Latest Videos

പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബി​ഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?

By Web TeamFirst Published Mar 19, 2024, 6:28 PM IST
Highlights

വലിയ ​ഗെയിം പ്ലാനുകളൊന്നുമില്ലാതെ, കാര്യങ്ങളോട് വൈകാരികമായി പ്രതികരിക്കുന്ന ഋഷിയെയാണ് ബി​ഗ് ബോസില്‍ ഇതുവരെ കണ്ടത്

ബി​ഗ് ബോസ് മലയാളം സീസണ്‍ 6 ലെ 19 മത്സരാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ അപൂര്‍വ്വം പേരില്‍ ഒരാളായിരുന്നു ഋഷി എസ് കുമാര്‍. നര്‍ത്തകനായും പിന്നീട് നടനായും ഏറെ ആരാധകരെ സൃഷ്ടിച്ചിട്ടുള്ള ആളാണ് ഋഷി. ഓണ്‍സ്ക്രീന്‍ ഇമേജ് പോലെ നേരമ്പോക്കൊക്കെ ഉണ്ടാക്കുന്ന, തമാശയും ഡാന്‍സുമൊക്കെയായി ഹൗസില്‍ ഓളം സൃഷ്ടിക്കുന്ന ഒരാളായിരിക്കും ഋഷിയെന്ന് ആരാധകര്‍ പ്രതീക്ഷിച്ചത് സ്വാഭാവികം. എന്നാല്‍ ഒരാഴ്ച പിന്നിട്ടപ്പോള്‍ ആ പ്രതീക്ഷകള്‍ക്കൊപ്പമാണോ ഈ മത്സരാര്‍ഥി? നോക്കാം.

കണ്‍ഫ്യൂഷന്‍ ഉള്ള തുടക്കം

ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാ​ഗുമായി ആരംഭിച്ചിരിക്കുന്ന ബി​ഗ് ബോസ് മലയാളം സീസണ്‍ 6 മുന്‍ സീസണുകളില്‍ നിന്ന് കാര്യമായ മാറ്റങ്ങളോടെയാണ് എത്തിയിരിക്കുന്നത്. നാല് ബെഡ് റൂമുകളും അതിലൊന്ന് പവര്‍ റൂമുമൊക്കെയായ ബി​ബി ഹൗസ് തന്നെ ബി​ഗ് ബോസിന്‍റെ മാറ്റിപ്പിടിത്തത്തിന് തെളിവാണ്. കഴിഞ്ഞ തവണ തുടക്കം മുതല്‍ അവസാനം വരെ ഫിസിക്കല്‍ ടാസ്കുകളുടെ വേലിയേറ്റമായിരുന്നുവെങ്കില്‍ ഇക്കുറി അത് കുറവാണ്. മറിച്ച് മത്സരാര്‍ഥികളുടെ വൈകാരിക നിലയും ബുദ്ധിയും കൗശലവുമൊക്കെ പരീക്ഷിക്കുന്ന സീസണ്‍ ആയിരിക്കുമോ ഇതെന്ന് സംശയിക്കാം. മുന്‍ സീസണുകള്‍ കണ്ട് പഠിച്ച പാഠങ്ങളൊന്നും കാര്യമായി വിലപ്പോവില്ല എന്നതാണ് സീസണ്‍ 6 ന്‍റെ ഒരു പ്രത്യേകത. മറ്റ് പല മത്സരാര്‍ഥികളെയുംപോലെ ഇത് എങ്ങനെ കളിക്കണമെന്ന് കണ്‍ഫ്യൂഷന്‍ അടിച്ച ഋഷിയെയാണ് ആദ്യ ദിനങ്ങളില്‍ കണ്ടത്.

 

'ഇമോഷണല്‍ ജീവി'

വലിയ ​ഗെയിം പ്ലാനുകളൊന്നുമില്ലാതെ, കാര്യങ്ങളോട് വൈകാരികമായി പ്രതികരിക്കുന്ന ഋഷിയെയാണ് ബി​ഗ് ബോസില്‍ ഇതുവരെ കണ്ടത്. അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളോടും പ്രതികരണമില്ല. എന്നാല്‍ തന്നെ ബാധിക്കുന്ന, അല്ലെങ്കില്‍ വൈകാരിക സത്യസന്ധതയില്ലാതെയുള്ളതെന്ന് തനിക്ക് തോന്നുന്ന മറ്റുള്ളവരുടെ ആക്ഷനുകളോട് ശക്തമായ ഭാഷയിലാണ് ഋഷി പ്രതികരിക്കാറ്. ഋഷി അങ്ങനെ പ്രതികരിക്കുന്ന രണ്ട് സംഭവങ്ങള്‍ ഇതുവരെ ഉണ്ടായി. ഒന്ന് ജാന്‍മോണി തന്നെ ഹ​ഗ് ചെയ്തെന്ന് പറഞ്ഞ് രതീഷ് കുമാര്‍ പരാതി ഉയര്‍ത്തിയപ്പോഴാണ്. തനിക്ക് ഒരു കുടുംബമുണ്ടെന്നും ജാന്‍മോണിയുടെ പെരുമാറ്റം തന്‍റെ കുടുംബത്തെ ബാധിക്കുമെന്നുമൊക്കെ രതീഷ് പറഞ്ഞപ്പോള്‍ ഇവിടേക്ക് അനാവശ്യമായി കുടുംബത്തെ വലിച്ചിഴയ്ക്കേണ്ട കാര്യമില്ലെന്നാണ് ഋഷി പറഞ്ഞത്.

അതിനേക്കാള്‍ വലിയ ശബ്ദത്തോടെ, ഒരു പൊട്ടിത്തെറി എന്ന് പറയാവുന്ന തരത്തിലായിരുന്നു ഋഷിയുടെ ഇന്നലത്തെ പ്രതികരണം. പവര്‍ റൂമിന്‍റെ ഡയറക്റ്റ് നോമിനേഷനിലേക്ക് താന്‍ സുഹൃത്തുക്കളെന്ന് കരുതിയ ​ഗബ്രിയും ജാസ്മിനും തന്‍റെ പേര് നിര്‍ദേശിച്ചുവെന്ന തിരിച്ചറിവാണ് ഋഷിയെ പ്രകോപിപ്പിച്ചത്. ജാസ്മിനേക്കാള്‍ ​ഗബ്രി തന്‍റെ പേര് നിര്‍ദേശിച്ചതിലുള്ള രോഷമാണ് ഋഷി പ്രകടിപ്പിച്ചത്. ​പവര്‍ റൂമിന്‍റെ ഡയറക്റ്റ് നോമിനേഷനില്‍ ഇടംപിടിച്ചില്ലെങ്കിലും ഈ ആഴ്ചയിലെ നോമിനേഷന്‍ ലിസ്റ്റില്‍ ഋഷി ഉണ്ട്. അതിന് ശേഷമായിരുന്നു ​ഗബ്രിയുടെ വൈകാരിക പ്രതികരണം. ഗബ്രി തന്നെ പിന്നില്‍ നിന്ന് കുത്തി എന്നതാണ് പലവട്ടം ഋഷി പറഞ്ഞുകൊണ്ടിരുന്നത്. 

 

ഹൗസിലെ മുന്നോട്ടുപോക്ക്

ഋഷിയുടെ ഇന്നലത്തെ പൊട്ടിത്തെറിക്ക് ഹൗസിന് അകത്തും പുറത്തും പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ ശക്തിയേക്കാള്‍ ബുദ്ധിയും വൈകാരിക സംയമനവും തന്ത്രവുമൊക്കെ ആവശ്യമായി വരുന്ന ഈ സീസണില്‍ അതിവൈകാരികതയോടെയുള്ള പ്രതികരണം എപ്പോഴും വിജയിക്കില്ല. ഇന്നലത്തെ സംഭവത്തോടെ ഋഷി തന്നെ ബാധിക്കുന്ന കാര്യങ്ങളോട് അതിവൈകാരികമായി പ്രതികരിക്കുന്ന ആളാണെന്ന് മുഴുവന്‍ മത്സരാര്‍ഥികളും മനസിലാക്കിക്കഴിഞ്ഞു. വൈകാരികമായ സത്യസന്ധതയുള്ള ആളായതിനാല്‍ പറയുന്നത് വളരെ ശക്തമായി അവതരിപ്പിക്കാന്‍ കഴിയുന്ന ആളാണ് ഋഷി. അങ്ങനെ ഒരാളെ തനിക്കൊപ്പം നിര്‍ത്താന്‍ ഇനിയുള്ള ദിവസങ്ങളില്‍ പല മത്സരാര്‍ഥികളും ശ്രമിച്ചേക്കും. സിജോയെപ്പോലെയുള്ള ​ഗെയിമര്‍മാര്‍ അതിന് ശ്രമിച്ചേക്കാം. ഇമോഷണലി പ്രതികരിക്കുമ്പോള്‍ (വിശേഷിച്ചും സ്ത്രീകളോട്) വാക്കുകള്‍ സൂക്ഷിച്ച് ഉപയോ​ഗിക്കാത്തത് ഇപ്പോഴുള്ള മറ്റ് പല മത്സരാര്‍ഥികളെയുംപോലെ ഋഷിക്കും വിനയാവാന്‍ സാധ്യതയുണ്ട്.

