ബിഗ് ബോസ് സീസൺ 7: ഗ്രൂപ്പ് ലീഡറോ അതോ മാൻഡ്രേക്കോ, ആരാണ് ശരിക്കുള്ള അക്ബർ?

Published : Oct 26, 2025, 08:37 PM IST
Bigg Boss Malayalam Season 7

Synopsis

ആദ്യ ദിനം മുതൽ ഗ്രൂപ്പ് കളി, ഒപ്പം നിന്നവരെല്ലാം പോയിട്ടും പതറാത്ത വീര്യം.  നെഗറ്റീവ് ഇമേജ് നേടിയ അക്ബർ, പാട്ടുകാരൻ എന്നതിലുപരി ഒരു കോംപ്ലിക്കേറ്റഡ് മത്സരാർത്ഥിയായി മാറി.  ബിഗ് ബോസ് മലയാളം സീസൺ 7 ഫൈനൽ ഫൈവിൽ എത്താൻ സാധ്യത

ബിഗ് ബോസിൽ പല സീസണുകളിലും മത്സരാർത്ഥികളായി പാട്ടുകാർ എത്തിയിട്ടുണ്ട്. അമൃത സുരേഷ്, അഭിരാമി സുരേഷ്, സോമദാസ്‌, ലക്ഷ്മി ജയൻ.... അങ്ങനെ പലരും. അതുകൊണ്ടുതന്നെ സീസൺ 7 ലും ഒരു പാട്ടുകാരൻ ഉണ്ടാകാനുള്ള സാധ്യത തുടക്കം മുതൽ ബിബി ആരാധകർ പങ്കുവച്ചിരുന്നു. ഒടുവിൽ ആ ആളുമെത്തി. അക്ബർ ഖാൻ. സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെയും സ്റ്റാർ സിംഗറിലൂടെയുമെല്ലാം പ്രേക്ഷകർക്ക് നേരത്തെ തന്നെ പരിചിതനായിരുന്നു അക്ബർ. കഷ്ടപ്പാടുകൾക്കിടയിൽനിന്ന് സ്വപ്രയത്നംകൊണ്ട് ഉയർന്നുവന്ന കലാകാരൻ. ഈ സ്നേഹവും മിനിസ്ക്രീൻ പ്രേക്ഷകർക്ക് അക്ബറിനോടുണ്ടായിരുന്നു. പക്ഷേ ഇതിനപ്പുറം ബിഗ് ബോസ് വീട്ടിൽ അക്ബറിന് തന്നെ അടയാളപ്പെടുത്താൻ കഴിയുമോ എന്ന സംശയം അപ്പോഴും ബാക്കിയായി.

പാട്ടും നൃത്തവും എല്ലാം ബിഗ് ബോസ് വീടിനുള്ളിൽ മുതൽക്കൂട്ടാകാമെങ്കിലും ബിബി വീട്ടിൽ പിടിച്ചുനിൽക്കാൻ അതുമാത്രം പോരല്ലോ. എന്നാൽ അത്തരം സംശയങ്ങളെ എല്ലാം ആദ്യ ആഴ്ചയിൽത്തന്നെ അക്ബർ ഖാൻ കാറ്റിൽ പറത്തി. പാട്ട് മാത്രമല്ല തന്റെ കയ്യിൽ ഉള്ളതെന്ന് തെളിയിച്ച അക്ബർ പന്ത്രണ്ടാം ആഴ്ചയിലെ മൂന്ന് ക്യാപ്റ്റന്മാരിൽ ഒരാൾ കൂടിയായിരുന്നു. 

ഈ സീസണിലെ ഏറ്റവും കോംപ്ലിക്കേറ്റഡ് ഗ്രാഫ് ഉണ്ടായിരുന്ന മത്സരാർത്ഥികളിൽ ഒരാളായിരുന്നു അക്ബർ. ഇഷ്ടമാണോ അനിഷ്ടമാണോ അക്ബറിനോട് തോന്നേണ്ടതെന്ന സംശയം പലർക്കും പല ഘട്ടങ്ങളിലും ഉണ്ടായിട്ടുമുണ്ട്. സീസൺ 7 ലെ ഏറ്റവും നിർണ്ണായകമായ മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് അക്ബർ. അനുമോൾ, ഷാനവാസ്, അനീഷ് എന്നിവരുടെയെല്ലാം ഫാൻ ബേസിന് ഒരുപരിധിവരെ കാരണമായതും അക്ബറാണ്. പക്ഷേ സ്വന്തം കാര്യത്തിൽ ആ ഫാൻ ബേസ് ഉണ്ടാക്കാനോ നിലനിർത്താനോ അക്ബറിന് കഴിഞ്ഞിട്ടുമില്ല എന്നതാണ് മറ്റൊരു വിരോധാഭാസം. 

ബിഗ് ബോസ് സീസൺ 7 ലെ ആദ്യ ബുള്ളി ഗ്യാങ്

നന്നായി പാട്ടുപാടുന്ന ഒരു കൂൾ ചെറുപ്പക്കാരനായാണ് ബിഗ് ബോസ് വീട്ടിലേക്ക് അക്ബർ എത്തുന്നത്. പക്ഷേ ദിവസങ്ങൾകൊണ്ടുതന്നെ അങ്ങനെയൊരു കൂൾ മാൻ ആകാനല്ല താൻ വന്നതെന്ന് വീടിനകത്തും പുറത്തുമുള്ളവർക്ക് അക്ബർ തെളിയിച്ചുകൊടുത്തു. ബിഗ് ബോസ് വീട്ടിലെ ആദ്യത്തെ ഗ്രൂപ്പും അക്ബറിന്റേതുതന്നെ. അക്ബർ, അപ്പാനി ശരത്, ഒരു പരിധിവരെ ആര്യൻ. ഇതായിരുന്നു ഈ സീസണിലെ ആദ്യത്തെ ഗ്രൂപ്പ്. സത്യത്തിൽ ഇവിടെത്തന്നെയാണ് അക്ബറിന് കാലിടറിയതുമെന്ന് വേണമെങ്കിൽ പറയാം. ആദ്യ ദിവസങ്ങളിൽ തന്നെയുണ്ടാക്കിയ ഈ ഗ്രൂപ്പ് അക്ബറിന്റെ മൊത്തം ഗെയിമിനെയും നെഗറ്റീവ് ആയി ബാധിച്ചു എന്നതാണ് വാസ്തവം. അനീഷിനെയാണ് ആ ഗ്യാങ് ആദ്യം കോർണർ ചെയ്തത് എങ്കിൽ പിന്നീടത് അനുമോളിലേക്ക് ഷിഫ്റ്റ് ആയി. വൈകാതെ ഈ കോർണറിങ്ങിനു ഒരു ബുള്ളി സ്വഭാവമുണ്ടാകാനും തുടങ്ങി. അങ്ങനെ ബിഗ് ബോസ് മലയാളത്തിലെ ആദ്യത്തെ ബുള്ളി ഗ്യാങ് ആയി അക്ബർ- അപ്പാനി ശരത് ആൻഡ് കോ മാറി.

ഈ ബുള്ളിയിങ് തന്നെയാണ് അക്ബറിന്റെ പ്രധാന നെഗറ്റീവും. എതിരാളികളോട് വളരെ അഗ്രസീവ് ആയാണ് അക്ബർ എപ്പോഴും പെരുമാറാറുള്ളത്. അത് അനുമോൾ ആയാലും ഷാനവാസ് ആയാലും അനീഷ് ആയാലും എല്ലാം ഈ അഗ്രഷൻ അക്ബറിന്റെ വാക്കുകളിലും പെരുമാറ്റത്തിലും ഉടനീളം കാണാം. ഒരു ഗ്രൂപ്പ് ഇല്ലാതെ ഒറ്റക്ക് കളിയ്ക്കാൻ അക്ബർ ശ്രമിക്കാറില്ല എന്നതും വലിയ പോരായ്മയാണ്. അപ്പനി ശരത്തിൽ തുടങ്ങിയ ഈ ഗ്രൂപ്പ് കളി 80 ദിവസങ്ങൾ പിന്നിടുമ്പോൾ ആര്യൻ, നെവിൻ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ആയി മാറിയിട്ടുമുണ്ട്. അങ്ങനെ ഷോയിൽ ഉടനീളം കൂട്ടുചേർന്ന് കളിക്കുകയായിരുന്നു അക്ബർ. 

