
സീസൺ 1 ൽ സാബുമോൻ vs പേളി മാണി. സീസൺ 2 ൽ രജിത് കുമാർ vs മറ്റുള്ളവർ. സീസൺ 4 ൽ ജാസ്മിൻ vs റോബിൻ... ഇങ്ങനെ ഒരുപാട് പോരാട്ടങ്ങൾ ബിഗ് ബോസ് വീട് കണ്ടിട്ടുണ്ട്. പക്ഷേ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് രണ്ട് സ്ത്രീകളുടെ നേർക്കുനേർ പോര് ബിഗ് ബോസ് ഷോയുടെ മെയിൻ കണ്ടന്റ് ആയി മാറുന്നത്, ജിസേൽ vs അനുമോൾ.
കഴിഞ്ഞ മൂന്നാഴ്ചകളായി ഇതാണ് ബിഗ് ബോസ് വീടിനുള്ളിലെ കാഴ്ച. ആദ്യ ആഴ്ചയിൽ അനീഷ് സ്വന്തമാക്കിയ സ്‌ക്രീൻ സ്‌പേസ് രണ്ടാമത്തെ ആഴ്ച മുതൽ അനുവും ജിസേലും കൊണ്ടുപോയി.
മേക്കപ്പിന്റെ പേരിലാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ തുടങ്ങിയത്. മേക്കപ്പ് ഉപയോഗിക്കാൻ അനുവാദം ഇല്ലാതിരിക്കെ ജിസേൽ അത് ഉപയോഗിക്കുന്നു എന്ന് അനു ആരോപിക്കുകയും ജിസേൽ അത് നിഷേധിക്കുകയും ചെയ്തു. പക്ഷേ പോകെപ്പോകെ ഈ മേക്കപ്പ് പ്രശ്നം വീട്ടിൽ കൂടുതൽ പടരുന്നതും വീട്ടിലെ അംഗങ്ങൾ രണ്ട് ചേരികളായി തിരിയുന്നതുമാണ് പ്രേക്ഷകർ കണ്ടത്.
സത്യത്തിൽ ഇപ്പോൾ വീട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രധാന സംഭവങ്ങളുടെയും തുടക്കം അനുമോൾ, ജിസേൽ പ്രശത്തിൽനിന്നാണ് എന്നുപോലും വേണമെങ്കിൽ പറയാം. അക്ബർ, അപ്പാനി, റെന, ആര്യൻ എന്നിവരുടെ ഗ്രൂപ്പായുള്ള ഗെയിം, നെവിന്റെ പുറത്തേക്ക് പോകൽ, വീട്ടിലെ പ്രധാന ശക്തികളായുള്ള ആദിലയുടെയും നൂറയുടെയും ഉദയം... അങ്ങനെ നിലവിൽ ബിഗ് ബോസ് വീട്ടിൽ നടക്കുന്ന പല കാര്യങ്ങൾക്കും തുടക്കമിട്ടത് അനുമോൾ-ജിസേൽ എന്നിവർക്കിടയിലെ മേക്കപ്പ് പ്രശ്നമാണ്.
ഒരാൾ നാട്ടിൻപുറത്തുകാരിയായ, വളരെ ഇമോഷണൽ ആയ, അൽപ്പം പിന്തിരിപ്പൻ ചിന്താഗതിയുള്ള, അൺസ്റ്റേബിൾ ആയ വ്യക്തി. രണ്ടാമത്തെയാൾ വളരെ മോഡേൺ ആയ, പുരോഗമനകാരിയായ, വൈകാരിക സ്ഥിരതയുള്ള, ജോലിയിലും ജീവിതത്തിലും കൂടുതൽ എക്സ്പോഷർ ലഭിച്ച വ്യക്തി. അങ്ങനെ എല്ലാ അർത്ഥത്തിലും സമൂഹത്തിന്റെ രണ്ട് തലങ്ങളിൽ നിൽക്കുന്ന രണ്ട് സ്ത്രീകൾ. അതുകൊണ്ടുതന്നെ ഇവർ തമ്മിലെ പ്രശ്നങ്ങൾക്കും വ്യത്യസ്ത തലങ്ങളുണ്ട്.
വീട്ടിലെ ഭൂരിഭാഗം ആളുകൾക്കും താല്പര്യമുള്ള, പവർഫുൾ ആയ, പറയുന്ന കാര്യങ്ങൾക്ക് വീട്ടിലുള്ളവർ വിലകല്പിക്കുന്ന വ്യക്തിയാണ് ജിസേൽ. വീട്ടിലെ കൂടുതൽ ആളുകളും ടാർഗറ്റ് ചെയ്യുന്ന, ഗ്രൂപ്പ് കൂടി ആക്രമിക്കുന്ന വ്യക്തിയാണ് അനുമോൾ.
