
ബിഗ് ബോസ് മലയാളം സീസൺ തുടങ്ങുന്നതിനു മുൻപ് പ്രഡിക്ഷൻ ലിസ്റ്റിൽ ഉയർന്നുകേട്ട പേരായിരുന്നു സോഷ്യൽ മീഡിയ താരവും അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധിയുടേത്. പ്രവചനങ്ങൾ ശരിവെച്ച് രേണു ബിഗ്ബോസിൽ എത്തുകയും ചെയ്‍തു. എന്നാൽ ഓണം സ്പെഷ്യൽ എപ്പിസോഡിൽ വെച്ച് രേണു സുധി സ്വമേധയാ ഷോയിൽ നിന്ന് വാക്കൗട്ട് ചെയ്യുകയാണ് ഉണ്ടായത്. അതിനകം തന്നെ ഹൗസിന് പുറത്ത് ഒരുപാട് വിമര്‍ശനങ്ങളും കളിയാക്കലുകളും രേണു ഏറ്റുവാങ്ങിയിരുന്നു.
എന്നാല്‍, സീസണ്‍ അവസാനത്തോട് അടുത്തപ്പോൾ ബിഗ് ബോസിൽ നടത്തിയ റീ എൻട്രിയിലൂടെ എല്ലാവരുടെയും കയ്യടി നേടുകയാണ് രേണു. പക വീട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെ പലരും ബിഗ് ബോസ് ഹൗസിലേക്കുള്ള റീ എൻട്രി നടത്തിയപ്പോൾ സന്തോഷം വാരി വിതറുകയായിരുന്നു രേണു. ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഒരാളെക്കുറിച്ച് പോലും മോശമായി സംസാരിക്കുകയോ, ആരോടും ദേഷ്യമോ വെറുപ്പോ കാണിക്കാതിരിക്കുകയോ ചെയ്ത ഒരേയൊരു മത്സരാർത്ഥിയാണ് രേണു സുധിയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. പാട്ട് പാടി എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു രേണു.
സുധി മരിച്ചപ്പോൾ ഉണ്ടായ തരം ട്രോമയായിരുന്നു ബിഗ്ബോസ് ഹൗസിനുള്ളിൽ വെച്ച് തനിക്ക് തോന്നിയതെന്ന് ഹൗസിൽ നിന്ന് പുറത്ത് വന്ന ശേഷം രേണു പറഞ്ഞിരുന്നു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച് അഭിമുഖത്തിലായിരുന്നു പ്രതികരണം. മുപ്പത്തിയഞ്ച് ദിവസം മുപ്പത്തിയഞ്ച് വർഷം പോലെ തോന്നുന്നു. നൂറ് ദിവസം ഹൗസിൽ കഴിയുന്നവരെ സമ്മതിക്കണം. നൂറ് ദിവസം നിൽക്കുന്നവർ നിൽക്കട്ടെ. അതിൽ എനിക്ക് സന്തോഷം മാത്രം. അവർ മെന്റലി ഓക്കെയായിരിക്കും. എനിക്ക് പക്ഷെ ഓക്കെയായിരുന്നില്ല. സുധി ചേട്ടൻ മരിച്ച സമയം ഉണ്ടായ തരം ട്രോമയിലേക്ക് വന്നതുപോലെ ഒരു ഫീലായിരുന്നു. പുറത്തുള്ളപ്പോൾ മെന്റലി സ്ട്രോങ്ങാണെങ്കിലും അകത്ത് കയറിയാൽ ചിലർ ഡൗണായിപ്പോകും. ചിലർ അവിടെ അതിജീവിക്കും''., രേണു സുധി പറഞ്ഞു.