
ബിഗ് ബോസ് സീസൺ 7. ഏഴിന്റെ പണിയുമായി കാത്തിരിക്കുന്ന മോഹൻലാലിന്റെ മടയിലേയ്ക്ക് എത്തുന്ന മത്സരാർത്ഥികൾ. ആര് വാഴും ആര് വീഴും എന്നറിയില്ലെങ്കിലും പുതിയ സീസൺ ദാ ഇന്ന് മുതൽ തുടങ്ങുകയാണ്. ഇക്കുറി മത്സരം തീപാറുമെന്ന സൂചനയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7ന്റെ പ്രമോയടക്കമുളള കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. മത്സരം പൊടിപാറണമെങ്കില്‍ ടാസ്‌കുകള്‍ മാത്രം മികച്ചതായാല്‍ പോര, മത്സരാര്‍ത്ഥികളും അതിനൊത്തവരായിരിക്കണം.
ഇത്തവണ ഹൗസിൽ എത്തുന്ന മത്സരാർഥികളിൽ പ്രധാനപ്പെട്ട ഒരാളെപ്പറ്റിയാണ് പറയാൻ പോകുന്നത്. പ്രെഡിക്ഷൻ ലിസ്റ്റുകളിൽ നിറഞ്ഞു നിന്ന പേര്... ഹൗസിനുള്ളിലും പുറത്തും ആരാധകരെ നിഷ്പ്രയാസം കയ്യിലെടുക്കാൻ കെൽപ്പുള്ള ഒരാൾ...ചുറു ചുറുക്കുള്ള ചെറുപ്പക്കാരൻ... മോഡൽ , സിനിമാനടൻ...സ്പോർട്സ്, ഡാൻസ്, നാടകം തുടങ്ങിയ മേഖലകളിലും പ്രാവീണ്യം.... ആരാണത്? അധികം വലിച്ച് നീട്ടാതെ നമുക്ക് ആ പേര് പറയാം ...യൂത്ത് ഐക്കൺ , യങ്, ചാം ആൻഡ് ഹോട് ആര്യൻ കദൂരിയ.
ഇനി ആര്യൻ ചെയ്‍ത സിനിമകളെപ്പറ്റി ഒന്ന് നോക്കിയാലോ?
ഒരു നടനെന്ന നിലയിലുള്ള ആര്യന്റെ യാത്ര വളരെ ശ്രദ്ധേയമാണ്. അവിസ്‍മരണീയമായ വേഷങ്ങളും അഭിനയവും കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ആര്യന് കഴിഞ്ഞിട്ടുണ്ട്. 50 ൽ അധികം പരസ്യ ചിത്രങ്ങളിൽ മുഖം കാണിച്ച ആര്യൻ പതിയെ സിനിമയിൽ ചുവടുറപ്പിക്കുകയായിരുന്നു.
നിവിൻപോളി നായകനായെത്തിയ "1983"എന്ന ചിത്രത്തിലൂടെയാണ് ആര്യൻ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. തുടർന്ന് "ഓർമ്മകളിൽ", "ഫാലിമി" എന്നീ ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ച വെച്ചു. ഈ വർഷം റിലീസ് ആയ വടക്കൻ എന്ന ചിത്രത്തിലും ആര്യൻ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. 2022 ൽ ആമസോൺ പ്രൈം ഡേറ്റിംഗ് റിയാലിറ്റി ഷോയായ 'ഡേറ്റ് ബാസി' യിലും ആര്യൻ കദൂരിയ പ്രത്യക്ഷപ്പെട്ടിരുന്നു.
പരസ്യ ചിത്രങ്ങളിലും സിനിമയിലും മാത്രമല്ല മോഡലിംഗിലും ആര്യൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്‍കീ ഐസ്ക്രീമിന്റെ മുഖമായി തിളങ്ങിയ ആര്യനിൽ നിന്നും വടക്കനിലെ പ്രധാന കഥാപാത്രമായി എത്തി നിൽക്കുന്ന ആര്യനിലേക്കുള്ള ദൂരം ചെറുതല്ല. സ്പോർട്‍സ്, ഡാൻസ്, നാടകം എന്നീ മേഖലകളിലും ആക്റ്റീവ് ആയ ആര്യന്റെ കളി ഇനി ബിഗ് ബോസ്സിലാണ്. മറ്റ് മത്സരാർത്ഥികൾക്കൊപ്പം പിടിച്ച് നിൽക്കാൻ ആര്യന് കഴിയുമോ ? ലവ് ട്രാക്കും, വിക്‌ടിം ട്രാക്കും, പെങ്ങളൂട്ടി ട്രാക്കും ഒന്നുമില്ലാതെ പുതിയ കളിയും പുതിയ തന്ത്രവുമായി ആര്യൻ ജയിച്ച് മുന്നേറുമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക