
മൂന്ന് മാസത്തോളം നീണ്ട കാത്തിരിപ്പിന് നാളെ വിരാമമാകുകയാണ്. ബിഗ് ബോസ് മലയാളം സീസൺ 7ന്റെ ടൈറ്റിൽ ആര് നേടുമെന്ന് നാളെ അറിയാം. അനുമോൾ, അനീഷ്, ഷാനവാസ്, അക്ബർ, നെവിൻ എന്നിവരാണ് ടോപ് 5ൽ എത്തിയിരിക്കുന്നത്. ഇന്ന് ബിഗ് ബോസ് സീസൺ 7ന്റെ അവസാന എപ്പിസോഡ് ആയിരുന്നു. കഴിഞ്ഞ 100 ദിവസത്തോട് അടുപ്പിച്ച് പ്രേക്ഷകർ കണ്ടുകൊണ്ടിരുന്ന 24x7 ഡെഫേർഡ് ലൈവ് സ്ട്രീമിംഗ് അവസാനിച്ചിരിക്കുകയാണ്. ഇക്കാര്യം പറഞ്ഞ് പ്രേക്ഷകർക്ക് നന്ദി പറഞ്ഞായിരുന്നു ബിഗ് ബോസ് ഇന്ന് അവസാന എപ്പിസോഡ് അവസാനിപ്പിച്ചത്.
"ഏഴിന്റെ പണിയുടെ ബിഗ് ബോസ് മലയാളം സീസൺ 7 തുടക്കം മുതൽ ഈ നിമിഷം വരെ ജിയോ ഹോട്സ്റ്റാറിലൂടെ 24 മണിക്കൂറും നിങ്ങളെ കണ്ടു കൊണ്ടിരുന്ന ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പ്രേക്ഷരുണ്ട്. ഓരോ ദിവസവും അത് കൂടി കൊണ്ടേയിരുന്നു. ടെലിവിഷനിലെ ഒന്നര മണിക്കൂർ മാത്രം ദൈർഘ്യമുള്ള എപ്പിസോഡുകളിൽ ഉൾപ്പെടുത്താനാകാത്ത നിങ്ങളുടെ കളിചിരി തമാശകളും ഇണക്കങ്ങളും പിണക്കങ്ങളും സന്തോഷവും സങ്കടവുമെല്ലാം ജിയോ ഹോട്സ്റ്റാറിലൂടെയാണ് 24 മണിക്കൂറും പ്രേക്ഷകർ കണ്ടത്. അതിൽ പലതും സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറുകയും ചെയ്തു. അത്തരത്തിൽ ഒരു മികച്ച കാഴ്ചവിരുന്ന് പ്രേക്ഷകർക്ക് സമ്മാനിക്കാനായതിൽ നിങ്ങൾക്ക് അഭിമാനിക്കാം. ഇനി ഫിനാലെ മാത്രം ബാക്കി. ഇത്രയും നാൾ 24 മണിക്കൂറും നിങ്ങളെ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള ജിയോ ഹോട്സ്റ്റാർ സ്ട്രീമിംഗ് ഇതോടെ അവസാനിക്കുകയാണ്. എല്ലാ പ്രേക്ഷകർക്കും ഒരായിരം നന്ദി. എല്ലാവർക്കും വിജയാശംസകൾ", എന്നായിരുന്നു ബിഗ് ബോസിന്റെ വാക്കുകൾ. ടോപ് 5 മത്സരാർത്ഥികളും പ്രേക്ഷകരോട് നന്ദി പറഞ്ഞു.
ബിഗ് ബോസ് പ്രേക്ഷകരെ സംബന്ധിച്ച് ഏറെ വൈകാരികമായ നിമിഷമായിരുന്നു ഇത്. നിലവിൽ ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ചെയ്യുന്നത് കഴിഞ്ഞ ദിവസങ്ങളിലെ ഭാഗങ്ങളാണ്. നാളെ 7 മണി മുതൽ ഗ്രാന്റ് ഫിനാലെ പ്രേക്ഷകർക്ക് കാണാനാകും. അഖിൽ മാരാർ വിജയിയായ ബിഗ് ബോസ് സീസൺ 5 മുതലായിരുന്നു ലൈവ് സ്ട്രീമിംഗ് ആരംഭിച്ചത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