
തീപാറുന്ന ഏറ്റുമുട്ടലുകൾക്കും നാടകീയതകൾക്കുമെല്ലാം ശേഷം ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാൻഡ് ഫിനാലെയിലേയ്ക്ക് എത്തിയിരിക്കുകയാണ്. 2025 ഓഗസ്റ്റ് 3 ന് പ്രീമിയർ ചെയ്തതു മുതൽ മോഹൻലാൽ ഹോസ്റ്റ് ചെയ്യുന്ന ഈ ഷോ മലയാളികൾ ഏറ്റെടുത്തിരുന്നു. വൈകാരിക നിമിഷങ്ങൾക്കും ട്വിസ്റ്റുകൾക്കും ഏറ്റുമുട്ടലുകൾക്കുമെല്ലാം ഒടുവിൽ അഞ്ച് മികച്ച മത്സരാർത്ഥികൾ ഗ്രാൻഡ് ഫിനാലെയിൽ എത്തിയിരിക്കുകയാണ്. വിജയിയെ അറിയാനുള്ള കാത്തിരിപ്പാണ് ഇനി.
ഇത്തവണ ബിഗ് ബോസ് ട്രോഫി ആര് ഉയർത്തുമെന്ന് കാണാൻ എല്ലാവരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനീഷ്, നെവിൻ, അക്ബർ, ഷാനവാസ്, അനുമോൾ എന്നീ ഫൈനലിസ്റ്റുകൾ സീസണിലുടനീളം ഗംഭീരമായ പ്രകടനമാണ് പുറത്തെടുത്തത്. ആര് വിന്നറാകും എന്നതിനെ കുറിച്ചുള്ള പോളുകളും പ്രവചനങ്ങളും ഫാൻ ഫൈറ്റുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. ഏതായാലും അതിമനോഹരമായ ഫിനാലെ നൈറ്റിനായി ബിഗ് ബോസ് ഷോ ഒരുങ്ങുകയാണ്. എല്ലാ പിരിമുറുക്കങ്ങൾക്കും കാത്തിരിപ്പുകൾക്കും ഇടയിൽ കൗതുകം ഒരുപടി കൂടി ഉയർത്തിയാലോ?
ബിഗ് ബോസ് മലയാളം സീസൺ 7ൽ ആരാണ് വിജയിക്കുക എന്ന് അറിയാൻ ചാറ്റ് ജിപിടിയോടും എഐയോടും തന്നെ ചോദിച്ച് നോക്കാം. നിലവിലുള്ള ട്രെൻഡുകൾ, ആരാധക വോട്ടുകൾ, ജനപ്രീതി എന്നിവ വിശകലനം ചെയ്ത് എഐ ഒരു വിന്നറെ തിരഞ്ഞെടുത്തിട്ടുണ്ട്. അനൗദ്യോഗികമായ പോളുകൾ പ്രകാരം കോമണറായി എത്തിയ അനീഷ് വിജയിക്കുമെന്നാണ് ജെമിനി എഐ പറയുന്നത്. രണ്ടാം സ്ഥാനത്ത് അനുമോൾ എത്തുമെന്നാണ് ജെമിനിയുടെ വിലയിരുത്തൽ. അതേസമയം, ചാറ്റ് ജിപിടിയും സമാനമായ അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. 34.3 ശതമാനം വോട്ടുകളുമായി അനീഷ് വിന്നറാകുമെന്നാണ് ചാറ്റ് ജിപിടി പറയുന്നത്. അനുമോൾ, അനീഷ്, അക്ബർ എന്നീ മൂന്ന് ശക്തരായ മത്സരാർത്ഥികളെയാണ് ചാറ്റ് ജിപിടി ഷോർട്ട്‌ലിസ്റ്റ് ചെയ്തത്. ജെമിനിയുടെയും ചാറ്റ് ജിപിടിയുടെയും പ്രവചനങ്ങൾ ഫലിക്കുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം.