ബിഗ് ബോസിൽ താന്‍ ദീപക്കിന് സംഭവിച്ച പോലൊരു അനുഭവം നേരിട്ടെന്ന് അക്ബർ ഖാൻ. റിയാലിറ്റി ഷോയെ യഥാർത്ഥ ജീവിതവുമായി താരതമ്യം ചെയ്തതിന് അക്ബറിനെതിരെ വിമർശനമുയർന്നു.
ദീപക്ക് എന്ന യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കിട്ട് രംഗത്തെത്തുന്നത്. ദീപക് നേരിട്ടത് പോലൊരു ആരോപണം ബിഗ് ബോസ് ഹൗസിനുള്ളിൽ താൻ നേരിട്ടെന്ന് പറയുകയാണ് അക്ബർ ഖാൻ. ഒരു ടാസ്കിനിടയിൽ തന്നോട് അക്ബർ മോശമായി പെരുമാറിയെന്ന് അനുമോൾ പറഞ്ഞിരുന്നു. ഇക്കാര്യമാണിപ്പോൾ അക്ബർ വീണ്ടും ആവർത്തിക്കുന്നത്. അന്ന് നെവിൻ അല്ലാതെ മറ്റാരും തനിക്ക് വേണ്ടി നിന്നില്ലെന്നും അക്ബർ പറയുന്നു.
"വ്യാജ ആരോപണം താങ്ങാനാകാതെ ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്തിരിക്കുകയാണ്. കുറച്ചു നാളുകൾക്ക് മുന്നെ ബിഗ് ബോസിനകത്ത് അതേപോലൊരു ആരോപണം എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് ചുറ്റുമുള്ള ക്യാമറകൾക്ക് മുന്നിൽ എന്റെ നിരപരാധിത്വം ഉണ്ടെന്ന് അറിഞ്ഞിട്ടും എനിക്കെതിരെ എങ്ങനെയാണ് ഒരു സ്ത്രീ ശക്തിപ്പെടുന്നതെന്ന് ഞാൻ ഒരുപാട് ചിന്തിച്ചിട്ടുള്ള കാര്യമാണ്. അന്നത് നേരിട്ട് കണ്ടിട്ട് പോലും തിരിച്ച് പ്രതികരിക്കാതെ ഇരുന്നവരുണ്ട്. നെവിൻ മാത്രമാണ് അന്ന് എനിക്ക് വേണ്ടി സംസാരിച്ചത്. പുറത്ത് സോഷ്യൽ മീഡിയയിൽ ഓമനപ്പേരിട്ട് ആഘോഷമാക്കിയ ആൾക്കാരുണ്ട്. എല്ലാവരുടെയും വൃത്തികെട്ട മൈന്റ് സെറ്റ് തന്നെയാണ് ഇതിനൊക്കെ പിന്നിൽ. ഇന്നുമത് മറ്റുള്ളവരുടെ ജീവനെടുക്കാൻ പാകത്തിന് ആഘോഷിക്കപ്പെടുന്നു എന്നത് സങ്കടകരമായ കാര്യമാണ്. സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി അനുവദിച്ച നിയമങ്ങൾ മിസ് യൂസ് ചെയ്യുന്നു. അതിനെക്കാൾ ഉപരി ഒരു സ്ത്രീ പുരുഷനെതിരെ എന്ത് പറഞ്ഞാലും ആഘോഷിക്കപ്പെടുന്നു. ഈ നിലയിലേക്ക് മാറുമ്പോഴാണ് ആത്മഹത്യയിലേക്ക് പോകുന്നത്. ഇത്തരം ആത്മഹത്യകൾ ഇനിയും തുടരുക തന്നെ ചെയ്യും. ഇവിടെ ഇത് നിൽക്കുമെന്ന് തോന്നുന്നില്ല. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യം ഉണ്ടെങ്കിൽ പോലും ഒരു ആരോപണത്തിന് എതിരെ പോരാടാനുള്ള ധൈര്യം എല്ലാവർക്കും ഉണ്ടാവണമെന്നില്ല. അത് ഓരോരുത്തരുടെയും മാനസിക ആരോഗ്യത്തിന് അനുസരിച്ചാണ്. അതില്ലാത്തവരെ സപ്പോർട്ട് ചെയ്യുന്നതിന് പകരം നമ്മൾ കാണിച്ച് കൂട്ടുന്നത് ഭയങ്കര ബോറാണ്. ഗ്യാലറിയിൽ ഇരുന്ന് കളി കാണുന്നത് പോലെ എന്ത് വേണമെങ്കിലും എഴുതി വിടാം, ആരെ കുറിച്ചും എന്തും പറയാം. ആ ഒരവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് മാത്രമെ ചൂടും വേവും അറിയൂ. ഞാനത് അനുഭവിച്ചിട്ടുള്ള ആളാണ്. പ്ലീസ് ഇനിയെങ്കിലും നിങ്ങൾ നിർത്തൂ", എന്നാണ് അക്ബർ ഖാന്റെ വാക്കുകൾ.
ഇതിന് പിന്നാലെ അക്ബറിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകളാണ് വന്നത്. 'ഇത് റിയാലിറ്റിയാണ്, ഷോയല്ലെ'ന്നാണ് ഇവർ പറയുന്നത്. 'നൈസ് ആയിട്ട് വെളുപ്പിച്ചെടുക്കാണല്ലേ. ബിഗ് ബോസ് കണ്ടവർക്ക് നിന്നെ നല്ലോണം അറിയാം', 'നീയല്ലേ രേണുവിനെ സെപ്റ്റിംക് ടാങ്കെന്ന് വിളിച്ചേ', 'ചക്ക പറയുമ്പോൾ മാങ്ങ പറയല്ല അക്ബറെ', 'അത് ഒരു ഷോ ആണ് മിസ്റ്റർ. അവിടെ ലൈവ് ആയി ജനങ്ങൾ കാണുന്നതാണ്. അവിടെ നിങ്ങൾ എന്തൊക്കെ പറഞ്ഞു ചെയ്തു. മറ്റുള്ളവരെ വാക്കുകൾ കൊണ്ടു ഏറ്റവും കൂടുതൽ അപമാനിച്ചൊരാൾ നിങ്ങളാണ്. ടിവി ഷോ വെച്ചു ഈ സംഭവം താരതമ്യം ചെയ്യരുത്', എന്നിങ്ങനെ പോകുന്നു കമന്റുകൾ.



