
ബിഗ് ബോസ് മലയാളം സീസൺ 7 ഒൻപത് ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. നിലവിൽ ഫാമിലി വീക്കാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനകം പല മത്സരാർത്ഥികളുടേയും വീട്ടുകാർ ബിഗ് ബോസ് ഹൗസിൽ എത്തി കഴിഞ്ഞു. ഇതിനിടയിൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 7ലെ ശ്രദ്ധേയ മത്സരാർത്ഥികളിലൊരാളായ അനുമോളുടെ ഇൻസ്റ്റാഗ്രാം പേജിലാണ് പോസ്റ്റ് വന്നിരിക്കുന്നത്. നിലവിൽ ഈ പേജ് കൈകാര്യം ചെയ്യുന്നത് അഡ്മിനാണ്.
ടീം അനുമോൾ എന്ന് കുറിച്ചാണ് പ്രസ്താവന തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച എവിക്ട് ആയ ജിഷിന്റെ എവിക്ഷന് പിന്നിൽ അനുമോളുടെ ആരാധകരാണെന്ന തരത്തിലുള്ള പ്രചാരണത്തിന് മറുപടിയാണ് പ്രസ്താവന. അനുമോളുടെ പേരിനെ കളങ്കപ്പെടുത്താനുള്ള ആരോപണമാണിതെന്നും തങ്ങൾ ആർക്കുവേണ്ടിയും ക്യാൻവാസ് ചെയ്യുകയോ എതിരായി പ്രചാരണം നടത്തുകയോ ചെയ്യുന്നില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.
"അനുമോളുടെ ആരാധകര്‍ ജിഷിന്‍റെ എവിക്ഷന് പിന്നില്‍ ഉണ്ടെന്നാരോപിച്ച് ചില സ്ക്രിപ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ വസ്തുതകള്‍ വ്യക്തമാക്കുകയാണ് ഞങ്ങള്‍. അനുമോളുടെ ഫാന്‍സ് /ആര്‍മി വിവിധ ഗ്രൂപ്പുകളിലായി 6500ലധികം അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്. അവയില്‍ മറ്റ് മത്സരാര്‍ത്ഥികളുടെ ആരാധകരും പിആര്‍ ടീമുകളും ഉള്‍പ്പെട്ടിരിക്കുന്നു. അടുത്തിടെ ഒരു ഗ്രൂപ്പില്‍ നിന്ന് ഒരു വോയ്സ് നോട്ട് ലീക്കായി. അവിടെ ഒരാള്‍ മറ്റൊരു മത്സരാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അത്തപരം പ്രൃത്തി കണ്ടെത്തിയതിന് ശേഷം, ചൊവ്വാഴ്ച തന്നെ ആ വ്യക്തിയെ എല്ലാ ഗ്രൂപ്പുകളില്‍ നിന്നും നീക്കി. ഞങ്ങള്‍ ആര്‍ക്കും വേണ്ടി കാന്‍വാസ് ചെയ്യുകയോ എതിരായി പ്രചാരണം നടത്തുകയോ ചെയ്യുന്നില്ല. അനുമോളിന്‍റെ ഗ്രൂപ്പുകളില്‍ സംഘടിതമായ ഒരു കാമ്പെയിന്‍ ഇല്ല. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഗ്രൂപ്പുകളില്‍ ചേരുകയും സംഭാഷണങ്ങള്‍ പരിശോധിക്കുകയും ചെയ്യാം. അവിടെ ഇത്തരം പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് കാണാം. അനുമോളിന്‍റെ പേരിനെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങള്‍ മാത്രമാണ് ഇത്തരം ആരോപണങ്ങള്‍. ഞങ്ങള്‍ വസ്തുതകളോട് കൂടി ഒന്നിച്ചു നില്‍ക്കും. ഇത്തരം വ്യാജ പ്രചരങ്ങള്‍ ഞങ്ങള്‍ക്ക് ഞങ്ങളെ തകര്‍ക്കാന്‍ കഴിയില്ല", എന്നായിരുന്നു പ്രസ്താവന.