ഒറ്റയ്ക്ക് പറ്റുമോ?

കഴിഞ്ഞ സീസണില്‍ ഏറ്റവും വിജയിച്ച ഒന്നായിരുന്നു അഖില്‍ മാരാര്‍- വിഷ്ണു ജോഷി- ഷിജു കൂട്ടുകെട്ട്. ഇന്‍ഡിവിജ്വല്‍ ​ഗെയിമര്‍മാരെപ്പോലെ ചില ​ഗ്രൂപ്പുകള്‍ക്കും ബി​ഗ് ബോസില്‍ ജനപ്രീതി നേടാം എന്നതിന്‍റെ തെളിവായിരുന്നു ഈ ടീം. അത്തരത്തില്‍ ഒരു ബ്രൊമാന്‍സ് ​ഗ്രൂപ്പ് ബി​ഗ് ബോസിലേക്ക് എത്തിയപ്പോള്‍ ഋഷി ലക്ഷ്യമാക്കിയോ എന്ന് സംശയമുണ്ട്. സിജോ, റോക്കി എന്നിവര്‍ക്കൊപ്പം ഋഷി പലപ്പോഴും ഉണ്ടായിരുന്നു. ​ഗബ്രിയുമായി ഒരു സൗഹൃദത്തിന് ഋഷി തുടക്കത്തില്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ​ഗബ്രി അതിന് വേണ്ട ​ഗൗരവം കൊടുത്തില്ല. കഴിഞ്ഞ ദിവസം പവര്‍ റൂം നോമിനേഷന് പിന്നാലെയുള്ള തര്‍ക്കത്തില്‍ ​ഗബ്രിക്കെതിരെ ഇത്രയും രൂക്ഷമായി ഋഷി പ്രതികരിക്കാനുള്ള കാരണവും ഇതായിരിക്കാം. മുന്നോട്ടുപോക്കില്‍ ഋഷി ഒരു ടീമിന്‍റെ ഭാ​ഗമാവുമോ എന്നാണ് അറിയാനുള്ളത്. ഈ സീസണില്‍ ഇതുവരെ അത്തരം ടീമുകളൊന്നും (​ഗബ്രി- ജാസ്മിന്‍ ഒഴിച്ച്) കാര്യമായി ഉണ്ടായിട്ടില്ല എന്നത് മറ്റൊരു വിഷയം. കാര്യങ്ങളെ അതിവൈകാരികമായി കാണുന്ന ഒരാള്‍ക്ക് ഒപ്പം മറ്റോരാള്‍ ഉള്ളത് ​ഗുണമായി വരാം. അതേസമയം ​ഗെയിമര്‍ എന്ന നിലയില്‍ അയാള്‍ ഹൈജാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്. 

 

എന്‍റര്‍ടെയ്നര്‍ എവിടെ?

രതീഷ് കുമാര്‍ സെറ്റ് ചെയ്ത ബഹളമയമായ ഒരു ബിബി ഹൗസ് ആണ് ആദ്യ വാരം നമ്മള്‍ കണ്ടത്. എന്നാല്‍ രതീഷ് കുമാര്‍ പലപ്പോഴും രസനിമിഷങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. അതുപോലെ സുരേഷും. പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന തരത്തില്‍ ബി​ഗ് ബോസിലെ ഒരു എന്‍റര്‍ടെയ്നര്‍ ആവാന്‍ ഋഷിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. എന്നാല്‍ ആദ്യ വാരത്തിലെ സാന്നിധ്യം വച്ച് മാത്രം ഒരു മത്സരാര്‍ഥിയുടെ മുന്നോട്ടുപോക്ക് എങ്ങനെയൊക്കെയാവുമെന്ന് പ്രവചിക്കാനും കഴിയില്ല. തന്നിലെ എന്‍റര്‍ടെയ്നറെ ഹൗസിലേക്ക് കൊണ്ടുവരാന്‍ സാധിച്ചാല്‍ ഋഷിയെ സംബന്ധിച്ച് അത് ​ഗെയിമര്‍ എന്ന നിലയിലുള്ള വലിയ സാധ്യതയാവും തുറക്കുകയെന്നതില്‍ തര്‍ക്കമില്ല. 

ALSO READ : കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!