എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?

By Nirmal SudhakaranFirst Published Mar 12, 2024, 3:58 PM IST
Highlights

ആദ്യദിനം ബിഗ് ബോസും ബിഗ് ബോസ് പ്ലസുമായി ഒന്നര മണിക്കൂറിന് താഴെ ഷോ പ്രൊഡ്യൂസേഴ്സ് കട്ട് ചെയ്തപ്പോള്‍ അതിന്‍റെ 50 ശതമാനത്തിന് മേല്‍ കൊണ്ടുപോയത് രതീഷ് കുമാര്‍ ആണ്

രണ്ടാമത്തെയോ മൂന്നാമത്തെയോ സീസണ്‍ അല്ല, മറിച്ച് സീസണ്‍ 6 ല്‍ എത്തിയിരിക്കുന്നു ബിഗ് ബോസ് മലയാളം. ഞായറാഴ്ച ആരംഭിച്ചിട്ടുള്ള പുതിയ സീസണില്‍ അതുകൊണ്ട് തന്നെ കളികള്‍ ഏറെ കണ്ട് കാര്യമായി പഠിച്ചിട്ട് വന്നിരിക്കുന്ന മത്സരാര്‍ഥികളാണ് ഉള്ളത്. അത് വെളിവാക്കുന്നതായിരുന്നു ഹൗസിലെ അവരുടെ ആദ്യ ദിനത്തിലെ പ്രകടനങ്ങള്‍. മുന്‍ സീസണുകളില്‍ പല തരത്തില്‍ കണ്ടന്റ് സൃഷ്ടിച്ച മത്സരാര്‍ഥികള്‍ ജനപ്രീതിയുടെ ഉയരങ്ങളില്‍ എത്തിയിട്ടുണ്ട്. സ്വന്തം അഭിപ്രായങ്ങള്‍ ഉറക്കെ പറഞ്ഞിരുന്ന രജിത്ത് കുമാറും അഖില്‍ മാരാരും സാബുമോനും, സൗമ്യ സാന്നിധ്യങ്ങളായി വന്ന് പ്രേക്ഷകരുടെ മനസ് കീഴടക്കിയ ബ്ലെസ്‍ലിയെയും റിനോഷിനെയുംപോലെ ഉള്ളവര്‍. ഇതില്‍ ഏത് മുന്‍മാതൃക സ്വീകരിച്ചും ക്യാമറ സ്പേസ് തുടക്കം മുതലേ കൈക്കലാക്കണമെന്ന ആഗ്രഹം സീസണ്‍ 6 ലെ മത്സരാര്‍ഥികളില്‍ ആദ്യദിനം തന്നെ പ്രകടമാണ്. ക്യാമറാ സ്പേസ് ബിഗ് ബോസില്‍ എല്ലാവരും ആഗ്രഹിക്കുന്നതാണെങ്കിലും സീസണ്‍ 6 ല്‍ ആദ്യദിനം തന്നെ വന്‍ ചലനം സൃഷ്ടിച്ചത് രതീഷ് കുമാര്‍ എന്ന ടെലിവിഷന്‍ അവതാരകനാണ്.