നാലാഴ്ച കൊണ്ടുതന്നെ വീട്ടിൽ ഒരധികാരം സ്ഥാപിക്കാൻ ജിസേലിന് കഴിഞ്ഞിട്ടുണ്ട്. അതിനവർ ഉപയോഗിക്കുന്ന സ്ട്രാറ്റജികൾ പലതാണ്. ആര്യൻ, റെന, അക്ബർ, അപ്പാനി ശരത്, ബിന്നി, നെവിൻ തുടങ്ങി വീട്ടിലെ വലിയൊരു വിഭാഗം ആളുകളിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള ആളാണ് ജിസേൽ. ഈ ഗ്രൂപ്പിന് പുറത്തുനിൽക്കുന്ന ഒനീൽ സാബു, ശൈത്യ, അഭിലാഷ് എന്നിവരും ജിസേലിന്റെ സ്വാധീനവലയത്തിൽ ഏറെക്കുറെ ഉൾപ്പെടുന്ന ആളുകളാണ്. ജിസേൽ ആണ് ഈ ഗ്രൂപ്പിലെ ഏറ്റവും സ്ട്രോങ്ങ് ആയ, അതിലുള്ളവരെ മാനിപുലേറ്റ് ചെയ്ത് കളിക്കാൻ കഴിവുള്ള വ്യക്തി. പക്ഷേ അവരുടെ ഏറ്റവും വലിയ പവർ, ജിസേൽ ആണ് ഇവരെ നിയന്ത്രിക്കുന്നതെന്നോ തങ്ങൾ ജിസേലിനുവേണ്ടിയാണ് കളിക്കുന്നത് എന്നോ ഗ്രൂപ്പിലെ മറ്റുള്ളവരൊന്നും ഇപ്പോൾപ്പോലും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ്. ഹിന്ദി ബിഗ് ബോസിൽ പങ്കെടുത്തിട്ടുള്ള ജിസേലിന് ഈ ഗെയിം എന്താണെന്നും എങ്ങനെയാണെന്നും വ്യക്തമായ ധാരണകളുണ്ട്. അതുകൊണ്ടുതന്നെ തിരിഞ്ഞുകൊത്തുന്ന ഒരു കാര്യവും പരമാവധി ചെയ്യാതിരിക്കാനും ചെയ്ത കാര്യങ്ങൾ മാനിപ്പുലേറ്റ് ചെയ്ത് അവതരിപ്പിക്കാനും ജിസേലിന് കഴിയുന്നുമുണ്ട്. അനുമോളെ ടാർഗറ്റ് ചെയ്ത് ബുള്ളി ചെയ്യുന്ന ആര്യൻ, റെന, അപ്പാനി, അക്ബർ എന്നിവർക്ക് സത്യത്തിൽ അനുമോളുമായി നേരിട്ട് പ്രശ്നങ്ങളില്ല. ജിസേലുമായുള്ള അനുവിന്റെ പ്രശ്നങ്ങളുടെ തുടർച്ചയാണ് ഇവർക്ക് അനുവിനോടുള്ള വിരോധം. എന്നാൽ അനുവിനെ പിന്നാലെ നടന്ന് ഇറിറ്റേറ്റ് ചെയ്യുന്നവരിൽ ജിസേൽ അധികം ഉൾപ്പെടാതിരിക്കാൻ ശ്രദ്ധിക്കാറുമുണ്ട്. ഇത്തരത്തിൽ തനിക്കൊപ്പമുള്ളവരെ ഉപയോഗിച്ച് തന്റെ ആവശ്യങ്ങൾ വിദഗ്ധമായി നേടിയെടുക്കാൻ കഴിവുള്ള ആളാണ് ജിസേൽ. ഒരു ഗെയ്മർ എന്ന നിലയിൽ ജിസേലിനോട് പ്രേക്ഷകർക്ക് വലിയ താല്പര്യവും ഉണ്ട്. പക്ഷേ തനിക്കൊപ്പം ഉള്ളവരെ നെഗറ്റീവ് ആക്കിമാറ്റുന്ന തരം ഗെയിം ആണ് സത്യത്തിൽ ജിസേൽ കളിക്കുന്നത്. അതുകൊണ്ടുതന്നെ ജിസേലിനോട് താല്പര്യമുള്ള പ്രേക്ഷകരിൽ ഭൂരിഭാഗത്തിനും ജിസേലിനോട് ഏറ്റവും അടുപ്പമുള്ള ആളുകളോട് ഈ താല്പര്യം തോന്നില്ല. എതിർവശത്ത് നിന്നുകളിക്കുന്നവരേക്കാൾ ജിസേലിന്റെ ഗെയിം ബാധിക്കുന്നത് അവർക്കൊപ്പം നിൽക്കുന്നവരെത്തന്നെയാണെന്ന് സാരം. ഇമോഷണലി വളരെ സ്ട്രോങ്ങ് ആണ് എന്നതും ജിസേലിന്റെ അഡ്വാന്റേജ് ആണ്. മേക്കപ്പ് എന്ന വിഷയത്തിലൊഴികെ മറ്റൊന്നിലും ജിസേൽ ട്രിഗർ ആവുന്നത് കണ്ടിട്ടില്ല. കൃത്യമായി ആളുകളെ ടാർഗെറ്റ് ചെയ്തുകൊണ്ടുള്ള കളിയാണ് ജിസേലിന്റേത്. നിലവിൽ അനുമോൾ, ആദില, നൂറ എന്നിവരാണ് ജിസേലിന്റെ ടാർഗെറ്റ്. മലയാളം അത്ര നന്നായി പറയാൻ അറിയാഞ്ഞിട്ടുപോലും ആ വീട്ടിലെ ഏറ്റവും വ്യക്തമായും കൃത്യമായും പോയിന്റുകൾ പറയുന്ന ആളും ജിസേൽ തന്നെ. എന്ത് എവിടെ എപ്പോഴാണ് ഉപയോഗിക്കേണ്ടതെന്ന നല്ല ധാരണ ജിസേലിനുണ്ട്.