എന്നാൽ അക്ബറിന്റെ ഗ്രൂപ്പിൽ ഉൾപ്പെടുന്ന എല്ലാ ആളുകളും ബാക്ക് റ്റു ബാക്ക് എവിക്ട് ആയി പോകുന്നതാണ് പതിവ് എന്നത് മറ്റൊരു കാര്യം. സുഹൃത്തുക്കളെ ബലി കൊടുക്കുകയാണ് അക്ബർ ചെയ്യുന്നത് എന്ന വാദം വീട്ടിലേക്ക് അതിഥിയായി എത്തിയ സാബുമോൻ അടക്കമുള്ളവർ പറഞ്ഞിട്ടുണ്ട്. പക്ഷേ സൗഹൃദങ്ങളിൽ ആത്മാർത്ഥത പുലർത്തുന്ന ആളാണ് അക്ബർ എന്നാണ് വ്യക്തിപരമായി തോന്നിയിട്ടുള്ളത്. എന്നാൽ സുഹൃത്തുക്കളുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനോ തിരുത്താനോ അക്ബർ ശ്രമിക്കാറില്ല. അവർക്കൊപ്പം ചേർന്ന് ആ തെറ്റുകളിൽ പങ്കാളിയാകുന്നു എന്നതും ചിലപ്പോഴെങ്കിലും തെറ്റുകൾ ചെയ്യാൻ സുഹൃത്തുക്കളെ പ്രേരിപ്പിക്കുന്നു എന്നതും അക്ബറിന്റെ പോരായ്മയുമാണ്.

ബിഗ് ബോസ് വീട്ടിലെ പാരഡി കിങ്

ബിബി വീട്ടിലെ പാരഡി കിംഗ് കൂടിയാണ് അക്ബർ ഖാൻ. തന്റെ പാട്ടുപാടാനുള്ള കഴിവിനെ ബിഗ്‌ബോസ് വീട്ടിൽ അക്ബർ ഉപയോഗിക്കുന്നത് ഇനങ്ങനെയാണ്. നിമിഷ നേരംകൊണ്ടാണ് പലപ്പോഴും അക്ബർ പാരഡി പാട്ടുകൾ ഒരുക്കുന്നത്. ചിലപ്പോഴൊക്കെ ഇതല്പം അതിരു കടക്കുന്നില്ല എന്ന സംശയവും ചില പ്രേക്ഷകർ പങ്കുവയ്ക്കാറുണ്ട്.

പ്രേക്ഷകരുമായി ഒരു കണക്ഷൻ ഉണ്ടാക്കാൻ സാധിച്ചില്ല എന്നതാണ് അക്ബറിന്റെ ഏറ്റവും വലിയ പോരായ്മ. ചവിട്ടി നിൽക്കാൻ ഒരു അടിസ്ഥാനം ഉണ്ടാക്കാൻ ആദ്യ ആഴ്ചകളിലൊന്നും അക്ബറിന് കഴിഞ്ഞില്ല. പകരം ഗ്രൂപ്പ് കളിച്ചും ഗുണ്ടായിസം കാണിച്ചും ഒരു നെഗറ്റീവ് ഇമേജ് ഉണ്ടാക്കുകയാണ് അയാൾ ചെയ്തത്. ചുറ്റും നടക്കുന്ന കാര്യങ്ങൾ നന്നായി മനസിലാക്കാനും മുഖത്തുനോക്കി കാര്യങ്ങൾ കൃത്യമായി പറയാനും ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകാനുമുള്ള അക്ബറിന്റെ കഴിവുകൾ സത്യത്തിൽ ബിഗ് ബോസ് പോലൊരു ഷോയിൽ വലിയ മുതൽക്കൂട്ടാണ്. പക്ഷേ എന്നിട്ടും അതിന് സാധിക്കാത്തത് നിലമറിഞ്ഞല്ല അക്ബർ കളിച്ചത് എന്നതുകൊണ്ട് തന്നെയാണ്. ഏതായാലും ഫൈനൽ ഫൈവ് വരെ അക്ബർ എത്താൻ സാധ്യതയുണ്ടെന്ന് തന്നെയാണ് ഇതുവരെയുള്ള കളികളിൽനിന്ന് മനസിലാകുന്നത്. അപ്പോഴും തനിക്കൊപ്പമുണ്ടായിരുന്ന ആരെയും ഒപ്പം കൂട്ടാൻ അക്ബറിനായിട്ടില്ല എന്നത് ഒരു സുഹൃത്തെന്ന നിലയിൽ അക്ബറിനെ എന്നും ബാധിക്കാനും ഇടയുണ്ട്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