ഒരു വെള്ളിടി പോലെ ബിഗ് ബോസ് ഹൗസിനെ കുലുക്കണമെന്ന് തീരുമാനിച്ചാണ് ഈ മത്സരാര്‍ഥി വന്നിരിക്കുന്നതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു മോഹന്‍ലാലിനൊപ്പം ലോഞ്ചിംഗ് വേദി മുതലുള്ള അയാളുടെ എനര്‍ജിയും പെര്‍ഫോമന്‍സും. ആദ്യദിനം ബിഗ് ബോസും ബിഗ് ബോസ് പ്ലസുമായി ഒന്നര മണിക്കൂറിന് താഴെ ഷോ പ്രൊഡ്യൂസേഴ്സ് കട്ട് ചെയ്തപ്പോള്‍ അതിന്‍റെ 50 ശതമാനത്തിന് മേല്‍ കൊണ്ടുപോയത് രതീഷ് കുമാര്‍ ആണ്. ഹൗസില്‍ ഉണ്ടാവുന്ന എല്ലാ വിഷയങ്ങളിലും കയറി ഇടപെടുക, ഇനി വിഷയങ്ങള്‍ ഇല്ലെങ്കില്‍ അത് ഉണ്ടാക്കുക, ആവശ്യമുള്ളതിനും ഇല്ലാത്തതിനും മറ്റ് മത്സരാര്‍ഥികളെ കയറി 'ചൊറിയുക', എല്ലാവരേക്കാളും ഏറ്റവുമുച്ചത്തില്‍ സംസാരിച്ച് ഹൗസില്‍ ശബ്ദം മുഴക്കി കേള്‍പ്പിക്കുക, ഇടയ്ക്ക് മറ്റ് മത്സരാര്‍ഥികളുമായി ചേര്‍ന്ന് പ്രേക്ഷകരെ ചിരിപ്പിക്കുന്ന, രസിപ്പിക്കുന്ന കണ്ടന്‍റുകളും സൃഷ്ടിക്കുക.

 

ഹൗസിലെ ഇടപെടലുകളില്‍ പലതും അരോചകമെന്ന് സഹമത്സരാര്‍ഥികള്‍ക്കും പ്രേക്ഷകരില്‍ ഒരു വലിയ വിഭാഗത്തിനും തോന്നിപ്പിച്ചേക്കാമെങ്കിലും ഒരു സീസണില്‍ ഒറ്റ ദിവസം കൊണ്ട് സാന്നിധ്യമറിയിക്കാന്‍ കഴിയുക എന്നത് ചില്ലറ കാര്യമല്ല. അതിന് ബോധപൂര്‍വ്വമുള്ള ശ്രമമാണ് രതീഷിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിലയാള്‍ വിജയിച്ചിട്ടുമുണ്ട്. പല തലത്തിലുള്ള പ്ലാനിംഗുകളുമായി, നല്ല എനര്‍ജിയില്‍ ഹൗസിലേക്ക് എത്തുന്ന മത്സരാര്‍ഥികള്‍ക്ക് എത്ര ദിവസം ആ എനര്‍ജിയില്‍ പോവാന്‍ കഴിയും എന്നത് ഒരു ചോദ്യമാണ്. ഒരു ഫേക്ക് പേഴ്സണാലിറ്റിയുടെ കുപ്പായവും ധരിച്ചാണ് എത്തുന്നതെങ്കില്‍ ബിഗ് ബോസ് ഹൗസില്‍ അത് രണ്ടാഴ്ചയ്ക്കപ്പുറം പോവില്ലെന്നാണ് ബിഗ് ബോസിലെ മുന്‍ അനുഭവങ്ങള്‍. ബിഗ് ബോസിലെ 100 ദിവസമെന്നത് പെട്ടെന്ന് പോകുമെന്നും നമ്മള്‍ കരുതുന്നതുപോലെയല്ലെന്നും ആദ്യദിനം ഒരു സഹമത്സരാര്‍ഥിയോട് രതീഷ് കുമാര്‍ പറയുന്നുണ്ട്. താന്‍ ഹൈ കണ്‍ട്രോള്‍ ഉള്ളയാളാണെന്നും അയാള്‍ പറയുന്നു. എന്തായാലും ഒന്ന് ഉറപ്പാണ്, ആദ്യ വാരങ്ങളില്‍ പുറത്തേക്കുപോകുന്ന മത്സരാര്‍ഥികളില്‍ ഇയാള്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. 

ALSO READ : ട്രാക്ക് മാറ്റിപ്പിടിച്ച് സുഷിന്‍ ശ്യാം; പ്ലേ ലിസ്റ്റുകളില്‍ ട്രെന്‍ഡ് ആവാന്‍ 'ആവേശ'ത്തിലെ 'ഗലാട്ട', ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!