിനോട് ശാലിനി പറഞ്ഞു.

അശ്വിന്‍, ലക്ഷ്മിപ്രിയ, ജാസ്മിന്‍, ശാലിനി, ഡെയ്സി, അഖില്‍, നവീന്‍ എന്നിവരാണ് മൂന്നാം വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇത്തവണത്തെ ആദ്യ എലിമിനേഷന്‍ പോലെ പുറത്താക്കപ്പെടുന്ന ആളെ മത്സരാര്‍ഥികള്‍ തന്നെ കണ്ടെത്തുന്ന രീതിയിലായിരുന്നു പ്രഖ്യാപനം. ഈസ്റ്റര്‍ ദിനമായ ഇന്ന് ചായം പൂശിയ മുട്ടകള്‍ ഉപയോഗിച്ചുള്ള ഒരു ആക്റ്റിവിറ്റി മോഹന്‍ലാലിന്‍റെ നിര്‍ദേശപ്രകാരം മത്സരാര്‍ഥികള്‍ കളിച്ചിരുന്നു. എന്നാല്‍ നോമിനേഷന്‍ ലഭിച്ചിരുന്നവരെ ഈ ആക്റ്റിവിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നാലെ എലിമിനേഷന്‍ നടപടികളും മുട്ടകള്‍ ഉപയോഗിച്ചായിരുന്നു.

മുട്ടകള്‍ അടങ്ങിയ ഏഴ് ചെറിയ പെട്ടികളാണ് സ്റ്റോര്‍ റൂമില്‍ നിന്ന് ബിഗ് ബോസ് ലഭ്യമാക്കിയത്. നോമിനേഷന്‍ ലഭിച്ച ഓരോരുത്തരായി മോഹന്‍ലാല് പേര് വിളിക്കുന്നതനുസരിച്ച് വന്ന് ആ പെട്ടികളില്‍ ഒന്നെടുത്ത് തുറന്ന് നോക്കണമായിരുന്നു. അതില്‍ ഒരു മുട്ടയും ആ മുട്ടയില്‍ ഒരു അറിയിപ്പും ഉണ്ടാവും. പെട്ടി തുറന്നാല്‍ മാത്രമേ ഇത് കാണാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇതു പ്രകാരം ലക്ഷ്മിപ്രിയയെയാണ് മോഹന്‍ലാല്‍ പെട്ടി തുറക്കാന്‍ ആദ്യമായി വിളിച്ചത്. ലക്ഷ്മി തുറന്ന പെട്ടിയില്‍ ഒരു മുട്ട അടങ്ങിയിരുന്നു. അഖില്‍ സേഫ് ആണ് എന്ന സന്ദേശമാണ് അതില്‍ ഉണ്ടായിരുന്നത്. പിന്നീട് ജാസ്മിന്‍, ഡെയ്സി, നവീന്‍, ലക്ഷ്മിപ്രിയ, അശ്വിന്‍ എന്നിവരും സേഫ് ആയി. അതോടെ ശാലിനിയാണ് ഈ വാരം പുറത്ത് പോകുന്നതെന്ന് ഉറപ്പായി. പിന്നാലെ മോഹന്‍ലാലും ഈ വിവരം സ്ഥിരീകരിച്ചു.

ഏറെ സങ്കടത്തോടെയാണ് സഹമത്സരാര്‍ഥികള്‍ ശാലിനിയെ യാത്രയാക്കിയത്. എല്ലാവര്‍ക്കുമൊപ്പം ക്യാമറയ്ക്കു മുന്നില്‍ നിന്ന് ഒരു ഫോട്ടോയെടുത്തശേഷമാണ് ശാലിനി പുറത്തേക്ക് പോയത്. പോകുമ്പോള്‍ ഹൌസിലെ തന്‍റെ പ്രിയ സുഹൃത്ത് അഖിലിന് ആശംസകള്‍ നേരാനും ശാലിനി മറന്നില്ല. ജയിച്ച് വരണം എന്നാണ് അഖിലിനോട് ശാലിനി പറഞ്ഞത്. ഈ പുറത്താവല്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല എന്നാണ് മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മറുപടിയായി പിന്നീട് വേദിയില്‍ ശാലിനി പറഞ്ഞത്. ബി​ഗ് ബോസില്‍ ഒറ്റപ്പെടലൊത്തെ ഉണ്ടായിരുന്നു. അവിടുത്തെ അതിജീവനം സമ്മര്‍ദ്ദമുള്ളത് ആയിരുന്നു. 100 ദിവസം നിന്ന് ജയിക്കാന്‍ വേണ്ടി വന്നതായിരുന്നു. പുറത്തുപോയാലും പ്രശ്നമില്ലെന്ന് പറയുന്ന പലരും അവിടെ ഉണ്ടായിരുന്നു. ഒരുപാട് സ്വപ്നങ്ങളുമായി വന്ന എനിക്ക് കുറച്ചു സമയം കൂടി കിട്ടേണ്ടിയിരുന്നു, ശാലിനി പറഞ്ഞു. മനസിലാക്കിയ സുഹൃത്തുക്കള്‍ ആരൊക്കെയെന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് സുചിത്ര, അഖില്‍, സൂരജ്, നിമിഷ, ജാസ്മിന്‍ എന്നിവരുടെ പേരുകളും ശാലിനി പറഞ്ഞു. ഇതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ ഇനി 16 മത്സരാര്‍ഥികളാണ് അവശേഷിക്കുന്നത്. 

click me!