ഇനി അനുവിലേക്ക് വന്നാൽ, ജിസേലിനുള്ള അഡ്വാന്റേജുകൾ തന്നെയാണ് അനുമോളുടെ ഡിസ്അഡ്വാന്റേജ്കൾ എന്ന് ചുരുക്കി പറയാം. ജിസേലിനുള്ളതുപോലെ ഒരു ഗ്രൂപ്പിനുള്ളിൽ കമാൻഡിങ് പവർ ഒന്നും ഇല്ലാത്തയാളാണ് അനുമോൾ. അതുകൊണ്ടുതന്നെ അനുവിന്റെ ഗ്രൂപ്പിലെ പവർഫുൾ ആളും അനുവല്ല. വളരെ പെട്ടന്ന് കരയുന്ന, ഇമോഷണലി വളരെ വീക്കായ വ്യക്തിയാണ് അനു. ഇമോഷണൽ ആകുന്ന സമയത്ത് എന്തും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അനുവിന്റെ സ്വഭാവം പലപ്പോഴും അവർക്കുതന്നെ തിരിച്ചടിയാകുന്നുമുണ്ട്. കാര്യങ്ങൾ നന്നായി സംസാരിച്ച് ഫലിപ്പിക്കാനുള്ള കഴിവില്ലായ്മയും അനു നേരിടുന്ന പ്രശ്നമാണ്. ഡിബേറ്റ് ടാസ്ക്കിലടക്കം ഇത് വീടിനകത്തും പുറത്തുമുള്ളവർക്ക് ബോധ്യപ്പെട്ടതുമാണ്. ഈ ഗെയ്മിനെക്കുറിച്ച് കൃത്യമായ ധാരണയോടെയല്ല അനു പലപ്പോഴും പെരുമാറുന്നതും സംസാരിക്കുന്നതും. വളരെ ഇംപൾസിവ് ആയ ക്യാരക്ടർ ആണ് അനുമോളുടേത്. ഇതുതന്നെയാണ് ഒരുവിഭാഗം ആളുകൾക്ക് അവരോട് താല്പര്യമുണ്ടാക്കുന്നതും മറ്റുചിലർക്ക് അവരോട് താല്പര്യക്കേടുണ്ടാക്കുന്നതും. ഈ ഗെയിമിൽ അത്തരം പെരുമാറ്റം പ്രശ്നമാകുമ്പോൾത്തന്നെ അനുമോൾ ജെനുവിൻ ആയ ഒരാളാണ് എന്ന് പലർക്കും തോന്നുന്നുണ്ട്.
വീട്ടിലെ ഏറ്റവും സ്ട്രോങ്ങ് മത്സരാർത്ഥിയായ ജിസേലിനെതിരെ നേരിട്ട് ഗെയ്മിലേക്കിറങ്ങി എന്നതുതന്നെയാണ് അനുമോളുടെ പ്രധാന പോസിറ്റീവ്. അത് അവർ അറിഞ്ഞുകൊണ്ട് ചെയ്തതാണോ അതോ അറിയാതെയങ്ങ് സംഭവിച്ചുപോയതാണോ എന്നത് വേറെ ചോദ്യം. ഏതായാലും ഇത് അനുവിനെ വീട്ടിലുള്ള ബഹുഭൂരിപക്ഷത്തിന്റെയും ടാർഗെറ്റ് ആക്കി മാറ്റുകയും തുടർച്ചയായി മറ്റുള്ളവർ അനുവിനെ കൂട്ടം ചേർന്ന് പ്രകോപിപ്പിക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. ഇതും പ്രേക്ഷകർക്ക് അനുവിനോട് സിമ്പതി തോന്നാനും അനു ഒറ്റപ്പെടുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെടാനും വഴിയൊരുക്കി. സത്യത്തിൽ ആവറേജ് ഗെയ്മർ ആയ അനുവിന്റെ തലവര മാറ്റിയത് ജിസേലിന്റെ മേക്കപ്പ് തന്നെയാണ്. വൈൽഡ് കാർഡുകൾ കൂടി വന്നതോടെ ജിസേൽ vs അനുമോൾ എന്ന സമവാക്യത്തിന്റെ ഭാവി എന്താകുമെന്ന് നോക്കാം.