
ബിഗ് ബോസ് മലയാളം ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ സീസണ്‍ 7 ആരംഭിച്ചിരിക്കുകയാണ്. എല്ലാ സീസണുകളിലെയുംപോലെ ലോഞ്ച് എപ്പിസോഡില്‍ കാണികള്‍ ഏറ്റവും കാത്തിരിക്കുന്നത് മത്സരാര്‍ഥികള്‍ ആരൊക്കെയെന്ന് അറിയാനാണ്. ഇപ്പോഴിതാ സീസണ്‍ 7 ലെ ഒരു ശ്രദ്ധേയ മത്സരാര്‍ഥിയെക്കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് അവതാരകനായ മോഹന്‍ലാല്‍. നെവിന്‍ എന്ന നെവിന്‍ കാപ്രേഷ്യസ് ആണ് അത്. ഫാഷന്‍ കൊറിയോഗ്രാഫര്‍, സ്റ്റൈലിസ്റ്റ്, കലാസംവിധായകന്‍ അങ്ങനെ നീളുന്നു അടിമുടി കലാകാരനായ ഈ വ്യക്തി പ്രവര്‍ത്തിക്കുന്ന വിവിധ മേഖലകള്‍.
പല വഴികളിലൂടെയുള്ള നിതാന്ത സഞ്ചാരമാണ് നെവിന്‍റെ കലാജീവിതം. ഫാഷന്‍ കൊറിയോഗ്രാഫര്‍, സ്റ്റൈലിസ്റ്റ്, ആര്‍ട്ട് ഡയറക്ടര്‍ എന്നതിനൊപ്പം പേജന്‍റ് ഗ്രൂമറും ലൈസന്‍സ്ഡ് സൂംബ പരിശീലകനും ഇന്‍റീരിയര്‍ ഡിസൈനിംഗില്‍ ബിരുദധാരിയുമൊക്കെയാണ് നെവിന്‍. കലാജീവിതത്തെ പ്രൊഫഷണലായി സമീപിക്കുന്ന ആളാണ് നെവിന്‍. മോഡലിംഗ് രംഗത്തേക്ക് വരുന്ന പുതിയ ആളുകള്‍കള്‍ക്ക് ഗ്രൂമിംഗും പരിശീലനവുമൊക്കെ നല്‍കുന്ന ഒരു മോഡലിംഗ് ഹബ്ബ് അദ്ദേഹം നടത്തുന്നുണ്ട്.
ഇതൊക്കെയുണ്ടെങ്കിലും നര്‍ത്തകന്‍ എന്നതാണ് നെവിന്‍റെ പ്രധാന ഐഡന്‍റിറ്റി. നൃത്തത്തിലൂടെ ആരോഗ്യ പരിപാലനം നടത്തുന്ന ഡാന്‍സ് ഫിറ്റ്നസ് മേഖലയില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നെവിന്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളില്‍ ഒരു വിഭാഗത്തിന് പരിചിതനായിരിക്കും. നൃത്തത്തിന്‍റെ റീല്‍സ് വീഡിയോകള്‍ അദ്ദേഹം പലപ്പോഴും ഇന്‍സ്റ്റയിലൂടെ പങ്കുവെക്കാറുണ്ട്. ചില സിനിമകളില്‍ നൃത്ത സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇതിനൊക്കെ പുറമെ അഭിനയത്തിലും ആലാപനത്തിലുമൊക്കെ താല്‍പര്യമുള്ള ആളാണ് നെവിന്‍. അത്തരത്തിലുള്ള പ്രകടനങ്ങളുടെയും വീഡിയോകള്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെക്കാറുണ്ട് നെവിന്‍. അഭിനേതാവ് എന്ന നിലയില്‍ കഴിവ് തെളിയിക്കാനുള്ള താല്‍പര്യം പറയാതെ പറയുന്നതുപോലെയാണ് ആ വീഡിയോകള്‍. വലിയൊരു വിഭാഗം പ്രേക്ഷകര്‍ക്ക് നെവിന്‍ തീര്‍ത്തും പുതുമുഖം ആയിരിക്കാമെങ്കിലും ബിഗ് ബോസ് പ്രേക്ഷകരില്‍ ഒരു വിഭാഗത്തിന് അദ്ദേഹത്തെ പരിചയമുണ്ടാവും. ബിഗ് ബോസ് മുന്‍താരം അഭിഷേക് ജയദീപിനൊപ്പം നെവിന്‍ പലപ്പോഴും ഇന്‍സ്റ്റഗ്രാം വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കലാപ്രകടനങ്ങള്‍ക്ക് കഴിവുള്ള മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസില്‍ എപ്പോഴും ആരാധകരെ നേടാന്‍ സാധിക്കാറുണ്ട്. പെര്‍ഫോമന്‍സ് ആവശ്യപ്പെടുന്ന നിരവധി ടാസ്കുകള്‍ ഷോയില്‍ ഉണ്ടാവും എന്നതാണ് അതിന് കാരണം. എന്നാല്‍ പല വ്യത്യാസങ്ങളുമായി എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സീസണ്‍ 7 ല്‍ അതിനൊക്കെയുള്ള ഇടം ഉണ്ടാവുമോ എന്ന് കണ്ടറിയണം.